സച്ചിന് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍, ആഘോഷം വ്യത്യസ്തമാക്കി ഇതിഹാസം

sachin ten

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ക്രിക്കറ്റിന്റെ പര്യായമായി മാറിയ വാക്ക്. ലോകമെമ്പാടുമുള്ളവര്‍ ക്രിക്കറ്റിലുമുപരിയായി ആരാധനയോടെ മനസില്‍ കാത്തുവെച്ചിരിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്ന്. ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍ ദിനത്തിന്റെ നിറവിലാണ് സച്ചിന്‍ എന്ന അത്ഭുതം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങളായെങ്കിലും സച്ചിന്‍ എന്ന വാക്ക് ഇന്നും കായിക പ്രേമികളില്‍ പ്രതിധ്വനിച്ച് കൊണ്ടിരിക്കുകയാണ്.

അത്രയേറെയാണ് സച്ചിന്‍ ജനങ്ങളില്‍ ചെലുത്തിയിരിക്കുന്ന സ്വാധീനം. കളത്തിനകത്തും പുറത്തും ആ മനുഷ്യന്റെ ഓരോ നീക്കങ്ങളും അറിയാന്‍ ഇന്നും ഏവരും കാത്തിരിക്കുന്നു. ഇന്ന് പിറന്നാള്‍ ദിനവും വ്യത്യസ്തമാര്‍ന്ന രീതിയിലൂടെയാണ് സച്ചിന്‍ തുടങ്ങിയത്. മുംബൈയിലെ എംഐജി ക്ലബ്ബില്‍ കുട്ടികളുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് താരം തുടക്കം കുറിച്ചത്. മേക്ക് എ വിഷ് ഇന്ത്യ എന്ന സംഘടനയില്‍ നിന്നുള്ള കുട്ടികളുമൊത്തായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ ക്രിക്കറ്റ് കളി. ഇതിന്റെ 11 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും സച്ചിന്‍ ഫെയ്‌സ് ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2013 നവംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ വിരമിച്ചപ്പോള്‍ അതൊരു ചരിത്രത്തിന്റെ അവസാനം കൂടിയായിരുന്നു. 24 വര്‍ഷം നീണ്ട ക്രിക്കറ്റ യാത്രയുടെ വിജയപൂര്‍ണമായ പര്യവസാനം. ജീവിതത്തിന്റെ ഏറിയ പങ്കും പച്ചപ്പിന്റെ നടുവിലെ 22 വാരകള്‍ക്കിടയില്‍ വൈഷമ്യമേതുമില്ലാതെ ഓടിത്തീര്‍ത്ത ജന്‍മം. ഈ ഓട്ടത്തിനിടയില്‍ ക്രിക്കറ്റ് ലോകത്തെ ഏതാണ്ട് എല്ലാ നേട്ടങ്ങളും കാല്‍ക്കീഴിലൊതുക്കി. 200 ടെസ്റ്റുകള്‍, 15,921 റണ്‍സ്, 51 സെഞ്ച്വറികള്‍, 463 ഏകദിനങ്ങള്‍, 18,426 റണ്‍സ്, 49 സെഞ്ച്വറികള്‍, 62 മാന്‍ ഓഫ് ദി മാച്ച്, 15 മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡുകള്‍. ഇക്കാര്യങ്ങളിലെല്ലാം ഇന്നും മുമ്പന്‍. അടുത്തകാലത്തൊന്നും മറ്റാര്‍ക്കും മാറ്റം വരുത്താന്‍ സാധിച്ചെന്നു വരാത്ത അക്കക്കൂട്ടുകള്‍.

sachin-1

എന്നാല്‍ ഈ കണക്കുകള്‍ മാത്രമായിരുന്നില്ല സച്ചിന്‍. ക്രിക്കറ്റിനെ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരുപോലെ വികാരമായി മാറിയ ജന്‍മമായിരുന്നു അത്. കളത്തിനകത്തും പുറത്തും ഏവര്‍ക്കും മാതൃകയായ വ്യക്തിയായിരുന്നു സച്ചിന്‍. ഇന്ത്യയെന്ന വികാരം സച്ചിന്‍ നെഞ്ചേറ്റിയപ്പോള്‍ സച്ചിനെന്ന വികാരം ഇന്ത്യക്കാരില്‍ അലിഞ്ഞുചേര്‍ന്നു. ജന്‍മം കൊണ്ട് സച്ചിനായി തീരാന്‍ ആഗ്രഹിച്ചു ഓരോരുത്തരും. ക്രിക്കറ്റ് കളിക്കാന്‍ തന്നെ കാരണം സച്ചിന്‍ എന്ന പ്രതിഭാസമാണെന്ന് സെവാഗും കോഹ്ലിയും തുറന്നുസമ്മതിച്ചിട്ടുണ്ട്. സച്ചിനൊപ്പം കളിച്ച് ആ അവതാര പുരുഷന്റെ പ്രതിരൂപമെന്ന വിശേഷണം സെവാഗ് നേടിയെടുത്തു. കോഹ്ലിയാകട്ടെ ഇന്ന് ആ റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തി ക്രിക്കറ്റ് ദൈവത്തിന് നേരെ ശിരസ്സ് കുനിച്ച് നില്‍ക്കുന്നു.

ക്രിക്കറ്റ് ഇനിയും തുടരും, താരങ്ങള്‍ ഇനിയും വരും, ഒരു പക്ഷേ സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കപ്പെട്ടെന്നുമിരിക്കും. പക്ഷെ ഇനി ഉണ്ടാകില്ല ഇതുപൊലൊരു താരം, ഇങ്ങനൊരു അവതാരം.

DONT MISS