ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ കാറുമായി ബംഗലൂരു ടെക്കികള്‍

bangaluru
ബംഗലൂരു: ഇന്ത്യയുടെ ടെക്‌നോളജി രംഗത്ത് മുതല്‍ക്കൂട്ടായാണ് ബംഗലൂരുവിലെ ഈ യുവ ടെക്കികള്‍ കടന്നു വരുന്നത്. ഗൂഗിളും, ടെസ്‌ല, നിസ്സാന്‍, ജനറല്‍ മോട്ടോര്‍സ് , ബിഎംഡബ്ലു എന്നീ കാര്‍ കമ്പനികളും പരീക്ഷിച്ച ഡ്രൈവറില്ലാ കാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരിക്കുകയാണ് ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോഷി ജോണും സംഘവും.

ഒരിക്കല്‍ മരണത്തെ മുഖാ മുഖം കണ്ട നിമിഷമാണ് റോഷി ജോണിന് ഡ്രൈവറില്ലാ കാര്‍ നിര്‍മ്മിക്കാനുള്ള പ്രചോദനമായത്. വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് ടാക്‌സിയില്‍ പോകും വഴി അപകടമുണ്ടായി. ടാക്‌സി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാക്കിയത്. അന്ന് തലനാരിഴയ്ക്കാണ് റോഷി രക്ഷപ്പെട്ടത്. എന്നാല്‍ അന്നു മുതല്‍ റോഷി ചിന്തിച്ചു കൊണ്ടിരുന്നു. ഡ്രൈവറില്ലാത്ത ഒരു കാര്‍ നിര്‍മ്മിക്കണം. സുരക്ഷിതമായി യാത്രക്കാരെ എത്തിക്കുന്നതായിരിക്കണം ആ കാര്‍. അങ്ങനെയാണ് റോഷിയും അദ്ദേഹത്തോടൊപ്പം ജോലിചെയ്യുന്ന 29 ഓളം സഹപ്രവര്‍ത്തരും ഡ്രൈവറില്ലാ കാര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. അഞ്ച് വര്‍ഷത്തോളമുള്ള പരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ശേഷമാണ് ടാറ്റ നാനോ ഓട്ടോനമസ് എന്ന ഡ്രൈവറില്ലാ കാര്‍ നിര്‍മ്മിക്കുന്നത്.

ടിസിഎസില്‍ റോബോട്ടിക്‌സ് ആന്‍ഡ് കൊഗ്നിറ്റീവ് സിസ്റ്റംസിന്റെ തലവനാണ് റോഷി. കാര്‍ നിര്‍മ്മിക്കാനായി ആദ്യം ഉപയോഗിച്ചത് നാനോ കാറായിരുന്നു. ജോലി സമയത്തെ ഇടവേളകളിലും ഒഴിവു സമയത്തും റോഷിയും കൂട്ടരും സോഫ്റ്റ് വെയറുകളും അല്‍ഗോരിതങ്ങളും കണക്കു കൂട്ടലുകളും എല്ലാമായി കാര്‍ നിര്‍മ്മാണത്തില്‍ മുഴുകി. 2011 ലാണ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു പരീക്ഷിക്കാനായി നാനോ കാര്‍ വാങ്ങുന്നത്.

വീല്‍ എന്‍കോഡര്‍, എഞ്ചിന്‍ മോണിറ്റര്‍ ചെയ്യാനായി സ്‌കാനര്‍, മള്‍ട്ടിപ്പിള്‍ ലിഡാര്‍സ്, എച്ച്ഡിആര്‍ ക്യാമറകള്‍, ജിപിഎസ് സംവിധാനം തുടങ്ങി മനുഷ്യന്‍ ഓടിക്കുന്നതു പോലെ കാര്‍ ഓടാനായി നിരവധി ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി. അക്‌സിലേറ്ററില്‍ പെഡല്‍ റോബോട്ടിനെ ഘടിപ്പിച്ചു. ബ്രേക്കും ക്ലച്ചുമായി സോഫ്റ്റ് വെയര്‍ ബന്ധിപ്പിച്ചു. 2012 ല്‍ കാര്‍ ബംഗലൂരുവിലെ നിരത്തിലൂടെ പരീക്ഷണം ഓട്ടം നടത്തി വിജയം കണ്ടു.

എന്നാല്‍ ഇനി കാര്‍ നിരത്തിലിറക്കണമെങ്കില്‍ ട്രാഫിക് പൊലീസിന്റെ അനുമതി വേണം. തങ്ങളുടെ പരിശ്രമം ഫലം കണ്ട സന്തോഷത്തിലാണ് റോഷിയും സംഘവും. ഇനി ട്രാഫിക് പൊലീസിന്റെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ഇവര്‍.

DONT MISS
Top