ഗദ്ദാഫിയുടെ വീഴ്ചയ്ക്ക് ശേഷം ലിബിയയില്‍ സുസ്ഥിര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ കഴിയാത്തത് ഭരണകാലത്തെ വീഴ്ച; ഒബാമയുടെ കുറ്റസമ്മതം

obama

വാഷിംഗ്ടണ്‍: ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ മറിച്ചിട്ടത് എട്ടുവര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും
വലിയ തെറ്റെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ കുറ്റസമ്മതം നടത്തിയത്.

2011 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടലിന് ഒടുവില്‍ മുഅമ്മര്‍ ഗദ്ദാഫി വീണതോടെ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വീഴുകയായിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും മിലീഷ്യകളുടെ നിയന്ത്രണത്തിലായെന്നു മാത്രമല്ല, മൂന്നു സമാന്തര സര്‍ക്കാറുകള്‍ ഭരണം അവകാശപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. നാല്‍പ്പത് വര്‍ഷം അടക്കി ഭരിച്ച ഗദ്ദാഫിയെ അധികാര ഭ്രഷ്ടനാക്കിയപ്പോള്‍ രാജ്യത്ത് വരാനിരിക്കുന്നത് അരാജകത്വത്തിന്റെ നാളുകളാണെന്നു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നു ഒബാമ പറഞ്ഞു. എട്ട് വര്‍ഷക്കാലത്തെ ഭരണത്തിന് ഇടയില്‍ സംഭവിച്ച ഏറ്റവും വലിയ വീഴ്ച ഇതാണെന്നും ഒബാമ കുമ്പസാരിക്കുന്നു. സമ്പൂര്‍ണ അരാജകത്വം വാഴുന്ന ലിബിയയിലെ പ്രശ്‌നങ്ങള്‍ക്കു കാരണക്കാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും മറ്റു യൂറോപ്യന്‍ നേതാക്കളുമാണെന്ന് അടുത്തിടെ ഒബാമ കുറ്റപ്പെടുത്തിയിരുന്നു.

അഞ്ച് വര്‍ഷത്തിനിടെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ലിബിയയില്‍ നാല് ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളായിട്ടുണ്ട്. പരസ്പരം പോരടിക്കുന്ന പ്രബലവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന രാജ്യം പിന്നീട് ഇതുവരെ ശാന്തമായിട്ടില്ല. അമേരിക്കയിലെ മുഴുവന്‍ പൗരന്മാര്‍ക്കും ആരോഗ്യസുരക്ഷാ പദ്ധതി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതാണ് പ്രസിഡന്റ് എന്ന നിലയില്‍ സംതൃപ്തി നല്‍കിയ തീരുമാനമെന്നും സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കൈക്കൊണ്ട നടപടികളാണു തന്റെ മികച്ച തീരുമാനങ്ങളെന്നും ഒബാമ വിലയിരുത്തി.

DONT MISS
Top