ഇത് പ്രതിലോമ രാഷ്ട്രീയത്തിനെതിരെ യുവ ശബ്ദമുയരേണ്ട കാലം

nikesh-kumar

താങ്കള്‍ ജയിലില്‍ നിന്ന് പുറത്തുവന്നു. ഉമര്‍ ഉള്‍പ്പെടെയുള്ള താങ്കളുടെ സഹപ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിലാണ്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പുറത്തുവരാന്‍ കഴിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

എനിക്ക് നീതിന്യായവ്യവസ്ഥയിലും ഭരണഘടനയിലും പൂര്‍ണവിശ്വാസമുണ്ട്. ഈ എല്ലാ പ്രക്രിയകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് കേസിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല. ജാമ്യവ്യവസ്ഥയിലുള്ളതെന്തൊക്കെയാണോ, അത് ഞാന്‍ അംഗീകരിക്കുന്നു. അവര്‍ക്ക് ജാമ്യം ലഭിക്കുമോ ഇല്ലയോ എന്നതൊക്കെ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കോടതിയാണ് വിധി പറയേണ്ടത്. ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്, അതുകൊണ്ട് തന്നെ രാജ്യദ്രോഹനിയമത്തിന്റെ ദുരുപയോഗത്തിനെതിരെ രാഷ്ട്രീയ പ്രചരണമാരംഭിക്കുക എന്നതാണ് എന്റെ പ്രാഥമികലക്ഷ്യം.

ഞങ്ങള്‍ ഉമറിന്റെയും അനിര്‍വാന്റെയും കാര്യം മാത്രമല്ല ഞങ്ങളുടെ മുന്നിലുള്ളത്. ഞങ്ങള്‍ രാജ്യദ്രോഹം ഒരു നിയമമെന്ന നിലയില്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നാണ് ഞങ്ങള്‍ പറയുന്നത്. രാജ്യത്തെ ഭിന്നാഭിപ്രായങ്ങളെയും ജനാധിപത്യവ്യവസ്ഥയെയും അടിച്ചമര്‍ത്താന്‍ ഈ നിയമമെങ്ങനെ അപകടപരമായി ഉപയോഗിക്കപ്പെടുന്നുവെന്നൈാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. സ്വാതന്ത്ര്യസമര സേനാനികളെ നിശബ്ദമാക്കാനായി ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ കൊളോണിയല്‍ നിയമമാണിത്. പണ്ട് ബ്രിട്ടീഷുകാരുടെ ആരാധകരും അനുയായികളുമായിരുന്നവരാണ് ഇപ്പോള്‍ രാജ്യത്ത് അധികാരത്തിലിരിക്കുന്നത്.

3

ആ നിയമം രാജ്യത്തെ വിദ്യാര്‍ത്ഥികളെ നിശബ്ദമാക്കാനാണ് ഇന്നവര്‍ ഉപയോഗിക്കുന്നത്. ഏത് വിദ്യാര്‍ത്ഥികളെ? രോഹിത്ത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന വിദ്യാര്‍ത്ഥികളെ, വിദ്യാഭ്യാസമേഖലയെ സ്വകാര്യവത്കരിക്കുന്നതിരെതിരെ സമരം നയിക്കുന്നവരെ, രാജ്യത്തെ സഹിഷ്ണുതയ്ക്കായി ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ, രാജ്യത്തെ കര്‍ഷക ആത്മഹത്യയ്‌ക്കെതിരെ സമരരംഗത്തിറങ്ങുന്നവരെ, ദളിത് പീഡനങ്ങള്‍ക്കെതിരെ പോരാടുന്നവരെ, ഇവരെയെല്ലാം നിശബ്ദമാക്കാനാണ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കുന്നത്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങി, രോഹിത്ത് വെമുലയിലൂടെ ജെഎന്‍യുവിലുമെത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് ഈ ഗൂഢാലോചനയാകെ നടത്തിയതെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, അവരുടെ ഈ ഗൂഢാലോചനകള്‍ ഇപ്പോള്‍ ഫലം കാണില്ല. ഭരണകൂടത്തിന്റെ മര്‍ദന ഉപാധികളുടെ ദുരുപയോഗത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ താങ്കളെപ്പോലുള്ള നിരവധിപേരാണ് രാജ്യത്ത് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നിയമം അവരെ അധികകാലം സഹായിക്കാന്‍ പോകുന്നില്ല. ഈ നിയമം ഇല്ലാതാകും, ജയിലിലുള്ള സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പുറത്തുവരും. താങ്കള്‍ക്ക് കോവനെ അറിയില്ലേ? തമിഴ്‌നാട്ടില്‍ നിന്നുള്ള പാട്ടുകാരന്‍ മാത്രമായ അദ്ദേഹത്തിനെതിരെയും ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. അതുകൊണ്ടുതന്നെ, നമ്മളൊരു നിയമത്തെക്കുറിച്ച് പറയുമ്പോള്‍, ആ നിയമത്തിന്റെ ദുരുപയോഗത്തിലൂടെ ജയിലിലായ മുഴുവനാളുകള്‍ക്ക് വേണ്ടിയുമാണ് നമ്മള്‍ ശബ്ദമുയര്‍ത്തുന്നത്.

kanhaiya kumar
നിലവില്‍ ജെഎന്‍യു വിഷയത്തില്‍ ചില വ്യജവീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം മാധ്യമ വിചാരണകളും നടക്കുന്നുണ്ട്. ഇതൊക്കെ വെറും മാധ്യമ വിചാരണ മാത്രമായാണോ താങ്കള്‍ കാണുന്നത്? താങ്കള്‍ മാധ്യമ വിചാരണയുടെ ഇരയാണോ?

എല്ലാ മാധ്യമങ്ങളും മോശമല്ല, പക്ഷെ ആര്‍എസ്എസുമായും ബിജെപിയുമായും പ്രത്യക്ഷ രാഷ്ട്രീയ ബന്ധമുള്ള ചില മാധ്യമസ്ഥാപനങ്ങളുണ്ട്. ബിജെപിയിലൂടെ പാര്‍ലമെന്റിലെത്താന്‍ ശ്രമിക്കുന്ന മാധ്യമ മുതലാളിമാരുണ്ട്, പലരും ചെയ്തിട്ടുമുണ്ട്. തീര്‍ച്ചയായും ഇതൊരുതരം മാധ്യമ വിചാരണ തന്നെയാണ്, പക്ഷെ എല്ലാ മാധ്യമങ്ങളും ഇതില്‍ പങ്കെടുക്കുന്നില്ല. ഞാനൊരിക്കലും മാധ്യമ വിചാരണയുടെ ഇരയല്ല. മറിച്ച് ഞാന്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഏറ്റവും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെ ഇരയാണ് ഞാന്‍. അവരെന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചു, പക്ഷെ ഞാന്‍ കൂടുതല്‍ കരുത്തോടെയാണ് ഇന്ന് അവരുടെ ആശയത്തിനെതിരെ പോരാടുന്നത്.

5

പല മാധ്യമങ്ങളും ആ വ്യാജ വീഡിയോ സംപ്രേഷണം ചെയ്തു. താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

ഞാന്‍ പറഞ്ഞല്ലോ? ഇക്കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. വീഡിയോ വ്യാജമാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ, ഞാന്‍ അതില്‍ അഭിപ്രായം പറയുന്നില്ല.

jnuS

ഈ വിദ്യാര്‍ത്ഥി മുന്നേറ്റം എങ്ങനെ വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് കരുതുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് പറഞ്ഞു, ഇപ്പോള്‍ ജെഎന്‍യുവിലുമായി. ഇതൊക്കെ നടക്കുന്നത് സര്‍വകലാശാലയ്ക്കുള്ളിലാണ്. ഇതെങ്ങനെ ഒരു പ്രക്ഷോഭമായി വളര്‍ത്തിക്കൊണ്ടുവരാനാകും?

ഇത് സര്‍വകലാശാലയ്ക്കകത്ത് ഒതുങ്ങുന്ന കാര്യമല്ല. ഈ സര്‍വകലാശാലകള്‍ തൊടുക്കുന്ന ചോദ്യശരങ്ങള്‍ സര്‍വകലാശാലയുടെ പുറത്തും എത്തിച്ചേരുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍, കര്‍ഷക ആത്മഹത്യകളെക്കുറിച്ച് ഒന്നും സംസാരിക്കാത്ത സമയത്ത് കര്‍ഷകരെ രോഗികളാക്കി ചിത്രീകരിക്കുന്നു, കര്‍ഷകരുടെ മക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നു. ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും സര്‍വകലാശാലയ്ക്ക് സമൂഹത്തിലെത്തുന്നുണ്ട്. രാജ്യത്തെ പൗര
ന്മാരും കര്‍ഷകരുടെ മക്കളും ഒന്നുചേര്‍ന്നു പോകേണ്ടവരാണ്. ഈ സന്ദേശമാണ് സമൂഹം ചര്‍ച്ച ചെയ്യേണ്ടത്. കര്‍ഷകര്‍ പറയുന്നു, ജെഎന്‍യുവില്‍ പഠിക്കുന്നതും എന്റെ മകനാണ്, അതിര്‍ത്തിയില്‍ പൊരുതി മരിക്കുന്ന ജവാനും എന്റ മകനാണ് എന്ന്. തങ്ങളുടെ വിലകുറഞ്ഞ രാഷ്ട്രീയ താല്‍പര്യത്തിനായി സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണ് ഇവിടെ ചിലര്‍ നടത്തുന്നത്. ഉവര്‍ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ മാത്രമല്ല, ലോകത്താകെയുള്ള മനുഷ്യര്‍ ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യുവിനൊപ്പം അണിനിരന്നത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ജെഎന്‍യുവിന് പുറത്തുള്ളവരാണ്.

12743829_10208968823408082_4869766992986859006_n

താങ്കള്‍ എഐഎസ്എഫുകാരനാണ്, കമ്യൂണിസ്റ്റുകാരനാണ്. ജയില്‍ മോചിതനായ ശേഷം നടത്തിയ പ്രസംഗത്തില്‍ ചുവപ്പിനെക്കുറിച്ചും നീലയെക്കുറിച്ചും സംസാരിച്ചിരുന്നു. താങ്കള്‍ അംബേദ്കറുടെ ആശയങ്ങളിലും വിശ്വസിക്കുന്നുണ്ട്. യതാര്‍ത്ഥത്തില്‍ എന്താണ് താങ്കളുടെ പ്രത്യയശാസ്ത്രം, എങ്ങനെയാണ് ഇത്തരത്തിലൊരാളായി വളര്‍ന്നുവന്നത്?

നോക്കൂ, ഇത് അത്ര സങ്കീര്‍ണമായ കാര്യമല്ല. ചിലപ്പോള്‍ നമ്മള്‍ തന്നെയാണ് ഇതിനെ സങ്കീര്‍ണമാക്കുന്നത്. നോക്കൂ, ആരൊക്കെയാണോ ചൂഷണത്തിനെതിരെയുള്ളത്, അവരുടെ കൊടിയുടെ നിറം ചുവപ്പോ പച്ചയോ നീലയോ ഏതുമാമാകട്ടെ, സമൂഹത്തിലെ ചൂഷണമവസാനിപ്പിക്കണം. ഇവര്‍ ഒരു കാര്യം മനസിലാക്കണം, ചൂഷകര്‍ ഒന്നിക്കുന്നതുപോലെ ചൂഷണം ചെയ്യപ്പെടുന്നവരും ഒന്നിക്കണം. ചൂഷകര്‍ക്ക് ഒന്നിക്കാമെങ്കില്‍ എന്തുകൊണ്ട് ചൂഷിതര്‍ക്ക് ഒന്നിച്ചുകൂടാ? ഇവിടെയും ചില തെറ്റിദ്ധാരണകളുണ്ട്, ചില തെറ്റായ പ്രത്യയശാസ്ത്ര ധാരണകള്‍. നമ്മള്‍ കമ്യൂണിസ്റ്റാണെന്ന് പറയുന്നതുതന്നെ, നമ്മുടെ വളര്‍ച്ചയെ തടയുന്നതിന് തുല്യമാണ്. നമ്മള്‍ കമ്യൂണിസ്റ്റാകാനുള്ള പാതയിലാണ്, ഒരു കമ്യൂണിസ്റ്റുകാരനാകാനുള്ള പ്രക്രിയയിലാണ് നമ്മളെല്ലാം. ആ പാതയില്‍ മാര്‍ക്‌സിന്റെ ദര്‍ശനങ്ങള്‍ മാത്രം പോരാ, നമുക്ക് അംബേദ്കറേയും വേണം. അതിന് കനയ്യ മാത്രം പോരാ, രോഹിത്ത് വെമുലയും വേണം. ആര്‍ക്കെതിരെയാണ് യോജിച്ച് പോരാടേണ്ടത്? അധികാരവും ഭരണകൂട മര്‍ദന ഉപാധികളും ഉപയോഗിച്ച്, അടിച്ചമര്‍ത്തപ്പെടുന്നവരെ തമ്മിലടിപ്പിച്ച് വിഭജിച്ച് അവര്‍ക്ക് മുകളില്‍ കയറിയിരുന്ന് ഭരിക്കുന്നതാരോ അവര്‍ക്കെതിരെയാണ് ഒന്നിക്കേണ്ടത്. ഈ ഐക്യമുണ്ടാകുകയെന്നത്, പ്രകൃതി നിയമമാണ്, ഇത് സംഭവിക്കുക തന്നെ ചെയ്യും. ഈ വിശയത്തില്‍ ഐക്യമുണ്ടായില്ലെങ്കില്‍, പ്രശ്‌നം ലഘൂകരിച്ച് നിര്‍ത്തി, അധികാരികള്‍ക്ക് എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനാകും.

KANHAIYA

രോഹിത്ത് വെമുലയുടെ വിഷയം വളരെ വലിയ വിഷയമാണ്. ദളിത് വിഷയമാണ്, ദളിത് വിദ്യാര്‍ത്ഥി വിഷയമാണ് താങ്കളുടെ വിഷയം അതിനെ നിഴലിലാക്കിയെന്ന് കരുതുന്നുണ്ടോ?

ഇതേക്കുറിച്ച് ഞങ്ങളുടെ മനസിലും ഒരു ഭീതിയുണ്ടായിരുന്നു. ഒരു പ്രക്ഷോഭം ആരംഭിച്ചു, അതിന് സമാന്തരമായി മറ്റൊരു പ്രക്ഷോഭവും നടക്കുന്നു. ഒന്ന മറ്റൊന്നിനെ മറികടന്ന് പോകുമോ എന്ന പേടി ഞങ്ങളിലുണ്ടായിരുന്നു. പക്ഷെ, ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നടക്കുന്നു. ഈ പ്രക്ഷോഭം മുന്‍കൂട്ടി ആസൂത്രണം ചെയ്തതൊന്നുമല്ലല്ലോ? പെട്ടന്നുയര്‍ന്നുവന്ന പ്രക്ഷോഭമാണ്. സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നടപടികളും ജനവിരുദ്ധ നയങ്ങളും സര്‍ക്കാരിന്റെ ഭരണകാര്യങ്ങലിലെ പരാജയവും മൂലമാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ പെട്ടന്ന് തുടര്‍ച്ചയായി ജന്മമെടുക്കുന്നത്. ഈ  സമരങ്ങള്‍ ചെറിയ ചെറിയ നദികള്‍ പോലെയാണ്. അവ ഒഴുകി യോജിച്ച് വലിയ നദിയാകുന്നു, ആ വലിയ നദി സമുദ്രത്തില്‍ ഒത്തുചേരുന്നു. ഇങ്ങനെയാണിലവിടെയും സംഭവിക്കുന്നത്. ഒന്നും ഒന്നിനെയും മറയ്ക്കുകയല്ല ചെയ്യുന്നത്, ഒന്നിനോടൊന്ന് ചേര്‍ന്ന് വളരുകയാണ്. നോക്കൂ, ഞാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനാണ്, ഞാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതായത് പൂനെയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഇപ്പോളും തുടരുകയാണ്, ജെഎന്‍യുവിനൊപ്പം തന്നെ. ഇത് പരസ്പരം നിഴലിലാക്കുകയല്ല, പരസ്പരം സഹായിച്ച് മുന്നേറുകയാണ്.

10

ഇനി മുന്നിലെന്താണ്?

ഞങ്ങള്‍ക്ക് വലിയ പദ്ധതികളൊന്നുമില്ല. സര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. വരും ദിവസങ്ങളിലും അവര്‍ ചിലത് ചെയ്യുമല്ലോ? ആദ്യം ഫെലോഷിപ്പ് തടഞ്ഞുവെച്ചു, പിന്നെ ഒക്ക്യുപ്പൈ യുജിസി നടന്നു, പിന്നെ രോഹിത്തിന്റെ മരണത്തെ തുടര്‍ന്ന് രോഹിത്തിന്റെ നീതിക്കായി പോരാട്ടമാരംഭിച്ചു. ഇപ്പോളിതാ ജെഎന്‍യുവിന്റെ പേരില്‍ ശ്രമം നടന്നപ്പോള്‍, ആ സമരം ജെഎന്‍യുവിലേക്കും വ്യാപിച്ചു. നാളെയും ഇതുപോലുളള കാര്യങ്ങളുണ്ടായാല്‍, നാളെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എതിരായി ജനവിരുദ്ധനടപടികള്‍ സ്വീകരിച്ചാല്‍ ഈ മുന്നേറ്റം വിപുലമാകണം. ഈ മുന്നേറ്റം ഒരു വലിയ പോരാട്ടമാണ്. ഈ പോരാട്ടത്തില്‍, അണിനിരക്കുന്നവരെ കുറച്ചുകൂടി വലിയ കാഴ്ചപ്പാടോടെ കാണണം, ആ പോരാട്ടം വിപുലമായ ഓന്നായി കണക്കാക്കണം.

jnu protest

സീതാറാം യെച്ചൂരി, രാഹുല്‍ഗാന്ധി, അരവിന്ദ് കേജ്രിവാള്‍ ഇവരെല്ലാം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയിരുന്നു, ഇപ്പോള്‍ ജെഎന്‍യുവിലും വന്നു. താങ്കളും അവിടെ പോയിരുന്നു, രാഷ്ട്രീയപ്രവര്‍ത്തനത്തിന് പോയിരുന്നു, പ്രചരണത്തിന് പോയിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരികയാണ്. താങ്കള്‍ തീര്‍ച്ചയായും അവിടെ പ്രചരണത്തിന് പോകുമല്ലോ?

തിരഞ്ഞെടുപ്പ് വരുന്നു, പ്രചരണത്തിന് പോകണം, അതൊക്കെ പിന്നീടുള്ള കാര്യങ്ങളല്ലേ? കഴിഞ്ഞ ചില കാര്യങ്ങളെക്കുറിച്ചല്ലേ താങ്കള്‍ പറഞ്ഞത്. അതില്‍ ചില വ്യത്യസങ്ങളുണ്ട്. സമരത്തില്‍ എല്ലാവരും ഒന്നുചേര്‍ന്ന അണിനിരക്കുന്നത് വേറെ കാര്യം. തിരഞ്ഞെടുപ്പില്‍ ഇവരെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നത് നിര്‍ബന്ധമല്ലല്ലോ? സമരത്തില്‍ ഒന്നിച്ചെത്തുന്നത് വളരെ നല്ലതാണ്. സമരത്തിന് ശേഷം തീരുമാനിക്കാം. കേരളത്തില്‍ പേകണോ വേണ്ടയോ എന്ന്. ഞാനിതുവരെ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.

9

താങ്കള്‍ കേരളത്തില്‍ മുന്‍പ് പോയിട്ടുണ്ടോ? കേരളത്തെക്കുറിച്ച് ?

എനിക്കറിയാം. കേരളമെന്നാല്‍ ഈ രാജ്യത്തെ ഇടതുമുന്നേറ്റത്തിന്റെ ഹൃദയഭൂമിയാണ്. എനിക്ക് കേരളത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങളറിയാം. എന്റെ കൂട്ടുകാര്‍ മൊഹ്‌സീന്‍, അപരാജിത അവരെല്ലാം കേരളത്തില്‍ നിന്നാണ്. അവരെല്ലാം വളരെ മികച്ച സംഘടിതരായ അച്ചടക്കമുള്ള എഐഎസ്എഫ് സഖാക്കളാണ്. കേരളത്തില്‍ മഹാനായ ഒരു നേതാവുണ്ടായിരുന്നു, സ. ചന്ദ്രപ്പന്‍. അദ്ദേഹം എഐഎസ്എഫ് നേതാവായിരുന്നു. കേരളത്തെക്കുറിച്ച് ഒരുപാട് നല്ല കഥകള്‍ എന്റെ മനസിലുണ്ട്.

1

കേരളത്തില്‍ പോയി ഇടതുപക്ഷജനാധിപത്യമുന്നണിക്കായി പ്രചരണം നടത്താന്‍ താങ്കള്‍ സന്തോഷത്തോടെ തയ്യാറാകുമോ?

എന്റെ സംഘടന എഐഎസ്എഫ് നിര്‍ദേശിച്ച് എന്റെ വിദ്യാര്‍ത്ഥി കൗണ്‍സില്‍ അനുവദിച്ച് എനിക്ക് അതിനുള്ള അവസരം ലഭിച്ചാല്‍ ഞാന്‍ സന്തോഷത്തോടെ കേരളത്തിലേക്ക് വരും. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമായിരിക്കുമത്.

11

കനയ്യ, എന്താണ് താങ്കളുടെ ആത്യന്തികമായ ലക്ഷ്യം? നരേന്ദ്ര മോദി രണ്ട് വര്ഷം പൂര്‍ത്തിയാക്കി, ഇനി മൂന്ന് വര്‍ഷം കൂടിയുണ്ട്. താങ്കളുടെ ഇനിയുള്ള ലക്ഷ്യമെന്താണ് ?
എന്റെ ലക്ഷ്യം ഇതാണ്, എന്താണോ ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്നത്, അക്കാര്യങ്ങള്‍ സമൂഹത്തില്‍ കാണാനാഗ്രഹിക്കുന്നു. മതനിരപേക്ഷത, തുല്യത, സമത്വം, സോഷ്യലിസം ഇതൊക്കെ സമൂഹത്തില്‍ നമുക്ക് ദര്‍ശിക്കാനാകണം. ഇതൊക്കെ യാതാര്‍ത്ഥ്യത്തില്‍ നടക്കാനാഗ്രഹിക്കുന്നു. ഈ സംവിധാനത്തെ ആ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയണം. ഇതാണെന്റെ ലക്ഷ്യം.

kanhaiya

സമൂഹത്തിനായി ഇത്തരത്തിലുള്ള മുദ്യാവാക്യങ്ങള്‍ മുന്‍പും കേട്ടിട്ടുണ്ട്, ഇന്ദിരാഗാന്ധിയില്‍ നിന്നും ഇപ്പോള്‍ ദാ നരേന്ദ്രമോദിയില്‍ നിന്നും. താങ്കളും രാഷ്ട്രീയത്തിലുണ്ട്. താങ്കള്‍ എന്ത് ചെയ്യാനാഗ്രഹിക്കുന്നു?

ഇവരൊക്കെ പറഞ്ഞത് താങ്കള്‍ ആദ്യം കേട്ടു, അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന താങ്കളത് കണ്ടു. എനിക്കിതാണ് പറയാനുള്ളത്, ഇപ്പോള്‍ എന്നെ കേള്‍ക്കുന്നു, എന്താണ് നടക്കാന്‍ പേകുന്നതെന്ന് കാണാം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജന്മമെടുത്തതാണ് കോണ്‍ഗ്രസ്. പിന്നീട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയ കോണ്‍ഗ്രസ്. നെഹ്രു നയിച്ച ആ കോണ്‍ഗ്രസിനെ പിന്നീട് ഇന്ദിരാ ഗാന്ധി നയിച്ചു. ഇപ്പോളാ കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമാണ് നയിക്കുന്നത്. ഈ കോണ്‍ഗ്രസിലെല്ലാം ഗുണപരമായ ചില വ്യത്യാസങ്ങളുണ്ട്. പിസി ജോഷിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സുധാകര്‍ റെഢി നയിക്കുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി നില്‍ക്കുമ്പോള്‍ രാഷ്ട്രീയമൂല്യങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്. എകെജിയും ബിടിആറും തുടക്കം കുറിച്ച് ഇന്ന് സീതാറാം യെച്ചൂരി നയിക്കുന്ന സിപിഎമ്മിലും ഇതുതന്നെയാണ് സ്ഥിതി. രാഷ്ട്രീയത്തില്‍ എപ്പോളും ഗുണപരമായി പരിശോധിച്ചാല്‍ പല മാറ്റങ്ങളുമുണ്ടാകും. ഗണപരമായ(എണ്ണത്തില്‍) മാറ്റത്തിനൊപ്പം ഗുണകരമായും മാറ്റങ്ങളുണ്ടാകും.

kanayya

സത്യസന്ധമായി പറഞ്ഞാല്‍ ഇന്ന് നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തെ വേര്‍തിരിച്ചുകൊണ്ട് കൃത്യമായ ഒരു രേഖയുണ്ട്. പുരോഗമനപരമായ രാഷ്ട്രീയവും, പിന്തിരിപ്പന്‍ പ്രതിലോമ രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കുന്നതാണ് ഈ രേഖ. ഇത് എനിക്കും എന്നെപ്പോലെയുള്ള ചെറുപ്പക്കാരേയും വിദ്യാര്‍ത്ഥികളേയും സംബന്ധിച്ച് ശുഭസൂചകമാണ്. പ്രതിലോമ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്താന്‍, സമൂഹമുന്നേറ്റത്തിന്, ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാന്‍ യുവത്വത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.

(ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനാണ് കനയ്യകുമാര്‍)

അഭിമുഖത്തിന്റെ വീഡിയോ കാണാം

DONT MISS
Top