സ്ഥാനാര്‍ത്ഥിയാവാന്‍ 25000ലൈക്ക് നിര്‍ബന്ധമെന്ന് അമിത്ഷാ; ലൈക്കൊപ്പിക്കാന്‍ നേതാക്കളുടെ പരക്കംപാച്ചില്‍

social-media
ലക്‌നൗ: നവമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പാകുമ്പോള്‍ സജീവമാകുന്ന നേതാക്കളുണ്ട്. പക്ഷെ, നവമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് മാത്രമേ സീറ്റ് കൊടുക്കൂവെന്നതാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിലെ ബിജെപി തീരുമാനം. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് നിലപാട് പ്രഖ്യാപിച്ചത്. വെറുതെ സജീവമായാല്‍ പോരാ, എന്തിനും ഏതിനും ഒരു കണക്കുവേണമെന്നും ഷായ്ക്ക് നിര്‍ബന്ധമുണ്ട്. ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ ആയി കാല്‍ ലക്ഷം ഫോളോവേഴ്‌സോ, ലൈക്കോ വേണമെന്നാണ് നിബന്ധന. ഇന്നലെ ഈ പ്രഖ്യാപനം വന്നതോടെ ഉത്തര്‍പ്രദേശിലെ ബിജെപി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈക്ക് കൂട്ടാനുള്ള ഓട്ടത്തിലാണ്.

ഇനി ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കളുടെ നിലവിലെ സ്ഥിതിയൊന്ന് പരിശോധിച്ചാലോ? പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന് ട്വിറ്ററില്‍ പതിനായിരം ഫോളോവേഴ്‌സ് മാത്രമാണ് നിലവിലുള്ളത്. മുസാഫിര്‍നഗര്‍ കലാപക്കേസ് പ്രതിയും എംഎല്‍എയുമായ സുരേഷ് റാണയ്ക്ക് 12,856 ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സാണ്. മീററ്റില്‍ നിന്നുള്ള എംപിയായ രാജേന്ദ്ര അഗര്‍വാളിന് 13,957 ലൈക്കാണുള്ളത്. ബിജ്‌നോര്‍ എംപി കുന്‍വര്‍ ഭര്‍തേന്ദ്ര സിംഗിന് ഫാന്‍ പേജില്ലെന്ന് മാത്രമല്ല, 2986 ഫ്രണ്ട്‌സ് മാത്രമാണുള്ളത്. ഇവരൊക്കെ മാറി നിന്ന്, വല്ല ‘യൊയൊ പയ്യന്മാരുമാകുമോ’ സ്ഥാനാര്‍ത്ഥികള്‍ എന്നാണത്രേ നിലവിലെ നേതാക്കളുടെ ആശങ്ക.

amit-shah

ഷായുടെ നിര്‍ദേശത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. നവമാധ്യമങ്ങലിലെ ഇടപെടലാണോ, ജനവിന്തുണയുടെ അളവുകോല്‍ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ലവമാധ്യമത്തിന് പുറത്തുള്ളവരെക്കൂടി പ്രതിനിധീകരിക്കുന്നവരാണ് ജനപ്രതിനിധികളെന്നും അവര്‍ പറയുന്നു.

പക്ഷെ പലരും, ഷായുടെ പരീക്ഷ വിജയിച്ച് കാണിക്കാന്‍ തന്നെയുള്ള തീരുമാനത്തിലാണ്. മൂന്ന് മാസത്തിലുള്ളില്‍  ‘ടാര്‍ജറ്റ്’ നേടിയെടുക്കുമെന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആത്മവിശ്വാസം. നല്ല നിര്‍ദേശമാണെന്നും ജനങ്ങളുമായി ഇടപെടാന്‍ ഉത്തമമാണെന്നും കുന്‍വര്‍ ഭര്‍തേന്ദ്ര അഭിപ്രായപ്പെടുന്നു. നിലവില്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ മാത്രമുള്ള എംഎല്‍എ സുരേഷ് റാണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താന്‍ ഫാന്‍ പേജ് തുടങ്ങുന്ന ദിവസം തന്നെ ലൈക്ക് ഒരു ലക്ഷമെങ്കിലും ചുരുങ്ങിയതാകുമെന്നാണ് റാണ അവകാശപ്പെടുന്നത്.

fb

നവമാധ്യമങ്ങള്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടെങ്കിലും, ഇതാദ്യമായാണ് ലൈക്കുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനൊരുങ്ങുന്നത്. ലൈക്കുണ്ടാക്കാനുള്ള പരക്കംപാച്ചിലിലാണ് നിലവില്‍ നേതാക്കള്‍. 2017ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലും ഇങ്ങനെയൊരു നിയമം എന്നാണ് എല്ലാ പാര്‍ട്ടികളും നടപ്പിലാക്കുകയെന്ന കാത്തിരിപ്പിലാണേ്രത ചില ഫെയ്‌സ്ബുക്ക് താരങ്ങള്‍.

DONT MISS
Top