ലത്തൂരില്‍ അച്ഛനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച പതിനാലുകാരന്‍

lathur

ലാത്തൂര്‍: കൊടും വരള്‍ച്ചയുടെ പേരില്‍ ലത്തൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വരള്‍ച്ചയുടെ വാര്‍ത്തകളാണ് ലാത്തൂരില്‍ നിന്നും കേള്‍ക്കുന്നത്. അതേ ലാത്തൂരില്‍ നിന്ന്  മറ്റൊരു വാര്‍ത്ത എത്തുന്നു. മനോവിഷമം മൂലം ആത്മഹത്യയിലേക്ക് നീങ്ങിയ അച്ഛനെ അതില്‍ നിന്നും പിന്തിരിപ്പിച്ച ഒരു പതിനാലുകാരന്റെ വാര്‍ത്തയാണത്.

കടബാധ്യതയും ഒപ്പം സ്വന്തം മകള്‍ക്ക് ജോലി നിഷേധിക്കാനുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രമവുമാണ് 45 കാരനായ ധന്‍രാജ് ഷിന്‍ഡയെ ആത്മഹത്യയ്ക്ക പ്രേരിപ്പിച്ചത്. പക്ഷെ 14 കാരനായ മകന്‍ പൃഥ്വിരാജ് അച്ഛനെ പിന്തിരിപ്പിച്ച് ജിവിതത്തിലേക്ക് കൊണ്ടുവന്നു. പതിവിന് വിപരീതമായി തന്റെ മൊബൈല്‍ ഫോണോ ബാഗോ ജോലി സാധനങ്ങളോ ഇല്ലാതെ പറമ്പിലേക്ക് ധൃതിയില്‍ പോയ അച്ഛന് പിറകെ ആ കണ്ണുകള്‍ ഉണ്ടായിരുന്നു. കൈയ്യില്‍ കയറുമായാണ് അച്ഛന്‍ പോകുന്നതെന്ന് പൃഥ്വിരാജ് കണ്ടെത്തി. ഉടന്‍ അച്ഛനെ തടഞ്ഞു നിര്‍ത്തി ശാന്തമാക്കി തിരികെ കൊണ്ടുവരികയായിരുന്നു. അച്ഛന്‍ ആത്മഹത്യ ചെയ്താല്‍ തങ്ങള്‍ ആരും നോക്കാനില്ലാതെ അനാധരാകുമെന്ന മകന്റെ വിങ്ങുന്ന വാക്കുകള്‍ക്ക് മുന്നില്‍ ഷിന്‍ഡെ നിസ്സഹായനായി. ഒടുവില്‍ ജീവിതം ഒടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് നാല് പെണ്‍കുട്ടികളും ഭാര്യയും മകനുമൊപ്പമുള്ള ജീവിതത്തിലേക്ക് തിരിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ലാത്തൂരിലെ ഷിരൂര്‍ ആനന്ത്പാല്‍ വില്ലേജ് കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം നേരിടുകയാണ്. ഷിന്‍ഡെയുടെ സാമ്പത്തിക ബാധ്യത ഏതാണ്ട് 15 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ അതിനേക്കാളേറെ തന്റെ മകള്‍ സൊനാലിക്ക് വയര്‍ലെസ് ഓപ്പറേറ്ററായി ജോലി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാലതമാസം വരുത്തിയതാണ് പെട്ടെന്ന് അത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ ഷിന്‍ഡെയെ പ്രേരിപ്പിച്ചത്.

എന്റെ കുട്ടികള്‍ക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്. അവര്‍ സ്വന്തംകാലില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. പ്രകൃതി എന്നെ സഹായിക്കുന്നില്ലെങ്കില്‍ ഞാന്‍ എന്റെ കുട്ടികളുടെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് ഭയപ്പെട്ടു. ഷിന്‍ഡെ പറഞ്ഞു. ഒരു നല്ല മഴകിട്ടിയാല്‍ എല്ലാം ശരിയാകുമെന്നും എന്നാല്‍ അതുവരെ കാത്തിരുന്നാല്‍ മക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്നും ഷിന്‍ഡെ പറയുന്നു.

വിദ്യാഭ്യാസം മാത്രമാണ് തങ്ങള്‍ക്ക് മുന്നോട്ടു പോകാനുള്ള ഏകമാര്‍ഗ്ഗമെന്ന് 22 കാരിയായ മകള്‍ സൊനാലി പറയുന്നു. കൃഷിയില്‍ എല്ലാം അനിശ്ചിതത്വമാണ്, മാത്രമല്ല അധികം വരുമാനമൊന്നും ലഭിക്കുകയുമില്ല. ഏതെങ്കലും ഒരു ഫീസില്‍ ക്ലാസ് 1 ഓഫീസര്‍ ആവുക എന്നതാണ് എന്റെ ആഗ്രഹം. സൊനാലി പറഞ്ഞു.

DONT MISS
Top