ശബ്ദമലിനീകരണത്തിന്റെ കാര്യത്തില്‍ മുംബൈ ഒന്നാമത്

noisy

ദില്ലി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണം നടക്കുന്ന നഗരമെന്ന വിശേഷണം മുംബൈയ്ക്ക്. 2011-14 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദസുരക്ഷാ ലംഘനങ്ങള്‍ ഇവിടെയാണ് നടന്നിരിക്കുന്നത്. അതേസമയം വായു മലിനീകരണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ദില്ലി ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ലഖ്‌നൗ, ഹൈദരാബാദ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ദില്ലിയേക്കാള്‍ പച്ചപ്പും റോഡിന്റെ വശങ്ങളില്‍ മരത്തോപ്പുകളും ഉണ്ടായിട്ടും ലഖ്‌നൗ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ വന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മോട്ടോര്‍ വാഹനങ്ങളാണ് ശബ്ദമലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ജനറേറ്ററുകള്‍, ഓഫീസ് മെഷീനുകള്‍, എയര്‍ക്രാഫ്റ്റുകള്‍, വ്യവസായ-നിര്‍മാണ മേഖലകളും ശബ്ദമലിനീകരണത്തിന് കാരണമാകുന്നുണ്ട്.

പരിധി കടന്നുള്ള ശബ്ദകോലാഹലങ്ങള്‍ എങ്ങനെയാണ് അക്രമവാസന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കേള്‍വിക്കുറവ്, സ്വസ്ഥമല്ലാത്ത ഉറക്കം എന്നിവയ്ക്ക് കാരണമാകുന്നത് എന്നത് സംബന്ധിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ 55 ഡെസിബെല്ലും രാത്രികാലങ്ങളില്‍ 45 ഡെസിബെല്ലുമാണ് അനുവദനീയമായ ശബ്ദപരിധി.

അമിത ശബ്ദം ചെവിയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത മറവിക്കും കടുത്ത വിഷാദത്തിനും ചിലനേരങ്ങളില്‍ അക്രമ വാസനയ്ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് നഗരങ്ങിലെ 35 ഓളം കേന്ദ്രങ്ങളില്‍ നിലവില്‍ ശബ്ദമലിനീകരണ തോത് നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 18 സംസ്ഥാനങ്ങളിലെ 160 കേന്ദ്രങ്ങളില്‍ക്കൂടി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

DONT MISS
Top