പ്രേമാഭ്യര്‍ത്ഥന നിരസിച്ച യുവ ഡോക്ടര്‍ക്ക് നേരെ യുവതിയുടെ ആസിഡ് ആക്രമണം

acid-attack

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ വൈശാലിയില്‍ 28കാരനായ മൃഗഡോക്ടറെ 45കാരി ആസിഡ് ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ അമിത് വര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ മുഖത്തും നെഞ്ചിലും വയറിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇയാള്‍ കുളിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുറിയിലേക്ക് ഒളിച്ചു കടന്ന യുവതി ആസിഡ് ഉപയോഗിച്ച് ആക്രമിച്ചത്. നേരത്തേ മീററ്റില്‍ യുവതിയുടെ വീടിനടുത്തായാണ് ഡോക്ടര്‍ താമസിച്ചിരുന്നത്. പിന്നീട് ഗാസിയാബാദിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ 18 ദിവസമായി യുവതി ഡോക്ടറെ പിന്തുടരുകയായിരുന്നെന്നാണ് നിഗമനം.

കഴിഞ്ഞ മൂന്ന് ദിവസമായി യുവതി ഡോക്ടറുടെ പിറകെ പ്രേമാഭ്യര്‍ത്ഥനയുമായി നടന്നു. മീററ്റിലേക്ക് തിരിച്ചു വരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതു നിരസിച്ച ഡോക്ടര്‍ താനുമായി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും യുവതിയോട് ആവശ്യപ്പെട്ടു. തിരിച്ചുപോയ യുതി തിങ്കളാഴ്ച്ച തിരിച്ചു വരികയും ഡോക്ടറെ ആസിഡ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മുഖത്ത് 40 ശതമാനത്തിലധികം പരുക്കേറ്റ അമിതിന് ഇനിയും സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത് അനുസരിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിക്കായ് തിരച്ചില്‍ ആരംഭിച്ചു.

DONT MISS
Top