ഐപിഎല്ലിന്റെ ആദ്യപ്രൊമോയ്ക്കും നമ്മുടെ ‘പിസ്ത’ തന്നെ

ipl

കളി കാണുന്നതിനപ്പുറം ഐപിഎല്ലും മലയാളികളും തമ്മിലുള്ള ബന്ധത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇതാ 2016ലെ ഐപിഎല്ലിനെ നെഞ്ചോട് ചേര്‍ക്കാന്‍ മലയാളികള്‍ക്ക് പുതിയൊരു കാരണം കൂടി ലഭിച്ചിരിക്കുകയാണ്. നമ്മുടെ ചുണ്ടിലെ ഈണങ്ങളിലൊന്നാണ് ഐപിഎല്ലിന്റെ ആദ്യ പ്രൊമോയിലെ പാട്ട്. അതിലേറെ, മലയാളിയുടെ സ്വന്തം ജഗതിയാണ് ഈ വരികളെഴുതിയതെന്നതും അധികസന്തോഷം പകരുന്നു

മലയാളിയുടെ സ്വന്തം ‘പിസ്ത’ യാണ് ഐപിഎല്ലിന്റെ ആദ്യ പ്രമോഷന്‍ വീഡിയോയിലെ ഗാനം. ‘നേരം’ സിനിമയില്‍ സ്‌മോള്‍വില്ലനും ടോള്‍വില്ലനും ബ്ലാക്ക് വില്ലനും വൈറ്റ് വില്ലനും നസ്രിയയും നിവിനുവെല്ലാം അഭിനയിച്ച അതേ പിസ്ത തന്നെ. നമ്മുടെ ആലുവാക്കാരന്‍ പയ്യന്‍ അല്‍ഫോണ്‍സ് പുത്രന്റെ സിനിമയില്‍ ശബരീഷ് വര്‍മ്മ പാടിയ, രാജേഷ് മുരുകേശന്‍ ഈണംകൊടുത്ത പാട്ടാണ് ഐപിഎല്ലിന്റെ പ്രൊമോയുടെ ബാക്ക്ഗ്രൗണ്ട് സോങ്ങ്.  ശരിക്കും ഈ പാട്ട് എഴുതിയത് ജഗതിയാണെന്നത് എന്നത് മലയാളികള്‍ക്ക് ഒന്ന് അഹങ്കരിക്കാനുള്ള കാര്യം തന്നെയല്ലേ?

1983ല്‍ പുറത്തിറങ്ങിയ കിന്നാരം എന്ന സിനിമയ്ക്കായാണ് ജഗതി ഈ പാട്ടെഴുതി പാടി അഭിനയിച്ചത്. മലയാളത്തിന്റെ നര്‍മ്മ രാജാവിനുള്ള ആദരം കൂടിയാകും ഐപിഎല്ലിന്റെ ഈ വീഡിയോ. ഈ പാട്ടാണ് നേരം എന്ന സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളില് പുതിയ ഈണത്തില് അവതരിപ്പിച്ചത്. ഗാനം തെക്കേ ഇന്ത്യയിലാകെ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. മലയാള ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതി അല്‍ഫോണ്‍സ് പുത്രനുള്‍പ്പെടെയുള്ള സംഘത്തെ അപമാനിച്ച് സംസാരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ പ്രൊമോയെന്നതും ശ്രദ്ധേയമാണ്

മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായും ഈ പാട്ട് വ്യാപകമായി ആരാധകര്‍ ഉപയോഗിച്ചിരുന്നു


ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ സംഭാവനകള്‍ നല്‍കിയ സംരംഭമായ ഐപിഎല്ലിനെ നെഞ്ചോട് ചേര്‍ത്ത ചരിത്രമാണ് എന്നും മലയാളിക്കുള്ളത്. ഐപിഎല്ലിലെ എല്ലാ ടീമുകള്‍ക്കുവേണ്ടിയും, ജേഴ്‌സിയണിഞ്ഞും ഫ്‌ലക്‌സ് വെച്ചും തല്ലുകൂടിയും ആഘോഷിക്കുന്നവരാണ് മലയാളികള്‍. കേരളത്തിന്റെ ടീം ഇല്ലാതായപ്പോളും നമ്മള്‍ മലയാളികള്‍ ഐപിഎല്ലിനെ വിട്ടില്ല. ഐപിഎല്ലില്‍ കുരുങ്ങി കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതും കേരളത്തില്‍ നിന്നുള്ള മന്ത്രിക്കുമായിരുന്നല്ലോ? സഞ്ജു സാംസനെപ്പോലുള്ള താരത്തെ ഇന്ത്യന്‍ കുപ്പായമണിയിക്കുന്നതിലും ഐപിഎല്ലിന്റെ പങ്ക് വലുതുതന്നെ. ഐപിഎല്ലും മലയാളിയുള്ള ബന്ധത്തിന് പുതിയൊരു കാരണം കൂടിയാകും. ഏപ്രില്‍ ഒന്‍പതിനാണ് ഈ വര്‍ഷത്തെ ഐപിഎല്ലിന് തുടക്കമാകുന്നത്

DONT MISS
Top