ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പുഷ്പങ്ങളില്‍ നിന്നും ചന്ദനത്തിരി; ബിസിനസില്‍ പുത്തന്‍ വഴി തേടുന്നവര്‍ക്ക് യുവാവ് മാതൃകയാകുന്നു

nikhil-r

മുംബൈ: ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് ശേഷം വലിച്ചെറിയുന്ന പുഷ്പങ്ങള്‍ ശേഖരിച്ച് വ്യത്യസ്തമായ ഒരു വ്യാവസായിക സംരഭത്തിന് തുടക്കമിട്ടിരിക്കുകയാണ് മുംബൈ സ്വദേശിയായ നിഖില്‍ ഗാംപ. മുംബൈയുടെ പരിസരപ്രദേശത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നും പുഷ്പങ്ങള്‍ ശേഖരിച്ച് ചന്ദനത്തിരിയുണ്ടാക്കി പരീക്ഷണ വിജയം നേടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. പുതിയ ആശയങ്ങളും ലക്ഷ്യങ്ങളുമായി ബിസിനസ് രംഗത്തേക്ക് എത്തുന്ന യുവാക്കള്‍ക്ക് ഇതൊരു പ്രചോദനമാകുമെന്ന് നിഖില്‍ പറയുന്നു.

ഗ്രീന്‍ വേവ് എന്നു പേര് നല്‍കിയിട്ടുള്ള നിഖിലിന്റെ ചന്ദനത്തിരി ബിസിനസ് ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോട് അടുക്കുകയാണ്. മുംബൈയിലെ ജനങ്ങള്‍ക്കിടയില്‍ ഇഷ്ടം പിടിച്ചുപറ്റാന്‍ സാധിച്ച ‘ഗ്രീന്‍ വേവ്’ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിഖില്‍. ഇതിന് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പിന്തുണയുമുണ്ട്.

മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കാലത്താണ് ക്ഷേത്രങ്ങളില്‍ ഉപയോഗശൂന്യമാകുന്ന പുഷ്പങ്ങളില്‍ നിന്നും ചന്ദത്തരി നിര്‍മ്മിക്കാനുള്ള ആശയം നിഖിലിന് വീണു കിട്ടിയത്. പഠനത്തിന്റെ ഭാഗമായുള്ള ഒരു യാത്രയില്‍ മധ്യപ്രദേശിലെ ജാബുവയിലുള്ള ഒരു ക്ഷേത്രത്തിലും മറ്റു ചില പ്രദേശങ്ങളിലും നിഖിലിന് തങ്ങേണ്ടിവന്നു. ജാബുവയിലെ മിക്ക ഗ്രാമങ്ങളിലും മലേറിയ പോലുള്ള പകര്‍ച്ചാവ്യാധികള്‍ വ്യാപകമായിട്ടുള്ളത് നിഖിലിന്റെ ശ്രദ്ധയില്‍പ്പെട്ടു. മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ലാത്തതാണ് പകര്‍ച്ചാവ്യാധികര്‍ പടര്‍ന്നുപിടിക്കാനുള്ള കാരണമെന്നു മനസിലാക്കിയ നിഖില്‍ അതിനു വേണ്ടി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിച്ചു. അതില്‍ നിന്നുമാണ് ചന്ദനത്തിരി നിര്‍മ്മാണത്തിലേക്ക് എത്തിയതെന്ന് നിഖില്‍ പറയുന്നു. ഇതിന് വേണ്ടി വിശദമായ പഠനങ്ങളും നടത്തി. എഞ്ചിനീയര്‍മാരുടെ ഉള്‍പ്പെടെയുള്ളവരുടെ സഹായമാണ് ഇതിനുവേണ്ടി നിഖില്‍ തേടിയത്.

പരീക്ഷണമെന്നോണം മുംബൈയിലെ ട്രോംബെ, ചെമ്പൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുമാണ് നിഖില്‍ പുഷ്പങ്ങള്‍ ശേഖരിച്ചത്. സമീപവാസികളായ സ്ത്രീകളുടെ സഹായത്തോടെയായിരുന്നു പൂ ശേഖരണം. ഇത്തരത്തില്‍ ശേഖരിച്ച പൂക്കള്‍ ഉണക്കിയെടുത്ത ശേഷം പൊടിച്ചു. ഇതിനൊപ്പം ബൈന്‍ഡിങ് പൗഡറും ചേര്‍ത്ത് കൂട്ടികലര്‍ത്തിയ ശേഷം ചെറിയ മുളങ്കമ്പില്‍ തേയ്ച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരാഴ്ച 15 കിലോയോളം ചന്ദനത്തരികളാണ് നിഖില്‍ നിര്‍മ്മിക്കുന്നത്. പൂക്കള്‍ ശേഖരിക്കുന്നതിനും അവ ഉണക്കിയെടുക്കുന്നതിനുമാണ് സമയം അധികമായി വേണ്ടി വരുന്നതെന്ന് നിഖില്‍ പറയുന്നു.

കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി ചന്ദനത്തിരി ബിസിനസ് വികസിപ്പിക്കാനാണ് നിഖില്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനുവേണ്ടി സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. ഓണ്‍ ലൈന്‍വഴി ചന്ദനത്തിരി വിപണിയിലെത്തിക്കാനുള്ള ശ്രമവും നടന്നു വരികയാണ്.

DONT MISS
Top