‘സ്ത്രീകള്‍ക്ക് സീറ്റ് നല്‍കാത്തത് നീതി നിഷേധം’; നേതൃത്വത്തിനെതിരെ വനിതാ ലീഗ്

vanitha-league1

മലപ്പുറം: നിയമസഭയില്‍സീറ്റ് നിഷേധിച്ചതിനെതിരെ നേതൃത്വത്തോട് ചോദ്യശരമെറിഞ്ഞ് വനിതാ ലീഗ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ്. വനിതകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിയമസഭയില്‍ ഒരു വനിതാ പ്രതിനധി വേണ്ടെയെന്ന് നൂര്‍ബിന ചോദിച്ചു.

സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാതിരിക്കുന്നത് സാമൂഹിക നീതി നിഷേധമാണെന്നും ഇത് നേതൃത്വത്തിന് തിരുത്തേണ്ടി വരുമെന്നും നൂര്‍ബിന റിപ്പോര്‍ട്ടറോട് പറഞ്ഞു.
1996ലായിരുന്നു വനിതാ ലീഗിന് ആദ്യമായി സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത്. കോഴിക്കോട് സൗത്തില്‍ മത്സരിച്ച അഡ്വ. ഖമറുന്നീസ അന്‍വര്‍ തോറ്റു. പിന്നീട് സീറ്റ് വേണമെന്ന ആവശ്യത്തോടെല്ലാം നേതൃത്വം മുഖം തിരിച്ചു. ഇത്തവണയും അതാവര്‍ത്തിച്ചു.
വനിതാ ലീഗിനെ വോട്ടുബാങ്കായി മാത്രമാണ് നേതൃത്വം കാണുന്നതെന്നാണ് സംഘടനയ്ക്കുള്ളിലെ വിമര്‍ശനം. നേതൃത്വത്തിന് നിലപാട് തിരുത്തേണ്ടി വരുമെന്ന് നൂര്‍ബിന മുന്നറിയിപ്പ് നല്‍കി.
സംവരണം ഉണ്ടെങ്കില്‍ മാത്രമേ സീറ്റുള്ളൂവെന്ന നിലപാട് ശരിയല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനറല്‍സീറ്റുകളില്‍ സ്ത്രീകള്‍ വിജയിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ടെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. സീറ്റ് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിട്ടും അവഗണിക്കപ്പെട്ടതില്‍ കടുത്ത പ്രതിഷേധത്തിലാണ് വനിതാ ലീഗ്.

DONT MISS
Top