വെള്ളമുണ്ടോ? എങ്കില്‍ വധുവിനെ തരാം!

Untitled-2

ഛട്ടാപ്പൂര്‍:പരിഹാരം കാണാന്‍ കഴിയാത്ത ഒരു പ്രശ്‌നത്തിലാണ് മധ്യപ്രദേശ് ഛട്ടാപ്പൂരിലെ തെഹ്‌രിമാരിയ
ഗ്രാമനിവാസികള്‍. ജാതകദോഷം കൊണ്ടും സാമ്പത്തിക പ്രശ്‌നം കൊണ്ടും വിവാഹം മുടങ്ങിപ്പോയ പെണ്‍കുട്ടികളുടെ കഥകള്‍ നിരവധി കേട്ടിട്ടുണ്ട് നമ്മള്‍. സമാനമായ ഒരു പ്രശ്‌നം തന്നെയാണ് തെഹ്‌രിമാരിയ നിവാസികളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ കഥാപാത്രങ്ങള്‍ പെണ്‍കുട്ടികളല്ല. പ്രശ്നം ജാതകവുമല്ല സാമ്പത്തികവുമല്ല.
മൂന്ന് വര്‍ഷമായി രൂക്ഷമായ കൂടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഛട്ടാപ്പൂരിലെ തെഹ്‌രിമാരിയ.
ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പുല്ലുപോലും മുളക്കാത്ത അവസ്ഥയായിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ തെഹ്‌രിമാരിയയിലെ പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കാന്‍ മറ്റുള്ള ഗ്രാമനിവാസികള്‍ തയ്യാറല്ല. തെഹ്‌രിമാരിയയിലെ ഓരോ വീട്ടിലും ഇക്കാരണം കൊണ്ട് വിവാഹം ഒരു സ്വപ്നമായി മാത്രം അവശേഷിക്കുന്ന ഒരു യുവാവെങ്കിലും ഉണ്ടാകും. വെള്ളമില്ലാത്ത നാട്ടിലെ വരനെ ഞങ്ങള്‍ക്ക് വേണ്ടെന്നാണ് സമീപഗ്രാമങ്ങളിലെ പെണ്‍കുട്ടികളുടെയും തീരുമാനം.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഏകദേശം അറുപതോളം യുവാക്കളാണ് തെഹ്‌രിമാരിയയില്‍ അവിവാഹിതരായി തുടരുന്നത്.
മറ്റുഗ്രാമങ്ങളിലെ രക്ഷിതാക്കള്‍ അവരുടെ പെണ്‍കുട്ടികളെ ഇവിടേക്ക് അയക്കുകയില്ലെന്നാണ് ജലക്ഷാമം കാരണം വിവാഹം മുടങ്ങിപ്പോയ മോഹന്‍ യാദവ് പറയുന്നത്. നിങ്ങള്‍ക്ക് വിവാഹം ചെയ്തു തരികയാണെങ്കില്‍ കുടിവെള്ളത്തിനായി ഞങ്ങളുടെ പെണ്‍മക്കള്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ ഒരു പരിഹാരത്തിനായി ഗവണ്‍മെന്റ്  ഇടപെടണമെന്നാണ് യാദവ് പറയുന്നത്. എത്രയും വേഗത്തില്‍ ഗ്രാമത്തിലെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണാനുള്ള മാര്‍ഗ്ഗം കണ്ടെത്തെണമെന്നും യാദവ് വ്യക്തമാക്കി.

DONT MISS
Top