സിക വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന്: ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍ ഗവേഷണത്തിലെന്ന് ലോക ആരോഗ്യ സംഘടന

zikka-3
ജനീവ: ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തിയ മാരകരോഗം സിക വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് ലോക ആരോഗ്യ സംഘടന. നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലുളള 30 കമ്പനികള്‍ മരുന്ന് വികസിപ്പിക്കാനുള്ള ദൗത്യത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

23 പ്രൊജക്ടുകളില്‍ 14 വാക്‌സിന്‍ ഡെവലപ്പര്‍മാരാണ് മരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിരോധ മരുന്ന് കണ്ടെത്തിയാല്‍ അത് വൈദ്യ ശാസ്ത്ര രംഗത്ത് വന്‍ വിപ്ലവമായിരിക്കും തീര്‍ക്കുക.

ചില പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍  വ്യക്തമാക്കുന്നു. എന്നാല്‍ പൂര്‍ണമായും പ്രതിരോധ മരുന്ന് ഉപയോഗത്തില്‍ വരാനും ലൈസന്‍സ് ലഭിക്കാനും വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

zikka

നേരത്തെ സികയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന പരീക്ഷണശാലയിലെ ഗവേഷകര്‍ രംഗത്തെത്തിയിരുന്നു. പ്രതിരോധ മരുന്നായ സികാ വാക് വികസിപ്പിച്ചുവെന്നായിരുന്നു ഗവേഷകരുടെ വാദം.

ഇതുവരെ 38 ഓളം രാജ്യങ്ങളില്‍ സിക വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇനിയും രാജ്യങ്ങളിലേക്ക് സിക പടരാമെന്ന മുന്നറിയിപ്പും സംഘടന നല്‍കുന്നുണ്ട്. രോഗത്തിനെതിരെ ലോകരാജ്യങ്ങളെ സജ്ജരാക്കാനും പനി പടരുന്നതു പ്രതിരോധിക്കാനുമായി 2016 ഫെബ്രുവരി 2ന് ലോകാരോഗ്യസംഘടന സിക രോഗത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

zikka-2

ബ്രസീലിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തിയത്. സാധാരണഗതിയില്‍ വലിയ അപകടകാരിയല്ലെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളെ ബാധിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാവുകയെന്ന് കണ്ടെത്തിയിരുന്നു. സികരോഗം ബാധിച്ച അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയെ മൈക്രോസെഫാലി എന്നാണു വിശേഷിപ്പിക്കുന്നത്.

രോഗബാധിതയായ മാതാവിന്റെ അമ്‌നിയോട്ടിക് ദ്രവത്തിലും പ്ലാസെന്റയിലും, ശിശുവിന്റെ തലച്ചോറിലും വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളില്‍ മസ്തിഷ്‌കമരണം വരെ സംഭവിക്കാന്‍ സിക വൈറസ് കാരണമാകുന്നു.

DONT MISS
Top