കലാഭവന്‍ മണി; അനുകരണം, ആലാപനം, അഭിനയം

MANI11മിമിക്രി രംഗത്തു നിന്നും സിനിമരംഗത്തെത്തിയ കലാഭവന്‍ മണിയെന്ന മലയാളികളുടെ മണി തെന്നിന്ത്യന്‍ സിനിമ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. കലാഭവനിലെ മിമിക്രി രംഗത്തിലൂടെ ചുവടുറപ്പിച്ച് പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്ത മണി കലാഭവനിലെ മറ്റു പ്രമുഖ താരങ്ങളോടൊപ്പം മിമിക്രിയില്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

മിമിക്രി രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം നാടന്‍പാട്ടുകളിലൂടെ കേരളത്തെ കീഴടക്കാനും മണിക്ക് സാധിച്ചു. മലയാളികള്‍ മറന്നു പോയ അല്ലെങ്കില്‍ സുപരിചിതമല്ലാത്ത നാടന്‍ താളങ്ങളിലൂടെ മണി കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ ജനകീയനായി. മണി ചൊല്ലിക്കൊടുത്ത നാടന്‍താളങ്ങള്‍ പ്രായഭേദമന്യേ മുതിര്‍ന്നവരും കുട്ടികളും ഏറ്റുചൊല്ലി. മലയാളികളുടെ ചുണ്ടില്‍ ഇന്നും തങ്ങിനില്‍ക്കുന്ന നിരവധിപാട്ടുകള്‍ മണിയുടേതായി നാടന്‍പാട്ട് കാസറ്റുകളിലായി പുറത്തുവന്നു

1995ല്‍ പുറത്തിറങ്ങിയ അക്ഷരമാണ് മണിയുടെ ആദ്യ മലയാള ചിത്രം. 1996ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പനിലൂടെയാണ് മണിയെ മലയാളി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.

കല്ല്യാണസൗഗന്ധികത്തിലെ ബാലഗോപാലനും ദില്ലിവാല രാജകുമാരനിലെ നായകന്റെ സുഹൃത്തായ മണിയും ദി കാറിലെ എസ്‌ഐ ചെറിയാനുമെല്ലാം മലയാളിക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവം പകരുന്ന താരമാക്കി മണിയെ മാറ്റി.

കാറ്റത്തൊരു പെണ്‍പൂവ് എന്ന സിനിമയിലാണ് മണി ആദ്യമായി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൈ ഡിയര്‍ കരടിയിലെ മണികണ്ഠനിലൂടെ മണി ആദ്യമായി നായകവേഷവുമണിഞ്ഞു.

1999ല്‍ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമു എന്ന കഥാപാത്രമാണ് മണിയിലെ അതുല്യ നടനെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. അന്ധഗായകനായെത്തിയ മണിയുടെ പ്രകടനം ദേശീയ ശ്രദ്ധതന്നെ പിടിച്ചുപറ്റി. ആ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ മണിയെത്തേടിയെത്തുമെന്ന് ഏവരും ഉറപ്പിച്ചിരുന്നുവെങ്കിലും പ്രത്യേക ജൂറി പരാമര്‍ശത്തില്‍ ഒതുങ്ങി.സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം കേട്ട് മണി ബോധരഹിതനായത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിലെ അപാകതകളെ പറ്റി ഏറ്റവും വലിയ ചര്‍ച്ചകള്‍ നടന്നത് ആ സാഹചര്യത്തിലായിരുന്നു.

മില്ലേനിയം സ്റ്റാര്‍സ്, നരസിംഹം, രാക്ഷസരാജാവ്,കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ദാദ സാഹിബ് എന്നീ ചിത്രങ്ങളിലലെ വേഷങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. വല്ല്യേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ കാട്ടിപ്പള്ളി പപ്പന്‍ എന്ന കഥാപാത്രം മലയാള സിനിമചരിത്ത്രതിലെ തന്നെ സുപ്രധാനമായ നിമിഷങ്ങളാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

കരുമാടിക്കുട്ടന്‍, അച്ഛനെയാണെനിക്കിഷ്ടം, കണ്മഷി, ബാംബു ബോയ്‌സ് തുടങ്ങിയ സിനിമകളിലും സുപ്രധാനമായ വേഷങ്ങള്‍ മണി കൈകാര്യ ചെയ്തു. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഒരാള്‍ മാത്രം അഭിനയിക്കുന്നുവെന്ന അപൂര്‍വ്വത ദി ഗാര്‍ഡ് എന്ന സിനിമയിലൂടെ മണി സ്വന്തമാക്കി. മലയാളി മാമന് വണക്കത്തിലെ തിരുപ്പതി പെരുമാളിലൂടെ മികച്ച വില്ലനായും തനിക്ക് മാറാന്‍ കഴിയുമെന്ന് മണി വീണ്ടു തെളിയിച്ചു. പട്ടാളം, ബാലേട്ടന്‍,നാട്ടുരാജാവ്, വെട്ടം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലും സുപ്രധാന വേഷം കൈകാര്യം ചെയ്യാന്‍ മണിക്കു കഴിഞ്ഞു. സേതുരാമയ്യര്‍ സിബിഐയിലെ ഈശോ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.2005ല്‍ പുറത്തിറങ്ങിയ ബെന്‍ ജോണ്‍സണിലൂടെ മലയാളത്തിന് പുതിയ ഒരു ആക്ഷന്‍ ഹീറോ ആയി മണി അവരോധിക്കപ്പെട്ടു.

ലോകനാഥന്‍ ഐഎഎസ,് രാവണന്‍, പായുംപുലി, കബഡി കബഡി തുടങ്ങി നിരവധി സിനിമകളിലും ആക്ഷന്‍ നായകനായി മണി വേഷമിട്ടു. ചിന്താമണി കൊലക്കേസിലെ അയ്യപ്പന്‍, അനന്തഭദ്രത്തിലെ ചെമ്പന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ്. ഇതിനിടയില്‍ തമിഴ് തെലുങ്ക് സിനിമകളിലേക്കും മണി ചുവടുവെച്ചു. ജെമിനിയുടെ തമിഴ് തെലുങ്ക് പതിപ്പുകളിലെ മികച്ച പ്രകടനം മണിയെ തമിഴിലും ശ്രദ്ധേയമാക്കി.

പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ മണി പാപനാശത്തിലെ കോണ്‍സ്റ്റബിള്‍ പെരുമാള്‍ വരെയുള്ള വേഷങ്ങള്‍ മികവേറിയാതാക്കി മാറ്റി.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ സബ് ഇന്‍സ്‌പെക്ടര്‍ പുരുഷോത്തമന്‍, ആലിഫിലെ ചന്ദ്രന്‍, ആദാമിന്റെ മകന്‍ അബുവിലെ ജോണ്‍സണ്‍, ശിക്കാറിലെ മണി എന്നിവയും അവസാന നാളുകളില്‍ മണി മലയാളത്തിനു സമ്മാനിച്ച മികച്ച കഥാപാത്രങ്ങളാണ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേന്‍ എന്ന സിനിമയിലെ ലൂയി പാപ്പന്‍ സമീപകാല മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ്.

ആക്ഷന്‍ വേഷങ്ങളില്‍ തിളങ്ങിയ മണിയുടെ അതുല്യ പ്രകടനങ്ങളില്‍ ഒന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയിലെ അയ്യപ്പന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി കണ്ടത്.
ബെന്‍ജോണ്‍സണിലൂടെയും ലോകനാഥന്‍ ഐഎഎസ്സിലൂടെയും സാധാരണക്കാരന് അധികാരത്തിലുള്ളവരോട് പറയാനുള്ളതെന്തെന്ന് വ്യക്തമാക്കാന്‍ മണിക്കു കഴിഞ്ഞു. സവര്‍ണ സിനിമാലോകത്ത് കലാഭവന്‍ മണിയെ വേണ്ടത്ര ഉപയോഗിക്കാത്തതില്‍ മലയാള ചലച്ചിത്രലോകം നാളെ പശ്ചാത്തപിക്കും. തീര്‍ച്ച

DONT MISS
Top