കലി കുതിപ്പ് തുടരുന്നു: ഏപ്രില്‍ എട്ടിന് ചിത്രം യുകെയില്‍ റിലീസ് ചെയ്യും

kaliദുല്‍ഖര്‍ സല്‍മാന്‍- സായ് പല്ലവി കൂട്ടുകെട്ടല്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ഏപ്രില്‍ 8ന് യുകെയില്‍ റിലീസ് ചെയ്യും.ഏപ്രില്‍ 15ന് അയര്‍ലന്റിലും ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും ചിത്രം റിലീസിംഗിനൊരുങ്ങുന്നുണ്ട്.

യുകെയില്‍ അമ്പതിലധികം സ്ഥലങ്ങളിലാണ് കലി റിലീസിംഗിനെത്തുക. ചിത്രം കേരളത്തില്‍ നേടിയ റെക്കോര്‍ഡ് കളക്ഷനു പിന്നാലെയാണ് യുകെയിലും അയര്‍ലന്റിലും ചിത്രം റിലീസിംഗിനെത്തുന്നത്.

ആദ്യ ദിനത്തില്‍ കലി 2.33 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കലി കാണുന്നതിനായി തീയറ്ററുകളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ലോഹം, പ്രേമം,ചാര്‍ലി എന്നീ സമീപകാലചിത്രങ്ങളുടെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകളെ ഭേദിച്ചാണ് കലിയുടെ മുന്നേറ്റം. സമൂഹമാധ്യമങ്ങളിലും കലി വലിയ ചര്‍ച്ചാവിഷയമാണ്. ഫെയ്‌സ്ബുക്കിലെ ട്രെന്‍ഡിങ്ങ് ലിസ്റ്റിലും കലി ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍ലിക്ക് ശേഷമുള്ള ദുല്‍ഖറിന്റെ അടുത്ത വിജയചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സൂപ്പര്‍ഹിറ്റായിരുന്ന പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിന് ശേഷം സായി പല്ലവി അഭിനയിക്കുന്ന ചിത്രമാണ് കലി. ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് സായിയും ദുല്‍ഖറും എത്തുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണ് കലി. രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

DONT MISS
Top