ജിഷയുടെ അമ്മയെ കാണാനെത്തുന്ന വിഐപികളുടെ പടമെടുക്കാനും തിരക്ക്; സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി അധികൃതര്‍

jisha

പെരുമ്പാവൂര്‍: ക്രൂരമായി കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ കാണാനെത്തുന്നവര്‍ നിരവധിയാണ്. സാംസ്‌കാരിക, ചലച്ചിത്ര, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ ജിഷയുടെ അമ്മയ്ക്ക് അരികലേക്ക് ആശ്വാസ വാക്കുമായി എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ അമ്മയ്ക്ക് ആവശ്യം വിശ്രമമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജിഷയുടെ അമ്മ പെരുമ്പാവൂരില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മകളുടെ മരണ വാര്‍ത്തയറിഞ്ഞതു മുതല്‍ രാജേശ്വരിയമ്മയുടെ കണ്ണുനീര്‍ തോര്‍ന്നിട്ടില്ല. അലറി കരഞ്ഞ് അമ്മ തളര്‍ന്നു. തന്നെ കാണാന്‍ വരുന്നവര്‍ക്കു മുന്നില്‍ കരഞ്ഞ് സങ്കടം പറയുമ്പോള്‍ കാണുന്നവരുടെ കണ്ണുകളും നിറയുന്നു.

ഇതിനിടയില്‍ സന്ദര്‍ശകര്‍ ഇടവേളകളില്ലാതെ എത്തുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു. സന്ദര്‍ശകര്‍ എത്തുമ്പോള്‍ മനോവിഷമം വര്‍ധിക്കുകയുള്ളൂ. വിശ്രമമാണ് ഇപ്പോള്‍ അമ്മയ്ക്ക് ആവശ്യമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഐപികള്‍ എത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ പടമെടുക്കാന്‍ എത്തുന്നവരുടെ തിരക്കും വര്‍ധിക്കുകയാണ്. സോഷ്യല്‍മീഡിയകളില്‍ പബ്ലിസിറ്റിക്കു വേണ്ടി ശ്രമിക്കുന്നവരാണിവര്‍.

സന്ദര്‍ശകരെ അനുവദിക്കരുതെന്ന് രാജേശ്വരിയമ്മയെ ചികിത്സിക്കുന്ന ഡോ.സിജോ കുഞ്ഞപ്പന്‍ പറഞ്ഞു. രാജേശ്വരിയമ്മക്ക് ഇപ്പോള്‍ വേണ്ടത് വിശ്രമമാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജിഷയുടെ അമ്മയെന്നും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് സുമ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.ഫോട്ടോയെടുക്കാനും സെല്‍ഫിയെടുക്കാനുമാണ് ആള്‍ക്കാരുടെ തിരക്ക്. അത് കഴിഞ്ഞ് അവര്‍ പോകും. പിന്നെ ആരും തിരിഞ്ഞ് നോക്കില്ല. സഹായിക്കാനുള്ള മനസ്സാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

DONT MISS
Top