കറന്റും വഴിയുമില്ല; ഝാര്‍ഖണ്ഡിലെ ഈ ഗ്രാമത്തിന് വെള്ളവും അന്യമാകുന്നു

JA-R

ഖൂംഡി: കറന്റിനും വഴിയ്ക്കും പുറമെ വെള്ളത്തിന്റെ അഭാവത്താല്‍ ദുരിതമനുഭവിക്കുകയാണ് ഝാര്‍ഖണ്ഡിലെ ഖൂംഡി ജില്ലയിലെ ജില്ലിംകെല ഗ്രാമവാസികള്‍. വെളിച്ചത്തിനും വഴിയ്ക്കും വേണ്ടിയിട്ടുള്ള ഗ്രാമവാസികളുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനു പുറമെയാണ് വേനല്‍ കനത്തപ്പോഴുള്ള വെള്ളത്തിന്റെ അഭാവം. ഇവിടെ മിക്ക പ്രദേശങ്ങളിലും വെള്ളം കിട്ടാക്കനിയാണ്.

കിലോമീറ്ററുകള്‍ താണ്ടിവേണം ഇവര്‍ക്ക് വെള്ളം കണ്ടെത്താന്‍. ചിലര്‍ ദിവസവും പത്തുകിലോമീറ്റര്‍ വരെ നടക്കുന്നു. ഒരു ഗ്രാമത്തില്‍ നിന്നും നടന്ന് മറ്റൊരു ഗ്രാമത്തിലെത്തി വെള്ളം ശേഖരിക്കേണ്ട അവസ്ഥയുള്ളവരുമുണ്ട്. വേനല്‍ കനത്തതോടെ മിക്ക വീടുകളിലേയും കിണറുകള്‍ വറ്റിത്തുടങ്ങി. കുടിയ്ക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയുള്ളതുകൊണ്ട് പലരും കുളി തന്നെ വേണ്ടെന്നു വെച്ചിരിക്കുന്നു. കുളിക്കുന്നതാണെങ്കില്‍ അഴുക്കുവെള്ളത്തിലും.

കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഗ്രാമത്തില്‍ ജല ലഭ്യത കുറഞ്ഞു തുടങ്ങിയത്. ഗ്രാമവാസികള്‍ വെള്ളത്തിനുവേണ്ടി ആശ്രയിച്ചിരുന്ന അരുവികളും കുളങ്ങളും വറ്റിത്തുടങ്ങി. ഒരു വീട്ടില്‍ പത്തുപേര്‍ വരെയുള്ള നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഏഴുപേര്‍ വരെയുള്ള ശ്രുജാന്‍ പൂര്‍ത്തിയുടെ കുടുംബം വെള്ളം കിട്ടാതായതോടെ വെള്ളത്തിന്റെ ഉപയോഗം കുറച്ചു. കുളിയും തുണി അലക്കലുമെല്ലാം വല്ലപ്പോഴും മാത്രമാക്കിയതായി ശ്രുജാന്‍ പറയുന്നു. വഴിയുടെ അഭാവമുള്ളതുകൊണ്ട് കിലോമീറ്ററുകള്‍ താണ്ടിവേണം പോകാനെന്നും ഇത് പലപ്പോഴും സാധിക്കാറില്ലെന്നും ആവശ്യമുള്ള വെള്ളം ഒരുമിച്ചാണ് ശേഖരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് 65 കാരനായ കിയോളി നാഗെ ചെയ്യുന്നത് മറ്റൊരു കാര്യമാണ്. നടക്കുന്ന സമയം ലാഭിച്ച് അദ്ദേഹം കിണറ്റിലുള്ള വെള്ളം കുറച്ചു വീതം കോരിയെടുക്കും. ചെറിയൊരു ബക്കറ്റ് കെട്ടിയാണ് അദ്ദേഹം വെള്ളം കോരിയെടുക്കുന്നത്. അല്‍പമായാണെങ്കിലും അത്യാവശ്യത്തിനുള്ള വെള്ളം കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. വെള്ളത്തിന്റെ ലഭ്യതക്കുറവ് കര്‍ഷകരേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. 57 കാരനായ ജോസഫിന്റെ ഉരുളക്കിഴങ്ങ് കൃഷിയും മുള്ളങ്കി കൃഷിയുമെല്ലാം അവതാളത്തിലായി.

വികസനം എത്തിനോക്കിയിട്ടില്ലാത്ത ജില്ലിംകെലയിലെ മിക്ക പ്രദേശങ്ങളും മാവോയിസ്റ്റുകളുടെ പിടിയിലാണ്. കറന്റും വഴിയും വെള്ളവുമില്ലാതെ കഷ്ടപ്പെടുന്ന ഇവര്‍ മാവോയിസ്റ്റുകളെ പേടിച്ചാണ് ജീവിക്കുന്നത്. കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും ഗ്രാമവാസികള്‍ക്ക് അത് ദിവാസ്വപ്‌നം മാത്രമാണ്.

DONT MISS
Top