ജിഷയുടെ കൊലപാതകം: പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി

highcourt-of-kerala

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ ക്ംപ്ലയിന്റ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി. അതോറിറ്റിയുടെ നോട്ടീസിന് പൊലീസ് മറുപടി നല്‍കുന്നതാണ് ഉചിതം. നിയമാനുസൃതം രൂപീകരിച്ച സംവിധാനമാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി. അതിനോട് സഹകരിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. അതോറിറ്റിയുടെ നോട്ടീസിന് എതിരെ കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിരീക്ഷണം. പൊലീസ് അന്വേഷണത്തില്‍ ഇടപെടാനുള്ള അവകാശം അതോറിറ്റിക്ക് ഇല്ലെന്നാണ് മഹിപാല്‍ യാദവ് വാദിച്ചത്.

ജിഷ വധക്കേസുമായി ബന്ധപ്പെട്ട ഐജിയുടെ റിപ്പോര്‍ട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി തളളിയിരുന്നു. കേസില്‍ ഇടപെടാന്‍ അതോറിറ്റിയ്ക്ക് അധികാരം ഇല്ലെന്ന നിലയിലാണ് ഐജി റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാണിച്ചാണ് അതോറിറ്റി റിപ്പോര്‍ട്ട് തളളിയത്.

ജിഷയുടെ മാതാവിന്റെ അനുവാദമില്ലാതെയാണ് മൃതദേഹം കത്തിച്ചതെന്നും, ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കൂടാതെ ദുരൂഹമരണം നടന്ന സ്ഥലം സീല്‍ ചെയ്യാന്‍ പൊലീസ് തയ്യാറാകാതിരുന്നത് തെളിവ് നശിക്കാന്‍ കാരണമായെന്നും പരാതിയിലുണ്ട്. രാജ്യത്തെ നടുക്കിയ അരുംകൊല കുറുപ്പുംപടി പൊലീസ് എസ്‌ഐ മുതല്‍ മുതല്‍ റേഞ്ച് ഐജി വരെയുള്ളവര്‍ ഏപ്രില്‍ 28 മുതല്‍ മെയ് രണ്ട് തിങ്കളാഴ്ചവരെ അഞ്ച് ദിവസം നിയമ വിരുദ്ധമായി മൂടിവെച്ചുവെന്നായിരുന്നു പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി ലഭിച്ചിരുന്നു.

DONT MISS
Top