റാംപില്‍ ചുവടുവെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍

trans-r

ദില്ലി: ഭിന്നലിംഗക്കാരായി ജനിച്ചതിന്റെ പേരില്‍ നിരവധി പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടിവന്നവര്‍ നമുക്കിടിയിലുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി അവരില്‍ പലരും രംഗത്തിറങ്ങിത്തുടങ്ങി. ലൈംഗിക തൊഴിലും ഭിക്ഷാടനവും മാത്രമല്ല തങ്ങള്‍ക്കനുയോജ്യമെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. റാംപും തന്നെപ്പോലെയുള്ളവര്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഭിന്നലിംഗ അവകാശ പ്രവര്‍ത്തക ലക്ഷ്മി നാരായണ്‍ തിരുപതി. ഇന്ത്യ റണ്‍വെ വീക്ക് 2016 ന്റെ ആറാം പതിപ്പില്‍ ജുവലറി ഡിസൈനര്‍ ആകാശ് കെ അഗര്‍വാളാണ് ലക്ഷ്മിയെ മോഡലായി അവതരിപ്പിച്ചത്. ബോളിവുഡ് നടി മന്ദിര ബേദിയും ഒപ്പമുണ്ടായിരുന്നു. ഭിന്നലിംഗക്കാര്‍ക്കും ഉപയോഗിക്കുന്നവിധത്തിലുള്ള സമ്മര്‍ കളക്ഷന്‍സാണ് ആകാശ് അവതരിപ്പിച്ചത്.

trans-r-2

പുരുഷാധിപത്യമുള്ള സമൂഹത്തില്‍ സ്ത്രീകളും എല്‍.ജി.ബി.ടിയും ഉള്‍പ്പെടെയുള്ളവര്‍ കടന്നു പോകുന്നത് വളരെ മോശമായ സാഹചര്യങ്ങളിലൂടെയാണെന്ന് ആകാശ് പറഞ്ഞു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഇത്തവണത്തെ ഇന്ത്യ റണ്‍വെ വീക്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയെ അവതരിപ്പിച്ചതെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസമായി ദില്ലിയില്‍ നടന്ന ഫാഷന്‍ വീക്കില്‍ 16 വയസുള്ള കാന്‍സര്‍ രോഗി ചെസി അന്ന ബേസിലും ചുവടുവെച്ചു. ‘മേക്ക് എ വിഷ്’ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ചെസിയുടെ കടന്നു വരവ്. ഞായറാഴ്ചയായിരുന്നു ഇന്ത്യ റണ്‍വെ വീക്കിന്റെ സമാപനം.

DONT MISS
Top