വിഷവസ്തുക്കള്‍ കടലില്‍ത്തള്ളുന്നവര്‍ ശ്രദ്ധിക്കൂ; അത് നിങ്ങളിലേക്ക് തന്നെ തിരിച്ചെത്താം

fish-r

കാലിഫോര്‍ണിയ: കടലില്‍ത്തള്ളുന്ന വിഷവസ്തുക്കള്‍ മനുഷ്യനിലേക്കുതന്നെ തിരിച്ചെത്തുന്നതായി പഠനം. കടല്‍ മത്സ്യങ്ങള്‍ ഭക്ഷിക്കുമ്പോഴാണ് ഇത് മനുഷ്യ ശരീരത്തിലെത്തുക. കാലിഫോര്‍ണിയയിലെ സാന്‍ഡീഗോയിലെ സ്‌ക്രിപ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. കടല്‍ മത്സ്യമായ യെല്ലോ ഫിന്‍ ട്യൂണയെ പഠന വിധേയമാക്കിയപ്പോള്‍ അതിന്റെ ശരീരത്തില്‍ നിന്നും ഡിഡിറ്റി, പിസിബി പോലെയുള്ള കൂളന്റുകള്‍, അപ്‌ഹോള്‍സ്റ്ററി ഫോമിലുപയോഗിക്കുന്ന ഫ്‌ളെയിം റിറ്റാര്‍ഡന്റുകള്‍ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇത് മനുഷ്യ ശരീരത്തിലെത്തുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യനില്‍ നിന്നും തിമിംഗലം, ഡോള്‍ഫിന്‍, സീല്‍ എന്നിവയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിലെത്തുന്ന വിഷവസ്തുക്കള്‍ കോശങ്ങള്‍ക്കുള്ളിലെ ഒരു ചെറിയ പമ്പില്‍ അടിഞ്ഞു കിടക്കും. ഇത് ഇടയ്ക്കിടെ ശരീരം പുറം തള്ളുമെന്നും രോഗങ്ങള്‍ക്ക് ചികിത്സ തേടുമ്പോള്‍ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ക്യാന്‍സര്‍പോലെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും ഈ പമ്പുകള്‍ വളരെ വേഗത്തില്‍ പുറന്തള്ളും. ഇത് പലപ്പോഴും മരുന്നു കമ്പനികളെ പ്രതിരോധത്തിലാക്കുന്നുണ്ട്.

പിറന്നു വീഴുന്ന കുഞ്ഞുങ്ങളിലേക്കും വിഷ വസ്തുക്കള്‍ എത്തിച്ചേരുന്ന സാഹചര്യമുണ്ട്. കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷി കാര്യക്ഷമമല്ല എന്നുള്ളതുകൊണ്ട് രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. മത്സ്യം കഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിര്‍ത്താമെന്നാണ് ഗവേഷകരുടെ പക്ഷം.

DONT MISS
Top