ഹിമാലയന്‍ കുതിപ്പിന് ദില്ലി ഇനിയും കാത്തിരിക്കണം; വില്‍പ്പനയ്ക്ക് സര്‍ക്കാറിന്റെ ചുവപ്പുകൊടി

himalayan

ദില്ലി: ഇരുചക്രവാഹനങ്ങളിലെ രാജാക്കന്മാരായ റോയല്‍ എന്‍ഫീല്‍ഡ് സാഹസിക യാത്രക്കാര്‍ക്കായി അവതരിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ദില്ലിയില്‍ വില്‍പ്പനയ്‌ക്കെത്തില്ല. താല്‍ക്കാലികമായി ദില്ലിയില്‍ വില്‍പ്പന നടത്താന്‍ കഴിയില്ലെന്ന് കമ്പനി തന്നെ അറിയിച്ചു കഴിഞ്ഞു. ഭാരത് സ്റ്റേജ് 4ന്റെ പുക നിയന്ത്രണ നിബന്ധനകള്‍ പിന്തുടരാത്ത ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ദില്ലി സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് എന്‍ഫീല്‍ഡ് ഹിമാലയത്തിന്റെ വില്‍പ്പനയെ ബാധിച്ചത്.

പുതിയതായി പുറത്തിറക്കുന്ന ഇരുചക്രവാഹങ്ങള്‍ 2016 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്4 നിബന്ധനകള്‍ അനുസരിച്ചായിരിക്കണം. നിബന്ധനകള്‍ തങ്ങള്‍ പാലിക്കുമെന്നും ദില്ലിയില്‍ എത്രയും പെട്ടെന്ന് തന്നെ ബൈക്ക് പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റോയല്‍ എന്‍ഫീല്‍ഡ് അധികൃതര്‍ അറിയിച്ചു.

നിരവധി പ്രത്യേകതകളുമായാണ് റോയല്‍ എന്‍ഫീല്‍ഡ ഹിമാലയന്‍ വിപണിയിലെത്തുന്നത്. പുതിയ 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹിമാലയന്. പരമാവധി കരുത്ത് 6,500 ആര്‍പിഎമ്മില്‍ 24.50 ബിഎച്ച്പി.അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സുള്ള ബൈക്കിന് 2,0004,000 ആര്‍പിഎമ്മില്‍ 32 എന്‍എം ആണ് പരമാവധി ടോര്‍ക്ക്. കുറഞ്ഞ ആര്‍പിഎമ്മിലെ ഉയര്‍ന്ന ടോര്‍ക്ക് പരുക്കന്‍ പ്രതലങ്ങളിലൂടെയുള്ള റൈഡിങ്ങിന് അനുയോജ്യമാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിന് മെയിന്റനന്‍സ് കുറവാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഓരോ 10,000 കിലോ മീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വിസ് നടത്തിയാല്‍ മതി. ഭാരം 182 കിലോഗ്രാം.
ഓഫ് റോഡിങ്ങിന് ഇണങ്ങും വിധം 220 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലുപ്പമുള്ള വീലാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍ചക്രത്തിന് മോണോ സസ്‌പെന്‍ഷനാണ്. മോണോ ഷോക്കുള്ള ആദ്യ റോയല്‍ എന്‍ഫീല്‍ഡ് വാഹനവും ഇതുതന്നെ. ലോങ് ട്രിപ്പുകളില്‍ ഇടയ്ക്കിടെ പെട്രോള്‍ പമ്പില്‍ കയറുന്നത് ഒഴിവാക്കാന്‍ 15 ലീറ്റര്‍ ടാങ്കാണ് നല്‍കിയിരിക്കുന്നത്. തണ്ടര്‍ ബേഡിന് 20 ലീറ്ററാണ് ടാങ്ക് കപ്പാസിറ്റി. വെള്ളവും ഇന്ധനവുമൊക്കെ കരുതി വയ്ക്കാന്‍ ജെറി ക്യാന്‍ മൗണ്ടും ഹിമാലയനു നല്‍കിയിട്ടുണ്ട്. വെള്ളം നിറഞ്ഞ സ്ഥലങ്ങളിലൂടെ പോകാന്‍ യോജിക്കും വിധം സൈലന്‍സര്‍ മുകളിലേയ്ക്ക് ഉയര്‍ത്തിയാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യക്കാരെ മനസില്‍ കണ്ടു രൂപകല്‍പ്പന ചെയ്ത ഹിമാലയന്റെ സീറ്റിന് ഉയരം കുറവാണ്. മോശമായ റോഡുകളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ബൈക്ക് കൈകാര്യം ചെയ്യാന്‍ ഇത് റൈഡറെ സഹായിക്കും. മഹാരാഷ്ട്രയിലെ എക്‌സ് ഷോറൂം വില 1.55 ലക്ഷം രൂപ. നാളെ ബുക്കിങ് ആരംഭിക്കുന്ന ഹിമാലയന്റെ വിതരണം ഈ മാസം അവസാനത്തോടെ തുടങ്ങും. റോയല്‍ എന്‍ഫില്‍ഡ് ഹിമാലയന്‍ ഓഫ് റോഡ് യാത്രകളില്‍ വന്‍കുതിപ്പുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

DONT MISS
Top