ജിഷയുടെ കൊലപാതകം: എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

jisha

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം എഡിജിപി ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജിഷയുടെ കൊലപാതകം നടന്ന് ഏകദേശം ഒരു മാസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുന്നത്. ഇന്ന് രൂപീകരിച്ച മന്ത്രിസഭയുടെ ആദ്യയോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം.

ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വക്ക് സര്‍ക്കാര്‍ 5000 രൂപ വീതം മാസം പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നിര്‍മ്മാണം പുരോഗമിക്കുന്ന ജിഷയുടെ വീടിന്റെ പണികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കും. ജിഷയുടെ സഹോദരി ദീപക്ക് ഉടന്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിന് അത് പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top