കേരളത്തിലേക്ക് വെള്ളമില്ല: തമിഴ്‌നാട് പറമ്പിക്കുളം കരാര്‍ ലംഘനം തുടരുന്നു

parambikkulamപറമ്പിക്കുളം: കേരളത്തിന് അര്‍ഹമായ വെള്ളം വിട്ടുനല്‍കാതെ തമിഴ്‌നാട് പറമ്പിക്കുളം ആളിയാര്‍ കരാര്‍ ലംഘനം തുടരുന്നു. ലോവര്‍ ഷോളയാര്‍ അണക്കെട്ടില്‍ ശേഷിക്കുന്നത് ഒരു മാസത്തേക്കുള്ള വെള്ളം മാത്രം. നീരൊഴുക്ക് നിലച്ചതോടെ ചാലക്കുടി പുഴത്തടം കടുത്ത വരള്‍ച്ചാഭീഷണിയില്‍. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ പറമ്പിക്കുളത്തുനിന്നും പൊരിങ്ങല്‍ക്കുത്തിലേക്ക് നേരിട്ട് വെള്ളമെത്തിക്കണമെന്ന ആവശ്യം ഉയരുന്നു.

1970ലെ പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഫെബ്രുവരി 1നും സെപ്തംബര്‍ 1നും മുന്‍പ് തമിഴ്‌നാട് ഷോളയാറില്‍ നിന്നും നീരൊഴുക്കി ലോവര്‍ ഷോളയാര്‍ഡാം നിറച്ചിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കാലാകാലങ്ങളായി തമിഴ്‌നാട് കരാര്‍ ലംഘനം തുടരുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിനുള്ള ജലം നല്‍കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു . 7ദശാംശം 2 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ് ഒഴാഴ്ചക്കിടെ കേരളത്തിന് ലഭിച്ചത്. കരാര്‍ പ്രകാരം ഇനിയും ലഭിക്കാനുള്ളത് 23 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. ഈ വര്‍ഷം ഫെബ്രുവരി 12 മുതല് അഞ്ച് ദിവസം തമിഴ്‌നാട് വെള്ളം നല്കിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. നിലവില് 1.2 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് വൈദ്യോത്പാദനത്തിന് ശേഷം ചാലക്കുടി പുഴയിലേക്കൊഴുക്കുന്നത്. ഈ രീതിയില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഒരു മാസത്തേക്കുള്ള വെള്ളം മാത്രമാണ് ലോവര്‍ഷോളയാറില്‍ ശേഷിക്കുന്നത്.

28 പഞ്ചായത്തുകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളവും കൃഷിയും ചാലക്കുടി പുഴയെ ആശ്രയിച്ചാണ്. തമിഴ്‌നാട്ടില്‍ നിന്നും ജലലഭ്യതകുറഞ്ഞതോടെ കടുത്ത വരള്‍ച്ചാഭീഷണിയിലാണ് ചാലക്കുടി പുഴത്തടം. ഈ സാഹചര്യത്തില് പറമ്പിക്കുളം അണക്കെട്ടില്‍നിന്നും പൊരിങ്ങല്‍ക്കുത്തിലേക്ക് നേരിട്ട് വെള്ളമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.

DONT MISS
Top