മൗനവും മഞ്ഞും മൂടിക്കിടന്ന വാല്‍പ്പാറയിലേക്ക് അതിരപ്പള്ളിയുടെ മാറിലൂടൊരു യാത്ര

ചാലക്കുടിയില്‍ നിന്നും യാത്ര തുടങ്ങുമ്പോള്‍ മനസ്സുനിറയെ കാണാതെ കണ്ട വാല്‍പ്പാറയുടെ സൗന്ദര്യമായിരുന്നു. പശ്ചിമഘട്ടത്തിലെ അണ്ണാമലൈ മലനിരകളിലുള്ള, സമുദ്ര നിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നിടം. പൊള്ളാച്ചിയില്‍ നിന്ന് 65 കിലോ മീറ്റര്‍ മാറി മഞ്ഞുമേഘങ്ങള്‍ തണല്‍ വിരിച്ച ചെറുപട്ടണം. മഴയുടെ നാടായതിനാല്‍ ചിറാപ്പൂഞ്ചി എന്നു പേരുകേട്ട വാല്‍പ്പാറ. മനസ്സില്‍ കാണാന്‍ പോവുന്ന കാഴ്ചകളുടെ കടലിളകി. ചാലക്കുടിക്കും അതിരപ്പളളിക്കുമിടയിലുളള 34 കിലോ മീറ്ററുകള്‍ ഒരല്പം ദീര്‍ഘമായി തോന്നി. പ്രതീക്ഷിക്കാതെ ചാറ്റല്‍ മഴ പെയ്തു തുടങ്ങിയപ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സിന്റെ ഷട്ടറുകള്‍ എല്ലാവരും താഴ്ത്തി തുടങ്ങി. പറഞ്ഞു കേട്ടറിഞ്ഞ വാല്‍പ്പാറയിലെ നൂല്‍മഴയുടെ സൗന്ദര്യം ഓര്‍മ്മിപ്പിക്കാന്‍ പെയ്തതു പോലെ തോന്നി അതിരപ്പളളിയിലെ മഴ.

ചുരങ്ങള്‍ താണ്ടി നീങ്ങുകയാണ് കെ എസ് ആര്‍ ടി സി ബസ്സ്. ഷട്ടര്‍ പൊക്കി നോക്കി. മഴ പെയ്‌തൊഴിഞ്ഞു. അതിരപ്പള്ളി പഞ്ചായത്തിലേക്ക് കടന്നപ്പോള്‍ തെക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം കാറ്റ് കുളിരും കൊണ്ട് വന്നു. ഇരുവശവും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന എണ്ണപ്പനകളും വന്‍ വൃക്ഷങ്ങളും. അങ്ങിങ്ങായി കൂണുപോലെ മുളച്ചുപൊന്തിയ റിസോര്‍ട്ടുകളും ടൂറിസ്റ്റ് ഹോമുകളും. സില്‍വര്‍‌സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും ഡ്രീം വേള്‍ഡും സഞ്ചാരികളെ അതിരപ്പള്ളിയിലേക്ക് ക്ഷണിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്. ഇവയ്ക്ക് അടുത്തു നിന്നു തന്നെ അതിരപ്പള്ളി വെളളച്ചാട്ടത്തിന്റെ ദൂരദൃശ്യം കാണാന്‍ തുടങ്ങി.

അതിരപ്പളളി മാടി വിളിക്കുന്നു
രാവിലെയായതിനാല്‍ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുന്നതേയുള്ളു. പ്രവേശന കവാടത്തില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളും. ക്യാമറയുണ്ടോ മാഷേ ഫോട്ടോയെടുക്കാന്‍ എന്നു ചോദിച്ചുകൊണ്ട് ആ കൊമ്പന്‍ മീശക്കാരന്‍ 10 രൂപയുടെ ടിക്കറ്റ് മുറിച്ചു തന്നു. ക്യാമറയും കൊണ്ട് അകത്തു കടന്നപ്പോള്‍ ഹര്‍ത്താലിനു വണ്ടിക്ക് കുറുകെ ചാടി വീണ് മുദ്രാവാക്യം വിളിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ വാനരപ്പട ചാടിവീണു. കൈയില്‍ ആഹാരസാധനങ്ങള്‍ ഒന്നുമില്ലെന്ന് കണ്ടപ്പോള്‍ അവ പതുക്കെ നീങ്ങി തുടങ്ങി. എവിടെ ക്യാമറ വെച്ചാലും കാഴ്ചയുടെ സുന്ദരമായ ഫ്രെയിമുകള്‍ കടന്നു വരുന്നു. വടുവൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും സ്വപ്‌നത്തിലെങ്ങോ കണ്ടു മറന്നപോലുള്ള സുന്ദരമായ പാതകളും കാഴ്ചയില്‍ നിറഞ്ഞു.

1959-ന് മുമ്പ് വനപ്രദേശമായിരുന്ന അതിരപ്പള്ളി ഗ്രാമത്തിലെ വനമേഖല വിമുക്ത ഭടന്‍മാര്‍ക്ക് പതിച്ചുനല്‍കിയപ്പോള്‍ നാലര ഏക്കറോളം വരുന്ന ബ്ലോക്കുകള്‍ ഓരോരുത്തര്‍ക്കും കൈവന്നു. ഇവരാണ് ഇവിടത്തെ ഭൂവുടമകളായി മാറിയത്. റോഡ് മാത്രമാണ് പഞ്ചായത്തിലേക്കുള്ള ഏക ഗതാഗതമാര്‍ഗം. ഗോത്രവര്‍ഗസംസ്‌കാരത്തിന്റെയും ദ്രാവിഡ സംസ്‌കാരത്തിന്റെയും അടയാളങ്ങള്‍ ഈ ഗ്രാമത്തില്‍ ഇന്നും കാണാം. കാളിശാസ്താവ്, മുരുകന്‍, ഗണപതി മുതലായവരാണ് വനവാസികളുടെ ആരാധനമൂര്‍ത്തികള്‍. പഞ്ചായത്തിലെ പട്ടിക ജാതിക്കാര്‍ താമസിക്കുന്നത് വെള്ളച്ചാട്ടത്തിനടുത്തുള്ള കണ്ണംകുഴി കോളനിയിലാണ്. മറ്റു പ്രദേശങ്ങള്‍ നിബിഡ വനങ്ങളാണ്. തലേന്നു രാത്രിയിലെ ഉറക്കക്ഷീണം പോലും മാറ്റികളയാനുള്ള ശക്തിയും മനോഹാരിതയും അതിരപ്പള്ളി കാഴ്ചകള്‍ക്ക് ഉണ്ടായിരുന്നു.

സഞ്ചാരികളെ കാത്തിരുന്ന ടാക്‌സികളിലൊന്നില്‍ കയറി വാല്‍പ്പാറ ലക്ഷ്യമാക്കിയുള്ള യാത്ര വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ എത്തിയിരിക്കുന്നു. ചെക്ക് പോസ്റ്റില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാര്‍ ‘തലകുത്തി നിര്‍ത്തി’ പരിശോധിക്കുന്നു. യാത്രികരുടെ വിവരണങ്ങള്‍ വനപാലകര്‍ക്ക് എഴുതി കൊടുക്കണം. വണ്ടിയിലുളള പ്ലാസ്റ്റിക്ക് കുപ്പികളുടേയും ബാഗുകളുടെയും എണ്ണവും. ഷോളയാര്‍ മഴക്കാടുകള്‍ പ്ലാസ്റ്റിക്ക് നിരോധിത മേഖലയായതിനാല്‍ കുപ്പികള്‍ കാട്ടിലുപേക്ഷിച്ചാല്‍ പണികിട്ടുമെന്നുറപ്പ്. മാത്രമല്ല, മദ്യവുമായി കാട്ടില്‍ കയറുവാനും അനുവദിക്കില്ല. കാട്ടിനുള്ളില്‍ വച്ചുള്ള മദ്യപാനം സ്ഥിരം സംഭവമായി മാറുന്നതായി വനപാലകര്‍ പറയുന്നു. ‘പലരും കാട്ടിലേക്ക് വരുന്നത് ആഘോഷിക്കാനാണ്. ആഘോഷിക്കാന്‍ വല്ല വാട്ടര്‍ തീം പാര്‍ക്കിലും പോയാല്‍ പോരെ. വെള്ളമടിച്ച് കാടിളക്കി നടക്കാനല്ല ഈ വഴി പോവേണ്ടത്. കാട് കാണാനാണ്. ആസ്വദിക്കാനാണ്.’ ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് യാത്രാനുമതി വാങ്ങി ആനച്ചൂരുള്ള കാട്ടുപാതയിലൂടെ മൂടിക്കെട്ടിയ മഞ്ഞുമേഘങ്ങളെ വകഞ്ഞുമാറ്റി വണ്ടി ചീറി പായുകയാണ്. കാടിന്റെ നിശബ്ദതയില്‍ ചെന്ന് ഓ… ഇതെന്നാ കാണാനാ എന്നു ചിന്തിക്കുന്നവര്‍ ഈവഴി വരാതിരിക്കുക. ഈ യാത്രയില്‍ നിങ്ങളും നിറങ്ങളും നൂല്‍മഴയും മാത്രമേയുള്ളു. പിന്നെ തോരാതെ പെയ്യുന്ന കാടിന്റെ സംഗീതവും.

മലകയറി…
മൗനം പൂത്തുനില്‍ക്കുന്ന ഗ്രാമത്തിലേക്ക്

തമിഴ്‌നാട് സംസ്ഥാനത്തിലെ കോയമ്പത്തൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റിയാണ് വാല്‍പ്പാറ. പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ വിവിധ സസ്യ-ജന്തു-പക്ഷി വിഭാഗങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് ഈപ്രദേശം. ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായ ഗ്രാസ് ഹില്‍സില്‍ നൂറുകണക്കിനാളുകളാണ് ദിവസേന എത്തുന്നത്. മനുഷ്യ നിര്‍മ്മിതി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ പ്രദേശം പ്രകൃതി രമണീയമാണ്. വാല്‍പ്പാറയുടെ ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.കോയമ്പത്തൂരില്‍ നിന്ന് 100 കിലോ മീറ്ററും പൊള്ളാച്ചിയില്‍നിന്ന് 65 കിലോ മീറ്ററുമാണ് ദൂരം.

1864-ല്‍ കര്‍ണാടിക് കോഫി കമ്പനി വാല്‍പ്പാറയില്‍ വന്‍തോതില്‍ തോട്ടംവാങ്ങി. എന്നാല്‍ കച്ചവടത്തിലുണ്ടായ നഷ്ടത്തെ തുടര്‍ന്ന് പിന്നീട് ഭാഗികമായി തോട്ടം വിറ്റു. 1875ല്‍ ഇംഗ്ലണ്ട് രാജകുമാരനായ എഡ്വേര്‍ഡ് ഏഴാമന്റെ വരവു പ്രമാണിച്ച് വാല്‍പ്പാറയില്‍ റോഡും ഗസ്റ്റ്ഹൗസുകളും നിര്‍മ്മിക്കുകയുണ്ടായി. മാത്രമല്ല ഇവിടെ പട്ടാളനിയമനം നടത്തുകയും ആനകളെയും കുതിരകളെയും ഇവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ രാജകുമാരന്റെ സന്ദര്‍ശനം പിന്നീട് എന്തുകൊണ്ടോ നടക്കാതെ പോയി. 1890-ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ ഡബ്ല്യൂ.വിന്റിലും,നോര്‍ദാനും ചേര്‍ന്ന് വാല്‍പ്പാറയില്‍ ഏക്കറുകണക്കിന് തോട്ടം ബ്രിട്ടീഷ് രാജിന് കീഴിലുള്ള മദ്രാസ് സംസ്ഥാനത്തോട് വാങ്ങി. വലിയൊരു ഭാഗം കാടും വെട്ടിത്തെളിച്ച് ഡബ്ല്യൂ.വിന്റില്‍ വാല്‍പ്പാറയില്‍ കാപ്പിയും തേയിലചെടികളും പിടിപ്പിച്ചു. കാവര്‍ മാര്‍ഷ് എന്ന വിദഗ്ദനായ പ്ലാന്ററാണ് അദ്ദേഹത്തെ കൃഷിയില്‍ സഹായിച്ചത്. പ്രദേശവാസികളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്ന മാര്‍ഷ് പിന്നീട് ആനമലയപ്പന്‍ എന്ന വിളിപ്പേരിലറിയപ്പെട്ടു.

വാഴച്ചാല്‍ കഴിഞ്ഞ് പെരിങ്ങല്‍കൂത്ത് കറന്റ് കമ്പനി പിന്നിട്ടിരിക്കുന്നു. നട്ടുച്ചയ്ക്കു പോലും വെളിച്ചം കടക്കാത്ത വഴിത്താരയിലൂടെയാണ് യാത്ര. ജലകണങ്ങള്‍ പൊഴിയുന്ന ചോലക്കാടുകള്‍. തെളിമയാര്‍ന്ന അരുവികള്‍. കാടിന്റെ സംഗീതം പോലെ ചീവീട് കരച്ചിലും ഓടകള്‍ ഉരയുന്ന ശബ്ദവും. വളവുകള്‍ ത്രസിപ്പിക്കുന്ന കാഴ്ചകളിലേക്കുള്ള വാതിലുകളായി. ഓരോ വളവിലും ആനയെ പ്രതീക്ഷിച്ചു. ഇല്ല, വഴിയില്‍ ആവിപറക്കുന്ന ആനപ്പിണ്ടങ്ങള്‍ മാത്രം. ഒടിഞ്ഞ ഓടകള്‍ ആനകളുടെ സാന്നിധ്യം നിശബ്ദം അറിയിച്ചു.

valparai

മങ്കി വെള്ളച്ചാട്ടം വാല്‍പ്പാറയിലെ പേരുകേട്ടതും ആകര്‍ഷകവുമായൊരു വിനോദ സഞ്ചാര പ്രദേശമാണ്. വാല്‍പ്പാറയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കണ്ണും ക്യാമറയും മത്സരിച്ചു. കാലം നിശ്ചലമായി നില്‍ക്കുന്നതുപോലെ തോന്നും. നമ്മുടെ കുട്ടികള്‍ മൊബൈലില്‍ ആന്‍ഗ്രി ബേര്‍ഡ്‌സും കാന്‍ഡിക്രഷും കളിക്കുമ്പോള്‍ വഴിവക്കില്‍ കണ്ട കുട്ടികള്‍ തല്ലുകൂടിയും ചക്രം ഫിറ്റ്‌ചെയ്തുണ്ടാക്കിയ വണ്ടിയോടിച്ചും ജീവിതം ആഘോഷിക്കുന്നു. കുന്നിന്‍ മുകളില്‍ ചെറിയ കെട്ടിടങ്ങള്‍ പടുത്തുണ്ടാക്കിയ ചെറുപട്ടണം. ഹോംസ്റ്റേകളും,റിസോര്‍ട്ടുകളും കൂണുപോലെയുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നിര്‍മ്മിച്ച് ടൂറിസം വികസനം ഉറപ്പുവരുത്തുകയാണ്.

വാല്‍പ്പാറയില്‍ മിക്കവരും തോട്ടം തൊഴിലാളികളാണ്. തോട്ടകമ്പനികള്‍ ഒരുപാടുള്ള വാല്‍പ്പാറയിലെ പ്രധാന തോട്ടകമ്പനികള്‍ ദി ബോംബെ ബര്‍മ്മ കോര്‍പ്പറേഷന്‍, റ്റാറ്റ ടി എസ്റ്റേറ്റ് ലിമിറ്റഡ്, ടി എസ്റ്റേറ്റ് ഇന്ത്യ ലിമിറ്റഡ്, വുഡ് ബ്രയര്‍ ലിമിറ്റഡ് എന്നിവയാണ്. പ്രശസ്തമായ ബാലാജി ക്ഷേത്രം, പഞ്ചകുഖവിനായക ക്ഷേത്രം എന്നിവിടങ്ങളില്‍ ജാതിഭേദമന്യേയാണ് സഞ്ചാരികള്‍ എത്തുന്നത്. ഒരു സഞ്ചാരി പറഞ്ഞതുപോലെ ഒരൊറ്റ കുതിപ്പിന് ഒരിക്കലും അവസാനിക്കാത്ത താഴ്ചയിലേക്ക് പറക്കാന്‍ ഭ്രമിപ്പിക്കുന്നതാണ് സൂയിസൈഡ് പോയന്റായ നല്ലമുടി പൂഞ്ചോല.

nallamudi

നീലാകാശത്തിനുകീഴെ പലതരം പച്ചകള്‍. തേയിലതോട്ടങ്ങളുടെ ഇളം പച്ച, കാപ്പിതോട്ടങ്ങളുടെ കടും പച്ച. ചുരം തിരിച്ചിറങ്ങുമ്പോള്‍ കാണാതെ പോയ കാഴ്ച്ചകളെ കുറിച്ചോര്‍ത്തു. റോഡിനു കുറുകെ നടന്നു പോകുന്ന ആന, തലയിളക്കി പായുന്ന കാട്ടുപോത്ത്, പിന്നെ കടുവയുടെ മുരള്‍ച്ചയും. കുസൃതിയായ കുഞ്ഞിനെ പോലെ കാട് തന്റെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളെല്ലാം ഒളിപ്പിച്ചു വച്ചതായിരിക്കാം.

DONT MISS
Top