കണ്ണുകള്‍ കാലിടറി… കുഞ്ചാക്കോ ബോബനും ശ്യാമിലിയും ഒന്നിച്ച് അഭിനയിച്ച ഗാനം

vallim

കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാനായകന്‍മാരാകുന്ന വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ കണ്ണുകള്‍ കാലിടറി എന്ന ഗാനം പുറത്തുവന്നു. സൂരജ് എസ് കുറുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂരജ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതി സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ പുറത്തു വന്ന അടിപൊളി ഗാനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവാഗതനായ ഋഷി ശിവകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സമീപകാല മലയാളചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആഖ്യാനശൈലിയും അവതരണവുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. തൊണ്ണൂറുകളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ഒരു സിക്ലാസ് തീയറ്ററും ഗ്രാമത്തിലെ പത്ത് ദിവസത്തെ ഉത്സവവും കഥയില്‍ വിഷയമാകുന്നു. ഗ്രാമത്തിലെ തീയറ്ററിലെ പ്രോജക്ട് ഓപ്പറേറ്ററിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.

മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഏപ്രില്‍ 28-ന് ചിത്രം തീയറ്ററുകളില്‍ എത്തും.

DONT MISS