സൗദിയില്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

smart-scooter

സൗദി അറേബ്യയില്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ക്ക് വാണിജ്യ, വ്യവസായ മന്ത്രാലയം കര്‍ശന നിയന്ത്രണം ബാധകമാക്കി. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകളുടെ വില്‍പ്പന നിരോധിച്ചു. കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

സ്‌പോര്‍ട്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മാത്രമാണ് സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നതിന് അനുമതിയുള്ളത്. ഉത്പ്പന്നത്തിന്റെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിപണനം അനുവദിക്കുകയുളളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇറക്കുമതി വ്യാപാരിയുടെയും അംഗീകൃത ഏജന്‍സിയുടെയും വിവരങ്ങള്‍ സ്മാര്‍ട്ട് സ്‌കൂട്ടറില്‍ രേഖപ്പെടുത്തണം. സ്‌കൂട്ടറുകള്‍ക്ക് രണ്ട് വര്‍ഷം ഗ്യാരണ്ടി നല്‍കിയിരിക്കണം. വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പരിശോധന നടത്തും. ബില്ലുകളും ഗ്യാരണ്ടിയും നല്‍കാത്ത വഴിവാണിഭക്കാരില്‍ നിന്നു സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ വാങ്ങരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ ഉപയോഗിക്കരുത്.

സ്‌കൂട്ടറുകളിലെ ലിഥിയം ബാറ്ററികള്‍ അഗ്‌നിബാധ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഉപയോഗം കഴിഞ്ഞയുടന്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററികളുടെ ചൂട് കൂടാനും ഗുണമേന്മ കുറഞ്ഞ ബാറ്ററികള്‍ അഗ്‌നിബാധയുണ്ടാക്കാനും സാധ്യതയുണ്ട്. സ്മാര്‍ട്ട് സ്‌കൂട്ടര്‍ യാത്രികര്‍ ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കണം. റോഡുകളിലും പൊതുസ്ഥലങ്ങളിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.

DONT MISS
Top