‘ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം ബിസിനസ്സില്‍ നിന്നും വിട്ടു നില്‍ക്കുക’ മക്കളോട് സിദ്ധരാമയ്യ

sidda

ബംഗളുരു: താന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം ഒരു ബിസിനസ്സിലും ഇടപെടരുതെന്ന് മക്കള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശം. രാഷ്ട്രീയ എതിരാളികള്‍ സിദ്ധരാമയ്യയ്‌ക്കെതിരെ സ്വജനപക്ഷപാതം ഉള്‍പ്പെടെ ആരോപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

അടുത്തിടെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലെ ടെന്‍ഡര്‍ മാട്രിക്‌സ് ഇമേജ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയത് വന്‍വിവാദമായിരുന്നു. സിദ്ധരാമയ്യയുടെ രണ്ടാമത്തെ മകനായ ഡോ. യതീന്ദ്ര ഡയറക്ടറായ ഡയഗ്നോസ്റ്റിക്‌സ് ലബോറട്ടറി ശൃംഖലയില്‍ പെട്ടതാണ് മാട്രിക്‌സ് ഇമേജ് സൊലൂഷന്‍സ്. ടെന്‍ഡര്‍ നേടിക്കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതായി എതിരാളികള്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തുകയും ഇതിനെതിരെ പുതുതായി രൂപം നല്‍കിയ അഴിമതി വിരുദ്ധ സേനയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് പുതിയ നിലപാടിലേക്ക് സിദ്ധരാമയ്യയെ നയിച്ചത്.

കഴിഞ്ഞ ദിവസം മൂന്ന് വര്‍ഷത്തെ സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സിദ്ധരാമയ്യ തന്റെ തീരുമാനത്തെ കുറിച്ച് പറഞ്ഞത്. യതീന്ദ്ര മാട്രിക്‌സ് ഇമേജിങ് സൊലൂഷന്‍സിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചത് ആരോപണങ്ങള്‍ ശരിയായതുകൊണ്ടാണോ എന്ന് ചോദിച്ചപ്പോള്‍ ബിസിനസ്സില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന തന്റെ ഉപദേശ പ്രകാരമാണ് സ്ഥാനം ഒഴിഞ്ഞതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം മകന്റെ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതിനെ സിദ്ധരാമയ്യ ന്യായീകരിച്ചു. തന്റെ മകന്‍ ഒരു പ്രൊഫഷണല്‍ ഡോക്ടറാണെന്നും സര്‍ക്കാര്‍ വിളിച്ച ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്താണ് അത് കരസ്ഥമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top