വിറ്റത് ഒരുടണ്‍ ഉള്ളി; കിട്ടിയത് ഒരു രൂപ !

onion

പൂനെ: ഒരുടണ്‍ ഉള്ളി വിറ്റുകഴിഞ്ഞപ്പോള്‍ കൈയ്യില്‍ കിട്ടിയത് വെറും ഒരുരൂപ. മറ്റെവിടെയുമല്ല, മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പൂനെയിലെ ജില്ലാ കാര്‍ഷിക ഉത്പാദന വിപണിയില്‍ ഒരു ടണ്‍ ഉള്ളി വിറ്റുകഴിഞ്ഞപ്പോള്‍ കൈയ്യില്‍ ഒരു രൂപമാത്രമേ ലഭിച്ചുള്ളെന്നാണ് ഇവിടെ നിന്നുള്ള കര്‍ഷകന്‍ അഭിപ്രായപ്പെടുന്നത്.

ദേവിദാസ് പര്‍ബാനെ എന്ന 48 കാരനായ കര്‍ഷകനാണ് തനിക്ക് പറ്റിയ ദുരനുഭവം വെളിപ്പെടുത്തുന്നത്. മെയ് പത്തിന് 952 കിലോ ഉള്ളിയാണ് 18 ബാഗുകളിലായി ദേവിദാസ് ഒരു ട്രക്കില്‍ വിപണിയിലേക്ക് അയച്ചത്. കിലോയ്ക്ക് ഒരു രൂപ അറുപത് പൈസ എന്നനിലയിലാണ് വിപണിയില്‍ എടുത്തത്. അകെ ലഭിച്ചത് 1,523 രൂപ 20 പൈസ. ഇടനിലക്കാരന്‍ കമ്മീഷന്‍ വകയില്‍ എടുത്തത് 91.35 രൂപ. കയറ്റിറക്കുകൂലിയായി 59 രൂപയും മറ്റ് ചിലവുകളായി 51 രൂപ 85 രൂപയും ചിലവായി. ഉള്ളി വിപണിയില്‍ എത്തിച്ച വകയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് നല്‍കിയത് 1,320 രൂപ. ഇതെല്ലാം കഴിഞ്ഞപ്പോള്‍ ദേവിദാസിന്റെ കൈയ്യില്‍ അവശേഷിച്ചത് ഒരു രൂപ മാത്രം. എണ്‍പതിനായിരം രൂപയോളമാണ് ദേവിദാസ് കൃഷിക്കായി ചിലവഴിച്ചത്.

ദേവിദാസിന് മാത്രമല്ല, ഇവിടുത്തെ മറ്റ് പലകര്‍ഷകര്‍ക്കും സമാന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ഉള്ളി കര്‍ഷകര്‍ നേരുടന്ന ദുരനുഭവത്തിന്റെ സാക്ഷ്യപത്രമാണ് ഈ സംഭവം. ഉള്ളിവിലയില്‍ വന്‍ഇടിവാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിക്കുന്നുണ്ടെങ്കിലും വിലയിടിവ് ഇവരെ വന്‍തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.

അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസര്‍ മാര്‍ക്കറ്റ് കമ്മിറ്റ് തയ്യാറായില്ല. ഉള്ളിയുടെ വിലയിടിവ് തടയുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കണ്ടു.

DONT MISS
Top