പട്ടിക ജാതി വികസന വകുപ്പ് ജിഷയുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കും

jisha

കൊച്ചി: പട്ടികജാതി വികസന വകുപ്പില്‍ നിന്നും 2 ലക്ഷം രൂപ ജിഷയുടെ കുടംബത്തിന് ധനസഹായം നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 10 ലക്ഷം രൂപയ്ക്ക് പുറമേയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ധനസഹായം നല്‍കുന്നത്. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലാ കളക്ടര്‍ ജിഷയുടെ അമ്മയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാമെന്ന് അറിയിച്ചിട്ടുണ്ട്. സാമ്പത്തികമായി സഹായിക്കാനായി ഒരു സംയുക്ത അക്കൗണ്ടും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ ജിഷയുടെ കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഈ മാസം 28-നുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രം ഇടപെടല്‍ ശക്തമാക്കുകയാണ്. കേന്ദ്രസാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി തേവര്‍ചന്ദ് ഗലോട്ട് ഇന്ന് പെരുമ്പാവൂരില്‍ എത്തും. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം, പിഎല്‍ പുനിയ എന്നിവര്‍ക്കൊപ്പം കേന്ദ്രമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രത്യേക യോഗം കൊച്ചിയിലാണ് ചേരുന്നത്.

ഇതിനിടെ ദേശീയ എസ്‌സിഎസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പുനിയ ഇന്ന് രാവിലെ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചത്.

ജിഷയുടെ ഘാതകരെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുക. അതേസമയം മറ്റു രാഷ്ട്രീയപാര്‍ട്ടികളും ഇതര പ്രസ്ഥാനങ്ങളും ഇന്നും പ്രതിഷേധം തുടരും.

DONT MISS
Top