പശുത്തൊഴുത്തില്‍ പുലി; നാട്ടുകാര്‍ പരിഭ്രാന്തിയിലായി

leoമലയാറ്റൂര്‍: നീലീശ്വരം പഞ്ചായത്തില്‍ വീട്ടുമുറ്റത്തെ തൊഴുത്തില്‍ പുലിയെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തരാക്കി. നടുവട്ടത്ത് മണവാളന്‍ രഞ്ചന്‍ ജോസഫിന്റെ വീട്ടുമുറ്റത്തെ തൊഴുത്തിലാണ് പുലിയെ കണ്ടത്.

ഇന്നലെ രാവിലെ ജോസഫിന്റെ ഭാര്യ തൊഴുത്തില്‍ ചെന്നപ്പോഴാണ് പുലിയെ കണ്ടത്. ഉടനെ ജോസഫ് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് മാസം മാത്രം പ്രായമുള്ള പുലികുട്ടിയെയാണ് തൊഴുത്തില്‍ കണ്ടെത്തിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ നടുവട്ടത്തിനു സമീപം കണ്ണിമംഗലത്ത് പുലിയിറങ്ങിയിരുന്നു.

ജോസഫിന്റെ തൊഴുത്തില്‍ കണ്ട പുലി രണ്ട് മണിക്കൂറോളം പ്രകോപനങ്ങള്‍ സൃഷ്ടിക്കാതിരുന്നത് കൊണ്ട് മാത്രമാണ് ആര്‍ക്കും അപകടങ്ങള്‍ സംഭവിക്കാത്തതെന്ന് സ്ഥലത്ത് എത്തിയ വനപാലകര്‍ പറഞ്ഞു. പിന്നീട് മയക്കുവെടിവച്ച് പുലിയെ വനപാലകര്‍ കെണിയിലാക്കുകയായിരുന്നു. പിടികൂടിയ പുലിക്കുട്ടിയെ കോടനാട് മൃഗശാലയിലെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റി. പത്ത് ദിവസത്തെ നിരീക്ഷണത്തിനു ശേഷം പുലിക്കുട്ടിയെ കാട്ടില്‍ തുറന്ന് വിടുമെന്നും വനപാലകര്‍ പറഞ്ഞു.

DONT MISS