ജിഷയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഇനി പുതിയ അന്വേഷണസംഘം

jisha

കൊച്ചി: കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണം വന്‍ പരാജയമായതോടെയാണ് ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘം ഇനി കൊലപാതകകേസ് അന്വേഷിക്കും. പക്ഷെ, 30 സംഘങ്ങളായി അന്വേഷണം നടത്തിയിട്ടും കേസില്‍ തുമ്പൊന്നും ലഭിക്കാതിരുന്നത് പോലീസ് ചരിത്രത്തിലെ നാണക്കേടായി അവശേഷിക്കുകയാണ്. കേസ് പ്രഥമിക ഘട്ടത്തില്‍ അന്വേഷിച്ച കുറുപ്പംപടി സിഐ സന്തോഷിന്റെ അലംഭാവമാണ് കേരളാ പൊലീസിനെ നാണക്കേടിന്റെ പടുകുഴിയില്‍ വീഴ്ത്തിയത്.

200-ഓളം പൊലീസുകാര്‍ 30 സംഘങ്ങളായി തിരിഞ്ഞ് 25 ദിവസം കേസ് അന്വേഷിച്ചു. എന്നാല്‍ ജിഷയുടെ കൊലപാതകത്തിന്റെ പ്രാഥമിക തെളിവുകള്‍ പോലും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കുറുപ്പംപടി സിഐ സന്തോഷിന്റെ അലംഭാവമാണ് കേരള പൊലീസിനെ വട്ടം ചുറ്റിച്ചത്. കൊലപാതകം നടന്ന 28-ആം തീയതി മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സന്തോഷ് ശ്രമിച്ചില്ല. മാത്രമല്ല 29-ആം തീയതി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിടുക്കപ്പെട്ട് മൃതദേഹം ദഹിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുതിര്‍ന്നത്.

പിന്നീടുള്ള മൂന്ന് ദിവസവും യാതൊരു വിധത്തിലുള്ള അന്വേഷണവും നടന്നില്ല. ദുരൂഹമരണം നടന്ന സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനോ സ്ഥലം സീല്‍ ചെയ്യാനോ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായതുമില്ല. ഇതെല്ലാം തെളിവുകള്‍ നഷ്ടപ്പെടാന്‍ കാരണമായി എന്നാണ് പിന്നീടു വന്ന അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേരളാ പൊലീസിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്രയധികം സംഘങ്ങള്‍ ഒന്നിച്ച് ഒരു കേസ് അന്വേഷിക്കുന്നത്. എന്നിട്ടും തോറ്റു മടങ്ങാനായിരുന്നു അന്വേഷണസംഘത്തിന്റെ നിയോഗം. ഇതിനെല്ലാം കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമില്ല.

DONT MISS
Top