മഴ പെയ്തിട്ടും തിരൂരങ്ങാടി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

water

മലപ്പുറം: വേനല്‍മഴ പലതവണ പെയ്‌തെങ്കിലും മലപ്പുറം തിരൂരങ്ങാടി മേഖലയിലെ കുടിവെളള പ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച രൂക്ഷമായ കുടിവെളള ക്ഷാമത്തിന് മേഖലയില്‍ ഇപ്പോഴും ശമനമായിട്ടില്ല. ഇതിനിടെ പലതവണ വേനല്‍മഴ പെയ്‌തെങ്കിലും മേഖലയില്‍ ശുദ്ധജലമെത്തിയില്ല. തിരൂരങ്ങാടി നഗരസഭയുടെ കിഴക്കന്‍ മേഖലകളായ വെന്നിയൂര്‍, കാച്ചടി, കൊടിമരം, കരുമ്പില്‍, ചുള്ളിപ്പാറ,കക്കാട് എന്നിവിടങ്ങളില്‍ പല വീടുകളിലേയും കിണറുകള്‍ വറ്റിക്കിടക്കുകയാണ്.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴിയുളള ജലവിതരണം കാര്യക്ഷമമല്ലെന്നതും നാട്ടുകാരെ കുഴക്കുന്നു. നഗരസഭയുടെ ജലവിതരണം ചില ദിവസങ്ങളില്‍ മാത്രമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സന്നദ്ധ സംഘടനകളും മറ്റും വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളത്തിനായി കാത്തിരിക്കുവരാണ് ഈ മേഖലയിലെ ഭൂരിഭാഗം വീട്ടുകാരും. കരുമ്പില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ നാലായിരത്തോളം ലിറ്റര്‍ വെള്ളം ഈ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസമായി വിതരണം ചെയ്യുന്നുണ്ട്. കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമാകുന്നുണ്ട്.
കൂരിയാട് നിന്നും ടാങ്കുകളില്‍ നിറച്ച് വാഹനങ്ങളിലാക്കിയാണ് പ്രദേശത്തെ വീടുകളില്‍ ഇവര്‍ വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും മൈത്രി ക്ലബ്ബ് ജലവിതരണം നടത്തിയിരുന്നു. ക്ലബ്ബ് ഭാരവാഹികളായ ശിഹാബ്, ഫൈസല്‍, അബ്ദുസമദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജലവിതരണം.

DONT MISS
Top