കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കിയ എഴുവയസുകാരന് കാന്‍സര്‍;പുഞ്ചിരിയോടെ കാന്‍സറിനെ നേരിട്ട് കൊച്ചു വിന്നി

cancer

കാലിഫോര്‍ണിയ: ഹെയര്‍ സ്‌റ്റൈലിസ്റ്റും കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ലിംഫോമ ഫൗണ്ടേഷനില്‍ വോളണ്ടിയറുമായ അമ്മ അമന്‍ഡയില്‍ നിന്നാണ് ഏഴ് വയസുകാരന്‍ വിന്നി ഡിസോട്ടെള്‍സ് കാന്‍സര്‍ രോഗത്തെക്കുറിച്ച് ആദ്യമറിയുന്നത്. സലൂണില്‍ വരുന്നവരില്‍ നിന്നും മുറിച്ചെടുക്കുന്ന മുടി കാന്‍സര്‍ രോഗികള്‍ക്ക് അമന്‍ഡ നല്‍കുന്നത് കണ്ട് ഒരിക്കല്‍ വിന്നി അമ്മയോട് കൗതുകത്തോടെ രോഗത്തെക്കുറിച്ചു ചോദിച്ചു. അമന്‍ഡ രോഗത്തിന്റെ മാരക വശങ്ങളെക്കുറിച്ച് മകന് വിശദീകരിച്ചു നല്‍കി. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ വേദനതിന്ന് ജീവിക്കുന്നുവെന്ന് കേട്ടപ്പോള്‍ വിന്നിയുടെ കുഞ്ഞു മനസ് വേദനിച്ചു. അവര്‍ക്കു വേണ്ടി തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അവന്‍ ചിന്തിച്ചു. ഒടുവില്‍ മുടി നീട്ടി വളര്‍ത്ത്ി രോഗികള്‍ക്ക് നല്‍കാമെന്ന് അവന്‍ തീരുമാനിക്കുകയായിരുന്നു. വിന്നിയുടെ തീരുമാനത്തെ സന്തോഷപൂര്‍വം മാതാപിതാക്കളും അംഗീകരിച്ചു.

vinn

രണ്ട് വര്‍ഷമെടുത്ത് വിന്നി തന്റെ മുടി നീട്ടി. അപ്പോള്‍ വിന്നിയെ കണ്ടവരെല്ലാം പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിച്ചു. വിന്നിയെടുത്ത തീരുമാനത്തെ കൂട്ടുകാരും സ്‌കൂളിലെ അദ്ധ്യാപകരും ഉള്‍പ്പെടെ അഭിനന്ദിച്ചു. വ്യക്തമായ കാഴ്പ്പാടുകളും സ്വപ്‌നങ്ങളുമുള്ള കുട്ടിയാണ് വിന്നിയെന്ന് എല്ലാംവരും അടക്കം പറഞ്ഞു. വലിയ സ്വപ്‌നങ്ങളൊന്നും വിന്നി നെയ്തു കൂട്ടിയിരുന്നില്ല. കൂട്ടുകാര്‍ ഡോക്ടറും എഞ്ചിനീയറുമൊക്കെ ആകണമെന്നു പറഞ്ഞപ്പോള്‍ തന്റെ മുത്തച്ഛനെപ്പോലെ ഒരു കര്‍ഷകനാകണമെന്നായിരുന്നു വിന്നി ആഗ്രഹിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിന്നി രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കിയത്. സാധാരണ മുടി മുറിയ്ക്കാന്‍ താല്‍പര്യം കാണിക്കാത്ത വിന്നി ആവേശത്തോടെ തനിക്ക് മുന്നില്‍ വന്നിരുന്നത് അമന്‍ഡയെ അദ്ഭുതപ്പെടുത്തി. മുറിച്ചെടുത്തപ്പോള്‍ 13 ഇഞ്ച് നീളമുണ്ടായിരുന്നു വിന്നിയുടെ മുടിക്ക്. കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടിമുറിച്ചു നല്‍കിയ ബാലന്‍ കാലിഫോര്‍ണിയയിലെ മാധ്യമങ്ങളില്‍ ഇടം നേടുകയും ചെയ്തു.

ഇപ്പോള്‍ മറ്റൊരു വാര്‍ത്തയുമായാണ് വിന്നി എത്തിയിരിക്കുന്നത്. മുടി മുറിച്ചു നല്‍കി മാസങ്ങള്‍ക്ക് ശേഷം വിന്നിയുടെ ജീവിതത്തിലേക്കും കാന്‍സര്‍ വില്ലനായെത്തി. വലത് കണ്ണില്‍ വേദനയായായിരുന്നു തുടക്കം. ഒരു പീഡിയാട്രീഷനെയാണ് ആദ്യം കാണിച്ചത്. അദ്ദേഹം കണ്ണിലൊഴിക്കാന്‍ ചില മരുന്നുകളും നല്‍കി. കണ്ണിന് വേദനമാറിയില്ലെന്നു മാത്രമല്ല കാഴ്ചശേഷി ക്ഷയിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 29 ന് ഒരു ഒഫ്താല്‍മോളജിസ്റ്റിനെ കാണാന്‍ വിന്നിയുടെ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ ഡോക്ടറെ കാണുന്നതിന് തലേ ദിവസം വിന്നിയുടെ മുട്ടിന് വേദനയനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ഒഫ്താല്‍മോളജിസ്റ്റിനെ കാണുന്നതിന് മാറ്റിവെച്ചു. മുട്ടുവേദന കലശലായപ്പോള്‍ വിന്നിയുടെ മുട്ടിന്റെ എക്‌സറേയെടുക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എക്‌സറേയില്‍ വിന്നിയുടെ പെല്‍വിക് അസ്ഥിയില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. അതിനുശേഷം ഒഫ്താല്‍മോളജിസ്റ്റ് നടത്തിയ പരിശോധനയില്‍ വിന്നിയുടെ കണ്ണിലും ട്യൂമര്‍ കണ്ടെത്തി. ചൊവ്വാഴ്ച വിന്നിക്ക് ആദ്യമായി കീമോതെറാപ്പി ചെയ്തു. അസ്ഥിനുറുങ്ങുന്ന വേദനയിലും തന്റെ ആദ്യ കിമോതെറാപ്പി ദിനത്തിന്റെ വിശേഷം വിന്നി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. ജീവിതത്തിലേക്ക് തിരികെയെത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് വിന്നി.

DONT MISS
Top