കണ്ണില്ലാത്ത ക്രൂരത; അമ്മപ്പട്ടിയെ മര്യാദ പഠിപ്പിക്കാന്‍ രണ്ടാഴ്ച പ്രായമായ എട്ട് പട്ടിക്കുട്ടികളെ വീട്ടമ്മ എറിഞ്ഞുകൊന്നു

dog-bangaluru
ബംഗലൂരു: കണ്ണില്ലാത്ത ക്രൂരതയെന്ന വാക്ക് ഒട്ടും അധികമാകില്ല. ബംഗലൂരുവിലാണ് ആരുടെയും മനസ് മരവിച്ചുപോകുന്ന കൊടും ക്രൂരത അരങ്ങേറിയത്, അതും ഒരു മലയാളിയുടെ നേതൃത്വത്തില്‍. 15 ദിവസം മാത്രം പ്രായമായ എട്ടോളം നായക്കുഞ്ഞുങ്ങളെയാണ് ഒരാള്‍ കല്ലിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 15നാണ് സംഭവം. വീടിന്റെ ഗെയിറ്റിന് കീഴെയുള്ള അഴുക്കുചാലില്‍ നായ പ്രസവിച്ചു, പതിനഞ്ചോളം കുട്ടികളെ. പതിനഞ്ചോളം ദിവസം പ്രായമായപ്പോള്‍ ഒരു ദിവസം വീട്ടുകാരിക്ക് പട്ടികള്‍ ശബ്ദമുണ്ടാക്കി ശല്യമാക്കുന്നതായി അവര്‍ക്ക് തോന്നി. അമ്മയായ നായയെ മര്യാദ പഠിപ്പിക്കാന്‍ തന്നെയാണവര്‍ തീരുമാനിച്ചത്. നായയുടെ എട്ട് കുഞ്ഞുങ്ങളെ പാറക്കല്ലില്‍ എറിഞ്ഞ് കൊലപ്പെടുത്തി. നാല് നായകള്‍ തത്ക്ഷണം മരിച്ചു, രണ്ടെണ്ണം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും,ഒന്ന് ആശുപത്രിയിലും, ഒന്ന് പിറ്റേദിവസവുമാണ് ജീവന്‍ വെടിഞ്ഞത്. ബംഗലൂരു കൃഷ്ണനഗര്‍ നിവാസിയായ മുന്‍ സൈനികന്റെ ഭാര്യയായ പൊന്നമ്മ എന്ന സ്ത്രീയാണ് ഈ കൊടും ക്രൂരതയ്ക്ക് പിന്നിലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത വീടുകളില്‍ താമസിക്കുന്ന മുന്‍ സൈനികര്‍ തന്നെയാണ് പട്ടിക്കുഞ്ഞുങ്ങളെ സംസ്‌കരിച്ചത്. ഇവര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പട്ടിക്കുട്ടികളെ സംസ്‌കരിച്ച സ്ഥലത്ത്, കുഴിച്ച് മക്കളെ പുറത്തെടുത്ത് മുലയൂട്ടുന്ന അമ്മുവെന്ന നാലുവയസുകാരിയായ അമ്മയുടെ ചിത്രം ആരുടെയും കരളലിയിക്കുന്നതാണ്. ഇപ്പോളും സ്ഥലത്തിന് ചുറ്റും നടക്കുകയാണ് പട്ടിയെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

സംഭവത്തില്‍ ബംഗലൂരു പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെന്ന് കരുതുന്ന സ്ത്രീ നിലവില്‍ ഒളിവിലാണെന്നാണ് പോലീസ് വിവരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറയുന്നു. വീഡിയോ കാണാം.

DONT MISS
Top