റിയോ ഒളിമ്പിക്‌സ്; ട്രയല്‍സ് നടത്തണമെന്നാവശ്യപ്പെട്ട് സുശീല്‍ കുമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

 susheel

ദില്ലി: റിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്നതിന് ട്രയല്‍ മത്സരം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ഗുസ്തി താരം സുശീല്‍ കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. റിയോ ഒളിമ്പിക്‌സ് സാധ്യത പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കി പകരം നര്‍സിംഗ് പഞ്ചം യാദവിനെ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ട്രയല്‍ മത്സരം വേണമെന്ന ആവശ്യം സുശീല്‍ കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. സുശീലും നര്‍സിങും തമ്മിലുള്ള വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നാണ് സുശീലിന്റെ ആവശ്യം. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സുശീല്‍ കുമാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രാലയത്തിനും സുശീല്‍ കത്തയച്ചു.

സുശീല്‍ കുമാര്‍ ഉന്നയിക്കുന്ന വിഷയം റെസ്ലിംഗ് ഫെഡറേഷന്റെ പരിധിയില്‍ നില്‍ക്കുന്നതല്ലെന്ന് ഡബ്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ് പറഞ്ഞു. സുശീല്‍ കുമാര്‍ കേന്ദ്ര കായികമന്ത്രാലയത്തിന് കത്തയച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനുവേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് എന്ത് തീരുമാനമാണോ എടുക്കുന്നത് അത് നടപ്പിലാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ബ്രിജ് കൂട്ടിച്ചേര്‍ത്തു.

റിയോ ഒളിമ്പിക്‌സ് യോഗ്യത നേടിയ ഗുസ്തി താരങ്ങളുടെ സാധ്യത പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടിയ സുശീലിന് പകരം നര്‍സിംഗ് പഞ്ചം യാദവാണ് പട്ടികയില്‍ ഇടം നേടിയത്. ഇത് സ്ഥിരീകരിച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് ഫെഡറേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

DONT MISS
Top