ഇരുട്ടിനെ തുളച്ച് ഇടുക്കിയിലേക്ക്…

travel-1

ചങ്ങാതീ…ഞാനിതെഴുതി തുടങ്ങുമ്പോള്‍ മിന്നാമിന്നിക്കൂട്ടം എന്നെ പൊതിഞ്ഞ് കടന്ന് പോകുന്നുണ്ട്. ചുറ്റിലും ചീവിടുകളുടെ ശബ്ദമാണ്. ഞാനും സുഹൃത്ത് ഷെഫീക്ക് താമരശ്ശേരിയും ഇപ്പോള്‍ വാഗമണിലെ പേരറിയാത്ത ഒരിടത്ത് മൊബൈല്‍ഫോണുകളുടെ ശബ്ദം ഒരിക്കലും മുഴങ്ങാത്ത മോട്ടോര്‍ ബൈക്ക് കുത്തനെയോടിച്ച് കയറ്റാന്‍ പറ്റുന്ന ഒരു മൊട്ടക്കുന്നിന് മുകളിലെ സമതലത്തിലാണ്. അരണ്ട വെളിച്ചത്തില്‍ അകലങ്ങളിലെ താഴ്‌വാരങ്ങളില്‍ തെളിഞ്ഞ് നില്‍ക്കുന്ന ദീപബിന്ദുക്കള്‍ നക്ഷത്രക്കുഞ്ഞുങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ധൂമകേതുക്കളുടെ സഞ്ചാരവഴികള്‍ പോലെ ചിലത് അരിച്ച് നീങ്ങുന്നു. താഴെയുള്ളത് പാതയാകാം, അവിടെ വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ടാകാം.

ഇരുട്ടിനെ തുളച്ചാണ് മിന്നാമിനുങ്ങുകള്‍ മൊട്ടക്കുന്നില്‍ നിന്നും ആകാശച്ചുവരിലേക്ക് പലായനം തുടരുന്നത്. തികച്ചും അവിചാരിതമായാണ് ഈ യാത്രയുടെ കളമൊരുക്കം. മലകള്‍ക്ക് താഴെയും മുകളിലും തെരഞ്ഞെടുപ്പിന്റെ ചുടുകാറ്റ് വീശുന്നുണ്ട്. വേനല്‍ ഉള്ള് പൊള്ളിച്ച് തുടങ്ങിയപ്പോള്‍ ഉറച്ചതാണ് തണുപ്പരിച്ചിറങ്ങുന്ന ഒരിടത്തേക്ക് ബുള്ളറ്റിലൊരു യാത്ര.

travel-3

ഉച്ചയ്ക്ക് രണ്ട് മണിയോടെ തൃശൂര്‍ വിട്ടു. ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല തൊടുപുഴയിലെത്തും വരെ. അവിടെ വെച്ചാണ് വാഗമണിലെ തണുപ്പിലേക്ക് കയറാനുള്ള ചിന്ത മൂക്കുന്നത്. പിന്നെ ഒട്ടും ആലോചിച്ചില്ല കാഞ്ഞാറില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാഗമണിലേക്ക്. കുത്തനെയുള്ള കയറ്റങ്ങള്‍ തുടര്‍ച്ചയാണ്. ഊര്‍ദ്ധ്വശ്വാസം വലിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു ബുള്ളറ്റ്. ഒന്നാം ഗിയറില്‍ ആകാശത്തിന് മുകളിലേക്ക് റൈഡ്. പലപ്പോഴും കോടമഞ്ഞ് വഴികളെ മൂടി മടങ്ങുന്നുണ്ടായിരുന്നു. നിര്‍ത്തിയിട്ടും, ബീഡിക്കുറ്റികള്‍ക്ക് തീകൊടുത്തും യാത്ര തുടര്‍ന്നു. താഴെ മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വെളിച്ചം കാണാം. രാത്രി ഒന്‍പത് മണിയോടടുത്തപ്പോള്‍ തണുപ്പ് തലച്ചോറിലേക്ക് അരിച്ചിറങ്ങും പോലെ തോന്നി. വിശപ്പും കനക്കുകയായിരുന്നു. മൂലമറ്റത്തേക്കുള്ള വഴിയെ ഗൗനിക്കാതെ ബുള്ളറ്റ് പതുക്കെ മുന്നോട്ട് നീങ്ങി.

travel-2

പത്ത് മണിയോടെയാണ് വാഗമണ്‍ ടൗണിലെത്തുന്നത്. എവിടെ തങ്ങണമെന്നായിരുന്നു ചിന്ത. നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ മറ പറ്റി കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ തങ്ങള്‍പ്പാറയിലേക്ക് ഒരു കിലോമീറ്റര്‍ എന്നെഴുതിയ വഴിയിലേക്ക് വണ്ടിയോടിച്ചു. പാറ കഷ്ണങ്ങള്‍ ചിതറിക്കിടന്ന വഴിയിലൂടെയായിരുന്നു യാത്ര. മൂന്ന് കിലോ മീറ്റര്‍ മുന്നോട്ട് പോയപ്പോഴാണ് മൊട്ടക്കുന്നുകളുടെ നിര കണ്ടത്. വണ്ടി പോകുമെന്നുറപ്പുള്ള കുന്നിലേക്ക് ബുള്ളറ്റ് ഓടിച്ച് കയറ്റി. ടെന്റുയര്‍ന്നു, സ്ലീപ്പിംഗ് ബാഗ് അകത്ത് രണ്ടാക്കി വിരിച്ചു. പുറത്ത് മരം കോച്ചുന്ന തണുപ്പിലും ചൂട് പകരുന്നുണ്ട് ടെന്റിന്റെയകം. ഷഫീക്ക് രാത്രിയെയും ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്. ഇടക്ക് എപ്പോഴൊക്കെയോ കോടമഞ്ഞ് ഉടലിനെ പൊതിഞ്ഞ് കാഴ്ചകളെ മറച്ച് തിരിച്ചുപോകുന്നുണ്ട്. ബുള്ളറ്റിനെ ടെന്റിനോട് ചേര്ത്ത് തളച്ചു. ഉണരുന്ന സമയത്തൈ കാഴ്ചകള്‍ എങ്ങനെയുള്ളതായിരിക്കും. ചുറ്റിലുമുള്ള മലകളും താഴ്‌വരകളും പറയുന്ന കഥകളെന്തായിരിക്കും. ഓര്‍ത്തോര്‍ത്താണ് ടെന്റിലേക്ക് ചുരുണ്ടത്. ഉറക്കം ഓടിയടുത്തതും വീഴ്ത്തിയതും അറിഞ്ഞേയില്ല.

travel-4

മലകളിലുദിക്കുന്ന സൂര്യന്‍ ഒരു സ്വപ്നമാണ്. കുത്തിക്കുറിക്കല്‍ തുടങ്ങുന്ന കാലത്ത് സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് രേഖപ്പെടുത്തിയതില്‍ ഒരു മലയുണ്ടായിരുന്നു. മലക്ക് മുകളില്‍ പാതി പൊങ്ങിയ സൂര്യന്‍ രശ്മികളെ പൊഴിക്കുന്നുണ്ടായിരുന്നു. സ്ലേറ്റിലെ മലക്ക് താഴെ ഒഴുകുന്ന പുഴയും രണ്ട് താറാക്കുഞ്ഞുങ്ങളും തീരത്തൊരുവീടും ഒരു തെങ്ങുമുണ്ടായിരുന്നു. ആ സൂര്യനുണ്ടാകുമെന്ന് കരുതിയാണ് വെളിച്ചം വീഴുന്നതിന് തൊട്ടുമുമ്പേ ഉണര്‍ന്നത്.. എന്നേക്കാള്‍ മുമ്പെയുണര്‍ന്ന ഷെഫീക്കിനെയും നിരാശനാക്കി സൂര്യന്‍ ഉദിച്ചത് ഉച്ചിയിലാണ്. പക്ഷെ ഭൂമിയിലെ കാഴ്ച നിരാശയെ അതിജീവിക്കാനുതകും വിധമായിരുന്നു. ബുള്ളറ്റോടിച്ച് കയറ്റി ടെന്റടിച്ചത് കുന്നിന്റെ ഒത്ത മുകളില്‍ത്തന്നെ. ചുറ്റിലും പുല്‍മേടുകളാണ്. ദൂരെ കുരിശുനാട്ടിയ മലകാണാം. താഴ്‌വരയില്‍ കെട്ടിടങ്ങള്‍ തീപ്പെട്ടിക്കൂടുകള്‍ അടക്കിയ പോലെ ചിതറിക്കിടക്കുന്നു. ഒരു ഭാഗത്ത് കോടവിട്ടൊഴിയാത്ത ചോലക്കാട്.

travel-8

തണുപ്പ് പൂര്‍ണമായും വിട്ടൊഴിയുന്നില്ല. ടെന്റഴിച്ചശേഷം സ്ലീപ്പിംഗ് ബാഗ് മടക്കി പൊതിഞ്ഞ് കെട്ടി ബാക്ക് പാക്കും ചേര്‍ത്ത്് ബുള്ളറ്റിന് പിറകില്‍ വെച്ച് കെട്ടി. ഷഫീക്ക് പടങ്ങളെടുത്തു കൊണ്ടേയിരിക്കുന്നു, ഞങ്ങള്‍ തയ്യാറായി. ഞങ്ങള്‍ക്ക് ഒരു രാത്രി സ്വാസ്ഥ്യം സമ്മാനിച്ചതിന് നന്ദി സൂചനകമായി പുല്‍മേടിന് മുകളില്‍ ചിതറിക്കിടന്ന ഏതാനും പാറക്കഷ്ണങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായടുക്കിവെച്ച് ഒരു വടികുത്തിനിര്‍ത്തി . തിരിച്ചിറങ്ങുകയാണ്.

travel-5

ഒട്ടും വേഗമില്ലാതെയാണ് എന്റെ ബുള്ളറ്റ് യാത്രകള്‍. ചെറിയ വേഗത്തില്‍ കാണാനാകുന്ന വലിയ കാഴ്ചകളിലേക്കാണ് കണ്ണുകളെ ചേര്‍ത്തുവെക്കുന്നത്. താഴ്‌വരകള്‍ മീനച്ചൂടിലമരുമ്പോഴും വാഗമണില്‍ മഞ്ഞുപൂക്കുന്നുണ്ട്. ഏലപ്പാറ വഴി തിരിച്ചിറങ്ങി. മുല്ലപ്പെരിയാര്‍പേംടിയില്‍ കഴിയുന്ന ചപ്പാത്തും പിന്നിട്ട് കട്ടപ്പനയും ചെറുതോണിയും കടന്ന് തൊടുപുഴയിലേക്ക്. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കം, വിവിധ വ്യൂ പോയിന്റുകള്‍, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയിലക്കാടുകള്‍, കൊളുന്തുനുള്ളുന്ന മനുഷ്യര്‍, ആത്മഹത്യാമുനമ്പ്, ജലസംഭരണികള്‍, ഏലക്കാടുകള്‍, ഇനിയും മലിനമാകാത്ത കാഞ്ഞാറിലെ കുളിര്‍ കാഴ്ചകളും അനുഭവങ്ങളും മനസ് നിറച്ചാണ് പിന്മടക്കം. അങ്കമാലിയില്‍ നിന്നും തൃശൂരിലേക്ക് ബുള്ളറ്റ് പതിയെ നീങ്ങി.

യാത്രയൊടുങ്ങിയിട്ടും മഞ്ഞിന്റെ വഴികളവസാനിക്കുന്നില്ല.. ഇതൊരു തുടര്‍ച്ചയാണ്, വീണ്ടും അടുത്ത യാത്രക്ക് തയ്യാറാകുന്നതിനുള്ള ഇടവേളയിലേക്ക് മടങ്ങുന്നു.

ചിത്രങ്ങള്‍-ഷഫീക്ക് താമരശേരി

DONT MISS
Top