‘അല്‍ഫോണ്‍സ് ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം’; ജൂറിയുടെ പരാമര്‍ശത്തിനെതിരെ ബി ഉണ്ണികൃഷ്ണന്‍

Untitled-1

കൊച്ചി: സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം പ്രേമം പരിഗണിക്കാഞ്ഞതിന് കാരണം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഉഴപ്പന്‍ നയമാണെന്നു പറഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറി ചെയര്‍മാന്‍ മോഹന് മറുപടിയുമായി സംവിധാകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്.

ഈ ചിത്രം കണ്ടിട്ട്, ഇതിന്റെ ആദ്യപകുതിക്ക് ഏകാഗ്രതയില്ലാ, ഇതിന് ഘടനയില്ല, ഫോക്കസില്ലാ, ഇത് ഉഴപ്പിയെടുത്തതാണ് എന്നൊക്കെ പറയാന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന മോഹന്‍ സാറിന് എങ്ങനെ തോന്നിയെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതിനേക്കാള്‍ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. ഇത് ഉഴപ്പലാണെങ്കില്‍ അല്‍ഫോന്‍സ് താങ്കള്‍ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക് പറയാനുള്ളൂവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഉണ്ണികൃഷ്ണന്റെ പ്രതികരണം.

പ്രേമത്തെ എന്തു കൊണ്ട് ഒഴിവാക്കിയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ജൂറി ചെയര്‍മാനും സംവിധായകനുമായ മോഹനന്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഉഴപ്പന്‍ നയം സ്വീകരിച്ചു എന്ന് പറഞ്ഞത്. പ്രേമത്തിന്റെ മേക്കിംഗിലേക്ക് എത്തുമ്പോള്‍ ഒരു ഉഴപ്പന്‍ നയമാണ് അല്‍ഫോണ്‍സ് പുത്രന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഒരു ഘട്ടത്തിലും പ്രേമത്തെ അവാര്‍ഡിനായി പരിഗണിച്ചിരുന്നില്ലെന്ന് മോഹന്‍ പറഞ്ഞു. ‘പ്രേമം സിനിമ മികച്ച എന്റര്‍ടെയ്‌നറാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ, അവാര്‍ഡിനായി ഒരു സിനിമ പരിഗണിക്കുമ്പോള്‍ പല ഘടകങ്ങളും പരിഗണിക്കേതുണ്ട്. അവാര്‍ഡ് ലഭിക്കാനുള്ള മൂല്യങ്ങള്‍ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു സിനിമ അതിന്റെ തികവില്‍ എത്തണമെങ്കില്‍ പല ഘടകങ്ങളും ഒരുമിക്കണം. എന്നാല്‍, പ്രേമം അത്തരത്തിലൊരു പെര്‍ഫെക്ട് മേക്കിംഗാണെന്ന് പറയാന്‍ സാധിക്കില്ല എന്നായിരുന്ന മോഹന്റെ പ്രതികരണം.

DONT MISS
Top