പണം വാങ്ങി വോട്ട് ചെയ്യുന്നവര്‍ക്ക് ലഭിക്കുക കള്ളനായ നേതാവിനെ: കമലഹാസന്‍

Kamal Hasan

ചെന്നൈ: രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി വോട്ടുചെയ്യുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍. വോട്ടിനായി നിങ്ങള്‍ പണം വാങ്ങിയാല്‍ നിങ്ങള്‍ക്ക് ഒരു കള്ളനെയായിരിക്കും നേതാവായി ലഭിക്കുകയെന്ന് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് എന്റെ വീട് എന്റെ നാട് എന്ന ബോധം ഉണ്ടാകണമെന്നും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന നേതാക്കള്‍ പണം വാങ്ങുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏത് പാര്‍ട്ടി അല്ലെങ്കില്‍ ഏത് നേതാവ് പണം കൊടുക്കുന്നു എന്നതല്ല വിഷയം. പക്ഷെ പണം വാങ്ങുന്നവര്‍ക്ക് അത് നാണക്കേടല്ലെ. ഒരു തമിഴ് ചാനലിനോട് അദ്ദേഹം പറഞ്ഞു. വോട്ടിന് പണം വാങ്ങുന്ന ഒരാള്‍ക്ക് മികച്ച ഭരണം കാഴ്ചവെക്കാത്ത ഒരു മന്ത്രിയേയോ, അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനേയോ ചോദ്യം ചെയ്യാനുള്ള ധാര്‍മികമായ അവകാശം നഷ്ടമാവുകയാണ്. കാരണം പണം വാങ്ങുന്നതിലൂടെ നിങ്ങളും അതേ കുറ്റമാണ് ചെയ്യുന്നത്. കമല്‍ പറഞ്ഞു.

പണം വാങ്ങാതിരുന്നാല്‍ നിങ്ങള്‍ക്ക് ഏത് രാഷ്ട്രീയക്കാരനേയും ചോദ്യം ചെയ്യാനാകുമെന്ന് കമല്‍ ഹാസന്‍ പറയുന്നു. തമിഴ്‌നാട്ടില്‍ പണം നല്‍കി വോട്ടുനേടുന്ന പ്രവണത വളരെ രൂക്ഷമായ രീതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് കമല്‍ രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ വോട്ടര്‍മാരെ പണം കൊടുത്ത് പ്രലോഭിപ്പിക്കുന്നതിനാല്‍ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും കര്‍ശന നിരീക്ഷണത്തിലാണ് നടക്കുന്നത്. 2009 ലെ തിരുമംഗലം ഉപതിരഞ്ഞെടുപ്പിലാണ് ഇത്തരത്തിലുള്ള ആദ്യസംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിട്ടുണ്ട്.

DONT MISS
Top