ശൈശവ വിവാഹത്തിനെതിരെ ഒറ്റയ്ക്ക് പൊരുതി ഒരു രാജസ്ഥാനി യുവതി; 4 വര്‍ഷത്തിനിടെ തടഞ്ഞത് 900 വിവാഹങ്ങള്‍

bharthi-1

ജോദ്പുര്‍: മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം നിരവധി പെണ്‍കുട്ടികള്‍ക്കാണ് വളരെ ചെറുപ്പത്തില്‍ തന്നെ ജീവിത ഭാരം തലയിലേറ്റേണ്ടി വരുന്നത്. പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തില്‍ ഭര്‍ത്താവും കുട്ടികളുമായി ഇവര്‍ക്ക് ഒതുങ്ങിക്കൂടി കഴിയേണ്ടി വരുന്നു. ചിലര്‍ സ്വന്തം വിധിയെ പഴിച്ച് വിവാഹത്തിന് തയ്യാറാകാതെ മരണം സ്വയം വരിക്കുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിഞ്ഞും അറിയാതെയും തേഞ്ഞുമാഞ്ഞു പോകുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നഷ്ടമാകുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് പൊരുതുകയാണ് രാജസ്ഥാനില്‍ 29 കാരിയായ കൃതി ഭര്‍തി. നാലു വര്‍ഷത്തിനിടെ 900 ശൈശവ വിവാഹങ്ങളാണ് കൃതി ഇടപെട്ട് മുടക്കിയത്. ഇത്തരത്തിലുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന് ‘സാര്‍തി’ എന്ന പേരില്‍ ഒരു ട്രസ്റ്റും തുടങ്ങിയിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളാണ് ഭര്‍തിയുടെ സംരക്ഷണയില്‍ കഴിയുന്നത്. പെണ്‍കുട്ടികളെ കൂടാതെ ആണ്‍ കുട്ടികളേയും ഇവര്‍ സംരക്ഷിച്ചു പോരുന്നു.

krithi-bharthi

പന്ത്രണ്ട് വയസില്‍ വിവാഹം കഴിച്ച് മദ്യപാനിയായ ഭര്‍ത്താവിനൊപ്പം നരക ജീവിതം നയിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീടുവിട്ടിറങ്ങി ഭര്‍തിയുടെ അരികില്‍ എത്തിയിരുന്നു. പഠിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന അവള്‍ അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കാതെ വന്നപ്പോള്‍ തന്റെ പതിനേഴാമത്തെ വയസിലാണ് അവള്‍ വീടുവിട്ടിറങ്ങിയത്. ഇപ്പോള്‍ സര്‍ക്കാര്‍ വക സംരക്ഷണയിലാണ് ഈ പെണ്‍കുട്ടി. മാതാപിതാക്കളെ എതിര്‍ത്ത് വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളും ഭര്‍തിയെ തേടി എത്താറുണ്ട്. ഇത്തരത്തില്‍ ഇറങ്ങി വരുന്ന പെണ്‍കുട്ടികളുടെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരിക്കാന്‍ ഭര്‍തി ശ്രമിക്കാറുണ്ട്. ചിലര്‍ അത് മനസിലാക്കും. എന്നാല്‍ മറ്റ് ചിലര്‍ ഭര്‍തിയെ ഇറക്കിവിടുകയാണ് ചെയ്യുന്നത്. ചിലര്‍ ഭര്‍തിക്കെതിരെ കേസ് നല്‍കുകയും ചെയ്യും. ഇതിനെതിരെയെല്ലാം പൊരുതി കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് ഭര്‍തിയുടെ ലക്ഷ്യം.

krithi

നിരവധി പെണ്‍കുട്ടികളെ ഭര്‍തി ആത്മഹത്യയില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്. രാജസ്ഥാന്‍ മരുഭൂമിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയാണ് അതില്‍ ഒന്ന്. മാതാപിതാക്കളുടെ തീരുമാനത്തില്‍ നിന്നും ഒരു വിധത്തിലും രക്ഷനേടാന്‍ സാധിക്കാതെ വന്നപ്പോഴാണ് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭര്‍തി പറയുന്നു. വിവരം അറിഞ്ഞ് അവിടെയെത്തിയ തന്നെ അവള്‍ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. ഇത്തരത്തില്‍ ഇനിയും നിരവധി കുട്ടികളെ സംരക്ഷിക്കണമെന്നാണ് തനിക്ക്. അതിനുവേണ്ടിയുള്ള എല്ലാം ശ്രമങ്ങളും നടന്നു വരികയാണെന്നും ഭര്‍തി പറയുന്നു.

DONT MISS
Top