30 വര്‍ഷത്തിനിടെ ഹൈദരാബാദില്‍ ജല അടിയന്തിരാവസ്ഥ

drought

തെലങ്കാന: തെലങ്കാനയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന നാല് പ്രധാന ജല സംഭരണികള്‍ വറ്റിവരണ്ടതോടെ സംസ്ഥാനത്ത് ജല അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായി ഹൈദരാബാദ് ഭരണകൂടം. സിംഗൂര്‍, മഞ്ജീര, ഉസ്മാന്‍ സാഗര്‍, ഹിമായത്ത് സാഗര്‍ എന്നീ സംഭരണികളാണ് വറ്റിയത്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അവസ്ഥയെന്നും തെലങ്കാന മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെടി രാമറാവു വ്യക്തമാക്കി.

ഹൈദരാബാദ് നഗരത്തില്‍ ഓരോ ദിവസവും 660 ദശലക്ഷം ഗ്യാലന്‍ വെള്ളം ആവശ്യമാണ്, എന്നാല്‍ 335 ദശലക്ഷം ഗ്യാലന്‍ വെള്ളം മാത്രമാണ് വിതരണം ചെയ്യാന്‍ കഴിയുന്നത്. ജലസംഭരണികളില്‍ നിന്നും നഗരത്തിലേക്കുള്ള ജലവിതരണത്തില്‍ 47 ശതമാനമാണ് കുറഞ്ഞത്. 200 കിലോമീറ്ററോളം അകലെയുള്ള ഗോദാവരി, കൃഷ്ണ നദികളില്‍ നിന്നും വെള്ളമെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണെന്നും മന്ത്രി പറഞ്ഞു. ഹൈദരാബാദില്‍ വീടുകലില്‍ ഇപ്പോള്‍ ജലവിതരണം നടക്കുന്നത് ഇടവിട്ട ദിവസങ്ങളിലാണ്. സംസ്ഥാനത്തെ വരള്‍ച്ച മുക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഭഗീരഥ് പദ്ധതിക്ക് കീഴില്‍ ടാങ്കുകള്‍ വൃത്തിയാക്കാനും ധാരണയായിട്ടുണ്ട്. ഹൈദരാബാദിലേക്ക് വെള്ളമെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ വരള്‍ച്ച നേരിടുന്ന പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് തെലങ്കാന.

DONT MISS
Top