മിസ്റ്റര്‍ മോദി.. പൊള്ളവാഗ്ദാനങ്ങളല്ല, ശക്തമായ നടപടികളാണ് ആവശ്യം

1

പ്രതീകാത്മകമായ നടപടികളും പ്രകടനപരതയും തമ്മില്‍ വലിയ അന്തരമുണ്ട്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് പാര്‍ലമെന്റില്‍ വനിതാ അംഗങ്ങള്‍ മാത്രം സംസാരിച്ചാല്‍ മതിയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ ഇതില്‍ രണ്ടാമത്തെ ഗണത്തിലേ പരിഗണിക്കാനാകൂ. ഇത് തരംതാണ പ്രകടന പരത തന്നെയാണ്.

മിസ്റ്റര്‍ മോദി, ഗൗരവകരമായാണോ താങ്കളുടെ ഈ നടപടികള്‍? പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യത്തില്‍ 141 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണ്. അന്താരാഷ്ട്ര തലത്തില്‍ 22.4 ശതമാനമാണ് നിയമ നിര്‍മാണ സഭയിലെ വനിതാ പ്രാതിനിധ്യമെങ്കില്‍ നമ്മുടെ ലോകസഭയില്‍ ഇത് വെറും 12 ശതമാനം മാത്രമാണ്. വനിതാ സംവരണ ബില്‍ കഴിഞ്ഞ ആറ് വര്‍ഷമായി കാത്തുകെട്ടി കിടക്കുകയാണെന്ന് ഞാന്‍ താങ്കളെ ഓര്‍മിപ്പിക്കുകയാണ്. ആ ബില്‍ പാസാക്കുന്നതിനു പകരം പക്വമല്ലാത്ത ഒരു നിര്‍ദ്ദേശത്തിലൂടെ ആ മുറിവിനെ താങ്കള്‍ കൂടുതല്‍ അപമാനിക്കുകയാണ്.

10

ആറ് വര്‍ഷം മുമ്പ് നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് രാജ്യസഭ ആ ബില്‍ പാസാക്കിയത്. മാര്‍ച്ച് 8 ന് തന്നെ ബില്‍ പാസാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 2010 മാര്‍ച്ച് 9 ന് മാത്രമാണ് ആ ബില്‍ പാസാക്കാന്‍ കഴിഞ്ഞത്. അന്ന് യുപിഎ തന്നെ ഈ വിഷയത്തില്‍ വിഭജിക്കപ്പെട്ടു. എതിര്‍പ്പിനെ മറികടക്കാന്‍ ഇടത് പാര്‍ട്ടികളുടെ ശക്തമായ പിന്തുണയോടെ വനിതകളുടെ നേതൃത്വത്തില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. പിന്മാറാന്‍ ഉദ്ദേശിക്കാത്ത പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ അന്നത്തെ രാജ്യസഭാ അധ്യക്ഷന്‍ ഡോ. ഹമീദ് അന്‍സാരി തയ്യാറായില്ല.

1a

ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞും മേശയ്ക്ക് മുകളില്‍ കയറി നിന്നും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലാണ് അന്ന് സഭാ നടപടികള്‍ മാറിയത്.സഭാ അധ്യക്ഷന്‍ രാജ്യസഭയില്‍ നിന്ന് ആ അംഗങ്ങളെ നീക്കം ചെയ്യാന്‍ മാര്‍ഷലിനോട് ഉത്തരവിട്ടു. ഞങ്ങളുടെ സഹപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ആ അവസ്ഥയില്‍ അതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. സഭ ശാന്തമായതിനു ശേഷം ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ പാസാക്കി. രാജ്യത്തെമ്പാടുമുള്ള വനിതകള്‍ക്ക് സന്തോഷം പകര്‍ന്ന ചരിത്ര ദിനമായിരുന്നു അത്.

6

അക്കാലത്ത് ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് ലോകസഭയില്‍ അംഗസംഖ്യ കൂടുതലായിരുന്നു. യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അവരുടെ പിന്തുണയിലായിരുന്നു. അന്ന് പ്രതിപക്ഷ കക്ഷിയായ ബിജെപി, സഭ സമാധാനപരമായി നടക്കുന്നുവെന്ന് സര്‍ക്കാരിന് ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ചര്‍ച്ച അനുവദിക്കൂ എന്ന നിലപാടാണ് സ്വീകരിച്ചത്. അത്തരത്തിലുള്ള സാഹചര്യമില്ല എന്നത് വളരെ വ്യക്തമായിരുന്നു. അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞതും. അതുകൊണ്ട് തന്നെ ഫലത്തില്‍ ലോകസഭയില്‍ ആ ബില്‍ കുഴിച്ചുമൂടപ്പെട്ടു.

3

എന്നിരുന്നാലും പാര്‍ലമെന്റ് നിയമം അനുസരിച്ച് അതേ രാജ്യസഭ നിലനില്‍ക്കുന്നുണ്ടെങ്കില്‍ രാജ്യസഭ പാസാക്കിയ നിയമം നില്‍നില്‍ക്കുന്നുവെന്ന് കരുതാനാകും. ലോകസഭയ്ക്ക് ഏത് സമയവും ആ നിയമം പരിഗണിക്കുകയും ചെയ്യാം. ലോകസഭയില്‍ മികച്ച ഭൂരിപക്ഷം ഉണ്ടെന്നതിനാലും ബില്ലിനെ എതിര്‍ക്കുന്ന കക്ഷികളുടെ അംഗ സംഖ്യ വളരെ കുറവാണെന്നതിനാലും മോദി സര്‍ക്കാരിന് ഇത്തരത്തിലുള്ള ഒരു തടസ്സങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ല. രാജ്യസഭയില്‍ ബില്‍ പാസാക്കിയതിന്റെ അവകാശ വാദം മുഴക്കുന്ന കോണ്‍ഗ്രസിന് ബില്ലിനെ ഇനി എതിര്‍ക്കാനാവില്ല. ഇട്തുപക്ഷവും തീര്‍ച്ചയായും ഈ വിഷയത്തില്‍ നിര്‍ലോഭമായ പിന്തുണ നല്‍കും. ഭരണഘടന ഭേദഗതിക്കാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇങ്ങനെ എളുപ്പത്തില്‍ സര്‍ക്കാരിന് നേടാനാകുന്നതുമാണ്.

8

എന്നിട്ടും എന്തുകൊണ്ടാണ് ഭരണകക്ഷിയുടെ പാര്‍ലമെന്റിലെ ഒരു അജണ്ടയായി ഈ ബില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും പരാമര്‍ശിക്കപ്പെടാതെ പോയത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സുഷമ സ്വരാജും നജ്മ ഹെപ്ത്തുള്ളയും മറ്റ് ബിജെപി വനിതാ നേതാക്കളും ഈ ബില്ലിനു വേണ്ട് ശക്തമായി വാദിച്ചവരാണ്. അവര്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ നിശബ്ദരായിരിക്കുന്നത്? മാര്‍ച്ച് 8ന് ഒരാഴ്ച മാത്രം മുമ്പ് സര്‍ക്കാരിന് സ്ത്രീകളോടുള്ള പ്രതിബദ്ധത തെളിയിക്കാനുള്ള മറ്റൊരവസരവും ഉണ്ടായിരുന്നു. അത് രാജ്യത്തിന്റെ പൊതുബജറ്റായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് നീണ്ട വനിതാ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ വനിതകള്‍ക്കുവേണ്ടി ചെലവാക്കാനായി നിശ്ചിത തുക നീക്കി വെക്കാറുണ്ട്. ഇത് രണ്ട് തരത്തിലാണ്. പ്രത്യക്ഷത്തില്‍ വനിതകള്‍ക്ക് ഗുണം ലഭിക്കുന്നതും വനിതകള്‍ക്ക് മെച്ചമാകുന്ന പൊതുപദ്ധതികളും.

11

ഇവിടെയും പ്രകടനപരതയാണ് ധാരാളമായി കാണാനാകുന്നത്. പുതിയ പദ്ധതികള്‍ വളരെ ചെറിയ ധനവിഹിതത്തോടെയാണ് പ്രഖ്യാപിച്ചത്, ഒരു മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തുമ്പോള്‍ മറ്റൊരു മേഖലയില്‍ കുറവ് വരുന്നു. ലിംഗപരമായി ഇപ്രാവശ്യവും ബജറ്റിന്റെ മൊത്തം ചെലവില്‍ സ്ത്രീകള്‍ക്കായി നീക്കിവെച്ചത് കഴിഞ്ഞ വര്‍ഷത്തെ 4.5 ശതമാനമാണ്.വളരെയധികം പ്രചരിപ്പിക്കട്ട ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ പദ്ധതിക്ക് ഇപ്രാവശ്യം വെറും മൂന്ന് കോടി രൂപയാണ് അധികമായി വകയിരിത്തിരിക്കുന്നത്. പദ്ധതിക്കുവേണ്ടി ആകെ നീക്കിവെച്ചിരിക്കുന്നത് 100 കോടി രൂപ മാത്രമാണ്. മറ്റ് പദ്ധതികളായ ഉഠാന്‍, സ്വാമി വിവേകാനന്ദ സ്‌കോളര്‍ഷിപ്പ് പദ്ദതി, പ്രഗതി എന്നിവയ്ക്കും തുക നീക്കി വെച്ചിട്ടില്ല.

12

സെന്റര്‍ ഫോര്‍ ബജറ്റ് ആന്‍ഡ് ഗവണ്‍മെന്റ്‌സ് അക്കൗണ്ടബിലിറ്റി നടപ്പിലാക്കിയ സെക്കണ്ടറി വിദ്യാഭ്യസ മേളയിലെ പെണ്‍കുട്ടികള്‍ക്കുള്ള ‘വിജയം പദ്ധതി’ ക്ക് വെറും 45 കോടി മാത്രമാണ് വകയിരുത്തിരിക്കുന്നത്. ഇതിനേക്കാള്‍ മോശമാണ് നിര്‍ഭയ ഫണ്ടിന്റെ കാര്യം. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനുള്ള പശ്ചാത്തല സൗകര്യമൊരുക്കാനും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായവരെ പുനരധിവസിപ്പിക്കാന്‍ സഹായം നല്‍കാനുമായി ഒരു രൂപ പോലും നീക്കി വെച്ചിട്ടില്ല.

13

ബജറ്റ് രേഖകളില്‍ ബലാത്സംഗത്തിനിരയായവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് ഒരു വാക്ക് പരാമര്‍ശിക്കുന്നത് പോലുമില്ല എന്നതാണ് സത്യം. രാജ്യത്തെമ്പാടും ബ്ലോക്ക് തലത്തില്‍ ഇരകളായ വനിതകളെ സഹായിക്കാനായുള്ള സഹായ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി പോലും അപ്രത്യക്ഷമായി കഴിഞ്ഞു. സ്ത്രീ സുരക്ഷ പദ്ധതിയില്‍പ്പെടുത്തി റോഡ് ഗതാഗത മന്ത്രാലയത്തിന് അനുവദിച്ച 600 കോടിയില്‍ പരം രൂപയുടെ പൊടിപോലും ഇല്ലാത്ത അവസ്ഥയിലാണ്. ഗാര്‍ഹിക അതിക്രമ നിയമം നടപ്പിലാക്കാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ഫണ്ടും ബജറ്റില്‍ മാറ്റിവെച്ചിട്ടില്ല.

15

ഗാര്‍ഹിക അതിക്രമങ്ങളിലും സാമൂഹിക തലത്തിലും പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം സ്വതന്ത്ര ഇന്ത്യയില്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണത്തേക്കാള്‍ അധികമാണ്. വനിതകളെ മരണത്തില്‍ നിന്ന് ജീവിത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്താന്‍ യോഗ്യമായ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ നടപ്പിലാക്കാന്‍ പക്ഷേ സര്‍ക്കാര്‍ ഇപ്പോഴും വിസമ്മതിക്കുകയാണ്.

2

മാര്‍ച്ച് 8ന് ഞങ്ങള്‍ വനിതകള്‍ക്ക് സര്‍ക്കാരിനോടും പ്രധാനമന്ത്രിയും പറയാനുള്ളത് ഇത്രമാത്രമാണ്. ഇനി ഞങ്ങള്‍ക്ക് പ്രകടനപരതയും പൊള്ളയായ വാഗ്ദാനങ്ങളുമല്ല വേണ്ടത്. വ്യക്തമായ ലക്ഷ്യങ്ങളിലേക്കുള്ള ശക്തമായ നടപടികളാണ്. ആ പഥത്തില്‍ വനിതാ സംവരണ ബില്ലാകണം ഒന്നാമത്തേത്. അതോടൊപ്പം പൂര്‍ണമായും മങ്ങിയതും വികലവുമായ നിങ്ങളുടെ സ്ത്രീകാഴ്ചപ്പാടുകളും മാറ്റുന്നത് വളരെ നല്ലതാണ്.

(ബൃന്ദാ കാരാട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ രാജ്യസഭാംഗവുമാണ്. വനിതാദിനത്തോടനുബന്ധിച്ച് എന്‍ഡിടിവിയില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)

DONT MISS
Top