വിടാതെ പിന്തുടര്‍ന്ന് ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറെ റണ്‍ബീര്‍ തല്ലി

ranveer-kapoor

മുംബൈ: പുറകെ നടന്നുള്ള ശല്യം ചെയ്യല്‍ സഹിക്കാന്‍ വയ്യാതെ ചില നടന്മാര്‍ ആരാധകരോട് പരസ്യമായി പ്രതികരിക്കാറുണ്ട്. ചിലര്‍ മോശമായ വാക്കുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ നിയന്ത്രണം വിട്ട് മുഖത്തടിയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിന് ഇത്തരത്തിലൊരനുഭവമുണ്ടായി. തന്നെ വിടാതെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ മുഖത്ത് രണ്‍വീര്‍ അടിയ്ക്കുകയാണ് ചെയ്തത്. ഫോട്ടോഗ്രാഫറുടെ ഫോണ്‍ റണ്‍ബീര്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബന്ദ്രയിലെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയ റണ്‍ബീറിനെ കാറില്‍ കയറുന്നതുവരെ ഫോട്ടോഗ്രാഫര്‍ പിന്തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. റണ്‍ബീര്‍ കാറില്‍ കയറിയ ശേഷവും ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കുന്നത് തുടര്‍ന്നു. സഹികെട്ട താരം കാറില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഫോട്ടോഗ്രാഫറുടെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.

റണ്‍ബീറിന്റെ തല്ലും വാങ്ങി ഫോട്ടോഗ്രാഫര്‍ നേരെ പോയത് അദ്ദേഹത്തിന്റെ ഓഫീസിലേക്കായിരുന്നു. തന്റെ മേലുദ്യോഗസ്ഥനോട് അദ്ദേഹം നടന്ന കാര്യങ്ങള്‍ വിവരിച്ചു. ഫോട്ടോഗ്രാഫറിന്റെ ഫോണിലേക്ക് മേലുദ്യോഗസ്ഥന്‍ വിളിച്ചെങ്കിലും റണ്‍ബീര്‍ ഫോണെടുത്തില്ല. തുടര്‍ന്ന് മെസേജ് അയക്കുകയായിരുന്നു.

മെസേജ് കണ്ട ശേഷം റണ്‍ബീര്‍ തിരിച്ചു വിളിച്ചു. ഫോട്ടോഗ്രാഫര്‍ തന്റെ ജോലിയാണ് ചെയ്തതെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും റണ്‍ബീര്‍  അത് ചെവിക്കൊണ്ടില്ല. തന്നെ ആരും പിന്തുടരുന്നത് ഇഷ്ടമല്ലെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും റണ്‍ബീര്‍ പറഞ്ഞു. പിന്നീട് ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തി ഫോണ്‍ തിരികെ നല്‍കുകയായിരുന്നു.

DONT MISS
Top