കുപ്രചരണങ്ങള്‍ക്ക് അക്കാദമിക് മികവിലൂടെ ജെഎന്‍യുവിന്റെ മറുപടി: രാഷ്ട്രപതിയുടെ സര്‍വകലാശാലാ പുരസ്‌കാരങ്ങള്‍ ജെഎന്‍യുവിന്

jnuS

ദില്ലി: ജെഎന്‍യു രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാണെന്ന് ഭരണാധികാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതിനിടെ, രാഷ്ട്രപതിയുടെ മികച്ച സര്‍വ്വകലാശാലയ്ക്കുള്ള വാര്‍ഡുകളില്‍ ബഹുഭൂരിപക്ഷവും ജെഎന്‍യു സ്വന്തമാക്കി. മികച്ച സര്‍വകലാശാലയ്ക്കുള്ള രാഷ്ട്രപതിയുടെ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണവും സ്വന്തമാക്കിയത് ജെഎന്‍യുവാണ്. നവീനമായ കണ്ടെത്തലിനും മികച്ച ഗവേഷണത്തിനുമുള്ള പുരസ്‌കാരങ്ങളാണ് ജെഎന്‍യു സ്വന്തമാക്കിയത്. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഈ മാസം 14ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാകും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. ആസാമിലെ തേസ്പൂര്‍ സര്‍വകലാശാലയ്ക്കാണ് മികച്ച അക്കാദമിക് സര്‍വകലാശാലയ്ക്കുള്ള പുരസ്‌കാരം.

മോളിക്കുലാര്‍ പാരസൈറ്റോളജി സംഘത്തിനും പ്രൊഫ അലോക് ഭട്ടാചാര്യയ്ക്കും ഗവേഷണത്തിനും, പ്രൊഫ രാകേഷ് ഭട്‌നാഗറിന് നവീന ആശയത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെ മികച്ച സര്‍വകലാശാലയെ കണ്ടെത്താനുള്ള പുരസ്‌കാരം രാഷ്ട്രപതി ഏര്‍പ്പെടുത്തിയത്. ആന്ത്രാക്‌സിനെയും മലേറിയയേയും ചെറുക്കാനുള്ള ചികിത്സയെക്കുറിച്ചുള്ള പഠനത്തിനാണ് അവാര്‍ഡുകളെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജെഎന്‍യുവിന് അവാര്‍ഡുകളൊന്നും ലഭിച്ചിരുന്നില്ല.

jnu-3

ജെഎന്‍യുവിനെ ചെകുത്താന്‍മാരുടെ കൂടാരമായും, അസാന്മാര്‍ഗ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും വിശേഷിപ്പിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അഹൂജയെപ്പേലുള്ള നേതാക്കളുടെ പ്രസ്താവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ജെഎന്‍യുവിനെതിരെ ആരോപണങ്ങളുമായി വിമുക്തഭടന്മാരും രംഗത്തെത്തിയിരുന്നു.വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരെയും ക്രൂരമായാണ് പലരും വിമര്‍ശിച്ചിരുന്നത്. ജെഎന്‍യുവിനായി ചിലവാക്കുന്ന പണം പാഴാവുകയാണെന്ന വാദവും പലരും ഉയര്‍ത്തിയിരുന്നു. ജെഎന്‍യു അടച്ചുപൂട്ടണമെന്ന ആവശ്യവും സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ മികച്ച സ്ഥാപനമായി രാഷ്ട്രപതിയുടെ അവാര്‍ഡ് തന്നെ ജെഎന്‍യുവിനെ തേടിയെത്തുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ക്യാമ്പസില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരത്തിലാണ്. കനയ്യകുമാറിന് ജാമ്യം കിട്ടിയതിനൊപ്പം പുരസ്‌കാര നേട്ടവുമെത്തുന്നത്, സമരരംഗത്തുള്ള ജെഎന്‍യുവിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. .

DONT MISS
Top