‘ജംഗിള്‍ ബുക്ക് കാണാന്‍ കുട്ടികള്‍ ഒറ്റയ്ക്ക് പോകേണ്ട’

jungle-book
ദില്ലി: കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കാത്തിരിക്കുകയാണ് ജംഗിള്‍ ബുക്ക് തീഡി ചിത്രത്തിനായി. ചിത്രം നാളെയാണ് ഇന്ത്യയിലടക്കമുള്ള ആരാധകര്‍ക്കു മുന്നിലെത്തുക. എന്നാല്‍ ഇന്ത്യയില്‍ ചിത്രം കാണാന്‍ പോകുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും നിര്‍ബന്ധമായി ഉണ്ടായിരിക്കണം. കാരണം ഇന്ത്യയില്‍ ജംഗിള്‍ ബുക്കിന് യുഎ സര്‍ട്ടിഫിക്കറ്റാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പന്ത്രണ്ട് വയസ്സിന് താഴെയുളള കുട്ടികളെ സിനിമ കാണാന്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് യുഎ സര്‍ട്ടിഫിക്കേറ്റ്. ജംഗിള്‍ ബുക്കിന്റെ ത്രിഡി ചിത്രത്തില്‍ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്ളതിനാലാണ് യുഎ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതെന്നാണ് സെന്‍സര്‍ബോര്‍ഡ് ചീഫ് പഹ്‌ലാജ് നിഹലാനിയുടെ വിശദീകരണം.

തീരുമാനം ജംഗിള്‍ ബുക്ക് എന്ന പുസ്തകത്തെ ഒരിക്കലും ഇകഴ്ത്തുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ ഉള്ളടക്കം കുട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് സിനിമ കണ്ടതിനു ശേഷം തീരുമാനിക്കണം. ത്രിഡി ആയതിനാല്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലെന്ന പോലെ വരുമെന്നതിനാല്‍ ഇത് പേടിപ്പെടുത്തുന്നതായിരിക്കും. സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ചിത്രത്തിലെ കഥ മാത്രമല്ല, അവതരണ രീതിയും ദൃശ്യങ്ങളും വരെ ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്നത് മാതാപിതാക്കളുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിഹലാനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തീരുമാനം പിന്‍വലിക്കണമെന്നും സിനിമാ മേഖലയിലുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണട്്. ജൊന്‍ ഫാവ്ര്യൂ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജംഗിള്‍ബുക്ക്. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ട്രയിലര്‍ ആരാധകരെ ഇതിനോടകം തന്നെ ആവേശത്തിന്റെ കൊടുമുടി കയറ്റിക്കഴിഞ്ഞു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണിത്. ഇന്ത്യന്‍ ബാലനായ നീല്‍ സേതിയാണ് കേന്ദ്ര കഥാപാത്രമായ മൗഗ്ലിയുടെ വേഷത്തിലെത്തുന്നത്. റുഡ്യാര്‍ഡ് കിപ്ലിംഗ് എഴുതിയ വിഖ്യാത നോവലാണ് ജംഗിള്‍ബുക്. ടെലി സീരിയല്‍ വഴിയും കഥാ പുസ്തകങ്ങള്‍ വഴിയും ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ ജംഗിള്‍ ബുക്കിന് കഴിഞ്ഞിട്ടുണ്ട്.

DONT MISS
Top