വിവാദ പരാമര്‍ശം: രൂപാ ഗാംഗുലിയോട് തൃണമൂല്‍ നേതാവ് മാപ്പ് പറഞ്ഞു

roopa-ganguli

കൊല്‍ക്കത്ത: നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രൂപാ ഗാംഗുലിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ റസാഖ് മൊല്ല മാപ്പ് പറഞ്ഞു. രൂപയ്‌ക്കെതിരെ താന്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തെറ്റായിപ്പോയെന്നും ക്ഷമ ചോദിക്കുന്നതായും റസാഖ് മൊല്ല പറഞ്ഞു. പരാമര്‍ശങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വിവാദമായതിനെ തുടര്‍ന്നാണ് മൊല്ല ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

രൂപാ ഗാംഗുലി വലിക്കുന്ന സിഗരറ്റിന്റെ വലുപ്പം തനിക്കറിയാമെന്നും അവര്‍ ശരിക്കും ഒരു ദ്രൗപതിയാണെന്നുമായിരുന്നു റസാഖ് മൊല്ലയുടെ പരാമര്‍ശം. ഒരു ലോക്കല്‍ ചാനലിലൂടെയായിരുന്നു അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. എന്നാല്‍ ഇതിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. പാര്‍ട്ടി നേതാവും എംപിയുമായ മൂണ്‍ മൂണ്‍ സെന്‍ അദ്ദേഹത്തെ ശക്തമായി വിമര്‍ശിച്ചു. റസാഖ് മൊല്ലയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്യണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ചുളുവില്‍ പബ്ലിസിറ്റി നേടുന്നതിന് വേണ്ടിയാണ് അദ്ദേഹം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സംഭവത്തോട് രൂപാ ഗാംഗുലി പ്രതികരിച്ചത്. പ്രശസ്ത ടെലിവിഷന്‍ സീരിയലായിരുന്ന മഹാഭാരത്തിലെ ദ്രൗപതിയുടെ വേഷം ചെയ്തതിലൂടെ ഏവര്‍ക്കും സുപരിചിതയായ നടിയാണ് രൂപാ ഗാംഗുലി. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൗറ നോര്‍ത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടുകയാണ് രൂപാ.

മുന്‍പ് ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന റസാഖ് മൊല്ല ഈ വര്‍ഷം ഫെബ്രുവരിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

DONT MISS
Top