സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപം കുറ്റകരമാക്കുമെന്ന് മേനകാ ഗാന്ധി

Menaka

ദില്ലി: ഓണ്‍ലൈന്‍ വഴി സ്ത്രീകളെ കളിയാക്കുന്നവര്‍ സൂക്ഷിക്കുക. സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ കുറ്റകരമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇത് കുറ്റകരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാനോ അന്വേഷണവുമായി സഹകരിക്കാനോ ഓപ്പറേറ്റര്‍മാര്‍ തയ്യാറായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പെരുമാറ്റത്തിന് ചട്ടം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് പുതിയ വനിതാ നയം പുറത്തിറക്കിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജോലിക്കാരായ വനിതകള്‍ക്ക് അനുവദിക്കുന്ന പ്രസവ അവധി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും പുതിയ നയത്തില്‍ പറയുന്നുണ്ട്. പ്രസവ അവധി എട്ടുമാസമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് നിരവധി ഗര്‍ഭിണികള്‍ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അവരുടെ ആവശ്യം നടപ്പിലാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്നും മേനകാ ഗാന്ധി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ച് മറുപടി കാത്തിരിക്കുകയാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം.

DONT MISS
Top