പ്രശ്‌നങ്ങള്‍ ഗുസ്തി ഫെഡറേഷനുമായി പറഞ്ഞുതീര്‍ക്കാന്‍ സുശീലിനോട് ഹൈക്കോടതി

Susheel

ദില്ലി: ഒളിമ്പിക്‌സ് യോഗ്യത നിശ്ചയിക്കുന്നതിന് ട്രയല്‍സ് നടത്താന്‍ റെസ്ലിംഗ് ഫെഡറേഷനോട് നിര്‍ദ്ദേശിക്കണമെന്ന ഗുസ്തി താരം സുശീല്‍കുമാറിന്റെ ആവശ്യത്തില്‍ തത്കാലം ഇടപെടില്ലെന്ന് ദില്ലി ഹൈക്കോടതി. ട്രയല്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷനുമായി പറഞ്ഞ് തീര്‍ക്കാന്‍ സുശീല്‍ കുമാറിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ ഈ മാസം 27 ന് വിശദമായ വാദം കേള്‍ക്കും. അതിന് മുന്‍പ് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഫെഡറേഷനോടും കേന്ദ്ര കായികമന്ത്രാലയത്തോടും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് സുശീല്‍ ഹൈക്കോടതിയ സമീപിച്ചത്.

സുശീല്‍ കുമാര്‍ രാജ്യത്തിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് കരുതി നര്‍സിംഗ് യാദവിന്റെ സംഭാവനകളെ കുറച്ചുകാണാനാകില്ലെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിലൂടെയാണ് രാജ്യത്തിന് ഒളിമ്പിക്‌സ് ക്വാട്ട ലഭിച്ചിരിക്കുന്നതെന്നും ജഡ്ജി നിരീക്ഷിച്ചു. ഗുസ്തി താരങ്ങള്‍ കോടതിയില്‍ സമയം ചിലവഴിക്കുകയല്ല പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും താന്‍ ഇക്കാര്യത്തില്‍ അവസാന ശ്രമമെന്ന നിലയിലെ ഇടപെടൂ എന്നും അദ്ദേഹം പറഞ്ഞു.

സുശീല്‍ കുമാര്‍ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. പക്ഷെ സ്വതന്ത്ര അധികാരമുള്ള ഫെഡറേഷന്‍ അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാകില്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ജഡ്ജി ചൂണ്ടിക്കാട്ടി. സുശീല്‍ കുമാറും ഫെഡറേഷനും തമ്മില്‍ നാളെ ചര്‍ച്ച നടത്തുമെന്നാണ് സൂചന.

ഗുസ്തിയില്‍ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം താരങ്ങളാണ് സുശീല്‍ കുമാറും നര്‍സിംഗ് യാദവും. ഇത്തവണ റിയൊ ഒളിമ്പിക്‌സിന് നര്‍സിംഗ് യാദവ് യോഗ്യത നേടിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് പ്രകടനമാണ് യാദവിന് യോഗ്യത നേടിക്കൊടുത്തത്. പരിക്ക് കാരണമാണ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും അതിനാല്‍ തനിക്കും യാദവിനും ഇടയില്‍ ട്രയല്‍സ് നടത്തി മത്സരാര്‍ത്ഥിയെ കണ്ടെത്തണമെന്നുമാണ് സുശീല്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സുശീല്‍ നേരത്തെ പ്രധാനമന്ത്രിയേയും കേന്ദ്ര കായികമന്ത്രാലയത്തെയും സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഫെഡറേഷന് സ്വതന്ത്ര തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നാണ് കായികമന്ത്രാലയത്തിന്റെ നിലപാട്.

DONT MISS
Top