പാകിസ്താനില്‍ ശക്തമായ ഭൂചലനം: ഉത്തരേന്ത്യയും വിറച്ചു

earthquake

ദില്ലി: പാകിസ്താനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ദില്ലി മെട്രോ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വെച്ചു.

വൈകിട്ട് 3.58ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പം ദീര്‍ഘനേരം നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍- അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ദില്ലിയിലും കശ്മീരിലും ഉത്തരാഖണ്ഡിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദില്ലിയില്‍ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിയോടി. പ്രഭവകേന്ദ്രത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെടുമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.നേപ്പാളിലെ ലാലിത്പൂരായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

DONT MISS
Top