80 ലക്ഷത്തോളം വില വരുന്ന വീട്ടില്‍ പട്ടിണിമൂലം വൃദ്ധദമ്പതികള്‍ മരിച്ചു

home
ബംഗളൂരു: എണ്‍പത് ലക്ഷത്തോളം വില വരുന്ന വീട്ടില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളുരുവിലെ സുല്‍ത്താന്‍പാല്യയയില്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ വീടിനുള്ളിലാണ് വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മക്കളില്ലാത്ത ഇരുവരും പട്ടിണിമൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൃദ്ധ ദമ്പതികളില്‍ പുരുഷന്റെ മൃതദേഹം ഹാളിലും സ്ത്രീയുടേത് ബെഡ് റൂമിലുമാണ് കണ്ടെത്തിയത്. ബംഗളുരുവിലെ മുന്‍ പോലീസ് കോണ്‍സ്റ്റബിളായ വെന്‍കോബ റാവോയും ഭാര്യ കലാദേവി ബീവിയുമാണിവര്‍.

വീടിനുള്ളില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്. കലാദേവിയുടെ മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. വെന്‍കോബയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമേയുള്ളു. 4 വര്‍ഷമായി ഇവരുടെ വീട്ടില്‍ വൈദ്യുതും കുടിവെള്ളവും ഇല്ലെന്നും പോലീസ് അറിയിച്ചു.

വെന്‍കോബയുടെ ദേഹത്തിന് ചുറ്റും കാലി കുപ്പികളും ദൈവങ്ങളുടെ ചിത്രങ്ങളും കിടന്നിരുന്നു. ഭാര്യ മരിച്ച ശേഷവും ഇയാള്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. വീട്ടില്‍ നിന്നും പഴകിയ ഭക്ഷണ അവശിഷ്ടങ്ങളല്ലാതെ ഒന്നും പോലീസിന് ലഭിച്ചില്ല. മൃതദേഹങ്ങള്‍ അംബേദ്കര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

DONT MISS
Top