എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്തതില്‍ എന്താണ് പ്രശ്നം? മുകേഷ് വിശദീകരിക്കുന്നു

mukesh

കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിക്ക് കൈ കൊടുക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ നടന്‍ മുകേഷ് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. അയ്യന്‍കോയിക്കല്‍ വെച്ച് ഇരുവരും പ്രചാരണ വാഹനങ്ങളില്‍ എതിരെ വരുന്നതിനിടെ കാണുകയും ഹസ്തദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ പലരും ഈ ചിത്രത്തെ തെറ്റായ രീതിയില്‍ ഉപയോഗിച്ചെന്നും താന്‍ ജനത്തെ കബളിപ്പിക്കുകയാണെന്ന തരത്തില്‍ പ്രചാരണമുണ്ടായെന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയും ഹസ്തദാനം നല്‍കുന്ന ഒരു ഫോട്ടോ കുറച്ചു മുന്നേ ഞാന്‍ എന്റെ ഫേസ്ബുക്ക് പേജില്‍ ഇടുകയുണ്ടായി. ഒരുപാട്‌പേര്‍ നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. എങ്കിലും, കുറച്ചു പേരുടെ ഭാഗത്തു നിന്നും ചില മോശം അഭിപ്രായങ്ങളും ഉണ്ടായി. ഞാന്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്ന രീതിയില്‍ വരെ പറയുകയുണ്ടായി. അഭിപ്രായങ്ങള്‍ പറയുവാനുള്ള സ്വാതന്ത്ര്യം നമ്മള്‍ എല്ലാവര്‍ക്കും ഉണ്ട്, നിങ്ങളുടെ അഭിപ്രായങ്ങളെയും ഞാന്‍ മാനിക്കുന്നു. എങ്കിലും ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

ഓരോ മത്സരവും അതിന്റേതായ സ്പിരിറ്റില്‍ ആണ് എടുക്കേണ്ടത്. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായി യാതൊരു അകല്‍ച്ചയും ഇല്ല. രാഷ്ട്രീയപരമായി ഉണ്ടെങ്കിലും വ്യക്തിപരമായി അത് ബാധിക്കില്ല എന്ന് ഉറപ്പാണ്. ആ ഫോട്ടോയില്‍ എന്താണ് ഞാന്‍ കബളിപ്പിച്ചത്? ഇലക്ഷന്‍ പ്രചാരണത്തിനു ഇടയില്‍ രണ്ട് മുന്നണിയിലെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ കണ്ടു മുട്ടുമ്പോള്‍ പരസ്പരം വ്യക്തി വിദ്വേഷം കാണിക്കാതെ സൗഹാര്‍ദ്ദപരമായി പെരുമാറുന്നത് തികഞ്ഞ മര്യാദ ആയിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ നിങ്ങളില്‍ നിന്നും ഒന്നും മറക്കാതെ എല്ലാം നിങ്ങളുടെ മുന്നില്‍ തുറന്നു കാട്ടുകയല്ലേ ഞാന്‍ ചെയ്തത്.?

DONT MISS
Top